ചെന്നൈ: സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിക്കുന്ന എല്ലാ കുഞ്ഞുങ്ങള്‍ക്കും ഒരു ഗ്രാം സ്വര്‍ണ മോതിരം നല്‍കുന്ന പുതിയ ക്ഷേമപദ്ധതി തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. ഭരണകക്ഷിയായ ടിവികെയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായിരുന്ന ‘തായ് മാമന്‍ തങ്ക മോതിരം’ പദ്ധതിയാണ് മുഖ്യമന്ത്രി സി. ജോസഫ് വിജയ് പ്രഖ്യാപിച്ചത്. പദ്ധതിക്കായി പ്രതിവര്‍ഷം 755.83 കോടി രൂപ വകയിരുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
മുന്‍ മുഖ്യമന്ത്രി സി.എന്‍. അണ്ണാദുരൈയുടെ ജന്മവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 15ന് പദ്ധതി ഔദ്യോഗികമായി ആരംഭിക്കും. എന്നാല്‍ 2026 ജൂണ്‍ 22 മുതല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ജനിച്ച എല്ലാ കുഞ്ഞുങ്ങള്‍ക്കും പദ്ധതി മുന്‍കാല പ്രാബല്യത്തോടെ ലഭ്യമാക്കും. ജൂണ്‍ 22 മുഖ്യമന്ത്രി വിജയ്‌യുടെ ജന്മദിനം കൂടിയാണ്. തമിഴ്‌നാട്ടിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓരോ വര്‍ഷവും ഏകദേശം നാല് ലക്ഷം കുഞ്ഞുങ്ങള്‍ ജനിക്കുന്നതായാണ് കണക്ക്.
പുതുതായി ജനിക്കുന്ന കുഞ്ഞിന് മാതൃസഹോദരന്‍ സമ്മാനവും അനുഗ്രഹവും നല്‍കുന്ന പാരമ്പര്യത്തിന്റെ പ്രതീകാത്മക രൂപമായാണ് ഈ പദ്ധതിയെ സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. കുഞ്ഞിനോടും കുടുംബത്തോടുമുള്ള കരുതലിന്റെ അടയാളമായാണ് സ്വര്‍ണ മോതിരം നല്‍കുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുന്നു. ഗര്‍ഭിണികളും നവജാത ശിശുക്കളും സംബന്ധിച്ച മോണിറ്ററിംഗ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതും, റീപ്രൊഡക്ടിവ് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് ഐഡി ഉള്ളതുമായ അമ്മമാര്‍ക്കാണ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കുക.
അപേക്ഷയ്ക്കായി റേഷന്‍ കാര്‍ഡ്, വോട്ടര്‍ ഐഡി, ആധാര്‍ കാര്‍ഡ്, ക്ഷേമബോര്‍ഡ് ഐഡി, തപാല്‍വകുപ്പിന്റെ വിലാസരേഖ, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റ് എന്നിവ സമര്‍പ്പിക്കണം. ആണ്‍കുഞ്ഞോ പെണ്‍കുഞ്ഞോ എന്ന വ്യത്യാസമില്ലാതെ എല്ലാ കുഞ്ഞുങ്ങള്‍ക്കും മോതിരം ലഭിക്കും. ഒന്നിലധികം പ്രസവങ്ങളുള്ള അമ്മമാര്‍ക്കും നിയന്ത്രണങ്ങളില്ലാതെ പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വര്‍ഷംതോറും നടക്കുന്ന 4.42 ലക്ഷം പ്രസവങ്ങളില്‍ 54 ശതമാനം മെഡിക്കല്‍ കോളജ് ആശുപത്രികളിലും, 37 ശതമാനം ജില്ലാ-ഉപജില്ല ആശുപത്രികളിലും, ശേഷിക്കുന്ന 9 ശതമാനം പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലുമാണ് നടക്കുന്നത്. ഇത്രയും വലിയ പദ്ധതിയുടെ നടത്തിപ്പിനും മേല്‍നോട്ടത്തിനുമായി പ്രത്യേക സംസ്ഥാന പ്രോജക്ട്/പ്രോഗ്രാം മാനേജ്‌മെന്റ് യൂണിറ്റ് രൂപീകരിക്കും. ഓരോ ജില്ലയിലും പ്രത്യേക ലോജിസ്റ്റിക്‌സ് മാനേജര്‍മാരെ നിയമിച്ച് പ്രതിമാസ സ്റ്റോക്ക് പരിശോധന നിര്‍ബന്ധമാക്കും. സംസ്ഥാനതലത്തില്‍ പ്രത്യേക നോഡല്‍ ഓഫീസറും മേല്‍നോട്ടം വഹിക്കും.
തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഴിയായിരിക്കും സ്വര്‍ണ മോതിരങ്ങള്‍ വാങ്ങുക. പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷയോടെയും കൃത്രിമം കണ്ടെത്താനുള്ള പ്രത്യേക സുരക്ഷാ സംവിധാനങ്ങളോടെയും പാക്ക് ചെയ്തായിരിക്കും വിതരണം. മെഡിക്കല്‍ കോളജ് ആശുപത്രികളിലെ ഡീന്‍മാരും ജില്ലാ ആശുപത്രികളിലെ മെഡിക്കല്‍ സൂപ്രണ്ടുമാരും മോതിരങ്ങളുടെ സുരക്ഷാ ചുമതല വഹിക്കും. 24 മണിക്കൂറും നിരീക്ഷണമുള്ള പ്രത്യേക ലോക്കറുകളിലായിരിക്കും ഇവ സൂക്ഷിക്കുക.
പൊതുജനാരോഗ്യ സംവിധാനത്തെ വെറും ചികിത്സാ കേന്ദ്രമെന്ന നിലയില്‍ നിന്ന് അഭിമാനത്തിന്റെയും ആഘോഷത്തിന്റെയും ഇടമാക്കി മാറ്റുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
