ഡൽഹി: ഇ. ശ്രീധരൻ മുന്നോട്ടുവച്ച തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുടെ നിലവിലെ രൂപരേഖ സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി തള്ളിയതായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് രാജ്യസഭയിൽ അറിയിച്ചു. ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് മറുപടി നൽകുന്നതിനിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ വിശദീകരണം.
നിലവിലെ മാതൃകയിൽ പദ്ധതി നടപ്പാക്കാനാകില്ലെന്നാണ് വിദഗ്ധ സമിതിയുടെ കണ്ടെത്തലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ റെയിൽവേ വികസനത്തിനായി മുൻകൂട്ടി നിശ്ചയിച്ച മറ്റ് പദ്ധതികളുമായി കേന്ദ്രം മുന്നോട്ടുപോകുകയാണെന്നും, സിൽവർ ലൈൻ പദ്ധതി സംസ്ഥാന സർക്കാർ ഉപേക്ഷിച്ചതായും അദ്ദേഹം വ്യക്തമാക്കി.
ഇ. ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും നിലവിലെ രൂപത്തിൽ പദ്ധതി പ്രായോഗികമല്ലെന്നുമാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നേരത്തേ വ്യക്തമാക്കിയിരുന്നു. പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെയുള്ള നടപടികൾ വീണ്ടും നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു.
ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ (DMRC) സമർപ്പിച്ച ഇടക്കാല റിപ്പോർട്ട് പരിശോധിക്കാനായി നിയോഗിച്ച വിദഗ്ധ സമിതിയാണ് ഈ വിലയിരുത്തൽ നടത്തിയത്. റിപ്പോർട്ട് പൂർണമല്ലെന്നും കേരളത്തിന്റെ സാമ്പത്തിക ശേഷി, യാത്രക്കാരുടെ കണക്കെടുപ്പ്, പരിസ്ഥിതി-സാമൂഹിക ആഘാത പഠനം എന്നിവയുടെ അഭാവത്തിൽ നിലവിലെ രൂപത്തിൽ പദ്ധതി ഏറ്റെടുക്കാനാകില്ലെന്നുമാണ് സമിതിയുടെ കണ്ടെത്തൽ. എന്നാൽ തുടർനടപടികൾ സംബന്ധിച്ച ശുപാർശകളും സമിതി നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ഇ. ശ്രീധരൻ പദ്ധതി മുഖ്യമന്ത്രി വി.ഡി. സതീശന് സമർപ്പിച്ചതിന് പിന്നാലെ ഗതാഗത സെക്രട്ടറി ടി.വി. അനുപമയുടെ നേതൃത്വത്തിൽ നാലംഗ ഉപസമിതിയെ സർക്കാർ നിയോഗിച്ചിരുന്നു. ദക്ഷിണ റെയിൽവേ പ്രിൻസിപ്പൽ ചീഫ് കൊമേഴ്‌സ്യൽ മാനേജർ ജെ. വിനയൻ, സാമ്പത്തിക വിദഗ്ധൻ ഡോ. ടി. വീരമണി, പരിസ്ഥിതി പ്രവർത്തകൻ ശ്രീധർ രാധാകൃഷ്ണൻ എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങൾ.
അഞ്ച് തവണ യോഗം ചേർന്ന ഉപസമിതി, ഇ. ശ്രീധരൻ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിൽ വിവിധ സംശയങ്ങൾ ഉയർത്തിയിരുന്നു. പദ്ധതിച്ചെലവിന്റെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വ്യക്തത തേടിയതിനെ തുടർന്ന് ഇ. ശ്രീധരന്റെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ സമിതിക്ക് വിശദീകരണം നൽകിയിരുന്നു. ഇതിന് ശേഷമാണ് പദ്ധതി നിലവിലെ രൂപത്തിൽ അംഗീകരിക്കാനാകില്ലെന്ന നിലപാടിലേക്ക് വിദഗ്ധ സമിതി എത്തിയത്.
ജനുവരി 24-ന് വാർത്താസമ്മേളനത്തിലൂടെയാണ് ഇ. ശ്രീധരൻ തിരുവനന്തപുരം–കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുടെ രൂപരേഖ അവതരിപ്പിച്ചത്. ആദ്യഘട്ടത്തിൽ 14 സ്റ്റേഷനുകളും പിന്നീട് 22 സ്റ്റേഷനുകളുമെന്നായിരുന്നു നിർദേശം. തിരുവനന്തപുരം എയർപോർട്ട്, വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, ആലുവ, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവ ഉൾപ്പെടുന്ന സ്റ്റേഷനുകളാണ് നിർദേശിച്ചിരുന്നത്. കാസർകോട് ഭാഗത്ത് യാത്രക്കാരുടെ എണ്ണം കുറവായിരിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ആ ജില്ലയെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്താതിരുന്നതെന്നും ഇ. ശ്രീധരൻ വ്യക്തമാക്കിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
