ജോ ബൈഡന്റെ കാന്‍സര്‍ പോരാട്ടവും പ്രോസ്റ്റേറ്റ് കാന്‍സറും: ലക്ഷണങ്ങളും പ്രതിരോധ ചികിത്സയും

AUGUST 9, 2026, 2:25 AM

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ കാന്‍സര്‍ പോരാട്ടത്തെക്കുറിച്ച് മകന്‍ ഹണ്ടര്‍ ബൈഡന്‍ ബി.ബി.സിക്ക് നല്‍കിയ അഭിമുഖത്തില്‍ തുറന്നുപറഞ്ഞ വാര്‍ത്തകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. കാന്‍സര്‍ ഇതിനകം ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും അസ്ഥികളിലേക്കും പടര്‍ന്നതായും അച്ഛന്‍ നിലവില്‍ ഏറെ ദുര്‍ബലാവസ്ഥയിലാണെന്നും ഹണ്ടര്‍ വ്യക്തമാക്കുകയുണ്ടായി.

2025 മെയിലാണ് തനിക്ക് പ്രോസ്റ്റേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ച വിവരം ജോ ബൈഡന്‍ പരസ്യമാക്കിയത്. മൂത്രാശയ സംബന്ധമായ അസ്വസ്ഥതകളെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗനിര്‍ണയം നടത്തിയത്. പ്രായമായ പുരുഷന്മാരില്‍ കണ്ടുവരുന്ന ഏറ്റവും പ്രധാനപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളിലൊന്നായ പ്രോസ്റ്റേറ്റ് കാന്‍സറിനെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ സംഭവം വിരല്‍ചൂണ്ടുന്നത്.

പുരുഷന്റെ പ്രത്യുത്പാദന വ്യൂഹത്തിലെ പ്രധാന അവയവമാണ് മൂത്രസഞ്ചിയുടെ താഴെയും മലാശയത്തിനു മുന്നിലുമായി സ്ഥിതിചെയ്യുന്ന പ്രോസ്റ്റേറ്റ് ഗ്രന്ഥി. സെമിനല്‍ ദ്രാവകം ഉത്പാദിപ്പിക്കുകയും പുരുഷ ബീജത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന് സഹായിക്കുകയുമാണ് ഇതിന്റെ പ്രധാന ധര്‍മം. മൂത്രനാളി ഈ ഗ്രന്ഥിയുടെ മധ്യഭാഗത്തുകൂടിയാണ് കടന്നുപോകുന്നത്. പുരുഷന്മാരില്‍ കാന്‍സര്‍ വരാന്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ള അവയവങ്ങളില ഒന്നാണിത്. വികസിത രാജ്യങ്ങളിലും ഇന്ത്യയിലും പ്രായമായ പുരുഷന്മാരില്‍ സാധാരണയായി കാണുന്ന പ്രോസ്റ്റേറ്റ് കാന്‍സര്‍, ഭൂരിഭാഗവും 65 വയസ്സ് പിന്നിട്ടവരിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ 40 വയസ്സിനു താഴെയുള്ളവരില്‍ ഇത് അപൂര്‍വമാണ്. 50 കഴിഞ്ഞ പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്ന കാന്‍സര്‍ അല്ലാത്ത സാധാരണ വീക്കമായ ബി.പി.എച്ച് ഇതില്‍നിന്ന് തികച്ചും വ്യത്യസ്ത സ്വഭാവമുള്ള രോഗമാണ്.

പ്രോസ്റ്റേറ്റ് കാന്‍സറിന്റെ കൃത്യമായ കാരണം വ്യക്തമല്ലെങ്കിലും പ്രായം കൂടുന്നതാണ് ഏറ്റവും വലിയ അപകടഘടകമായി കരുതുന്നത്. പുരുഷ ഹോര്‍മോണ്‍ പ്രോസ്റ്റേറ്റ് ഗ്രന്ഥിയെയും അതിലെ കാന്‍സര്‍ കോശങ്ങളെയും ഉദ്ദീപിപ്പിക്കുന്നു. അമിതമായ മാംസാഹാരം, പ്രത്യേകിച്ച് ചുവന്ന മാംസം, കൊഴുപ്പുകൂടിയ ഭക്ഷണങ്ങള്‍ എന്നിവയുടെ ഉപയോഗവും പഴങ്ങളുടെയും പച്ചക്കറികളുടെയും വിരളമായ ഉപയോഗവും ഇതിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ബി.ആര്‍.സി.എ ജീന്‍ പോലുള്ള പാരമ്പര്യ ഘടകങ്ങള്‍ കാരണം അച്ഛനോ സഹോദരനോ അടുത്ത ബന്ധുക്കള്‍ക്കോ രോഗമുണ്ടായിട്ടുണ്ടെങ്കില്‍ സാധ്യത കൂടുതലാണ്.

മന്ദഗതിയിലുള്ളതും മാരകമല്ലാത്തതുമായ ചിലയിനം കാന്‍സറുകള്‍ വര്‍ഷങ്ങളോളം ലക്ഷണങ്ങളൊന്നും കാണിക്കാതെ നിലനില്‍ക്കാം. കാന്‍സര്‍ ഗ്രന്ഥിയുടെ ബാഹ്യഭാഗത്ത് വരുന്നതിനാല്‍ തുടക്കത്തില്‍ ലക്ഷണങ്ങള്‍ പ്രകടമാകണമെന്നില്ല. എന്നാല്‍ രോഗം മൂര്‍ച്ഛിക്കുന്നതിന് അനുസരിച്ച് മൂത്രതടസ്സം, എരിച്ചില്‍, ഇടയ്ക്കിടെ മൂത്രം ഒഴിക്കാന്‍ തോന്നുക, അണുബാധ, രക്തത്തിന്റെ അംശം കാണുക, നട്ടെല്ലിനും മറ്റ് അസ്ഥികള്‍ക്കും വേദന, എല്ല് പൊട്ടുക, വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവുക തുടങ്ങിയ ഗുരുതര പ്രശ്‌നങ്ങള്‍ ഉണ്ടാകാം.

രോഗനിര്‍ണയത്തിനായി ലക്ഷണങ്ങള്‍ വിലയിരുത്തിയ ശേഷം ശാരീരിക പരിശോധന, രക്തപരിശോധന, സ്‌കാനിങ്, ബയോപ്‌സി എന്നിവ നടത്തുന്നു. രക്തത്തിലെ പി.എസ്.എ പ്രോട്ടീന്റെ അളവ് പരിശോധിക്കുന്നത് രോഗസാധ്യത തിരിച്ചറിയാന്‍ സഹായിക്കും. സാധാരണയായി ഇത് 4 നാനോഗ്രാം/മില്ലിലിറ്റര്‍ ആയിരിക്കുമെങ്കിലും കാന്‍സര്‍ ഉള്ളവരില്‍ ഇതിന്റെ തോത് ഉയര്‍ന്നുകാണുന്നു. അള്‍ട്രാസൗണ്ട് സ്‌കാനിങ് വഴി ഗ്രന്ഥിയുടെ വലുപ്പവും മുഴയുടെ സവിശേഷതകളും മനസ്സിലാക്കാം.

മലദ്വാരത്തിലൂടെ നടത്തുന്ന ബയോപ്‌സി പരിശോധന വഴി രോഗവും അതിന്റെ കാഠിന്യവും സ്ഥിരീകരിക്കാന്‍ സാധിക്കും. തുടര്‍ന്ന് സി.ടി, എം.ആര്‍.ഐ, ബോണ്‍ സ്‌കാന്‍ എന്നിവയിലൂടെ രോഗം മറ്റു ഭാഗങ്ങളിലേക്ക് പടര്‍ന്നിട്ടുണ്ടോ എന്ന് വിലയിരുത്തുന്നു. രോഗിയുടെ പൊതുവായ ആരോഗ്യസ്ഥിതിയും രോഗത്തിന്റെ ഘട്ടവും പരിഗണിച്ചാണ് ചികിത്സ നിശ്ചയിക്കുന്നത്. പ്രാരംഭദശയിലുള്ള രോഗം സര്‍ജറിയിലൂടെ പൂര്‍ണമായും സുഖപ്പെടുത്താം. ഇതിനായി കീഹോള്‍ സര്‍ജറി, റോബോട്ടിക് സര്‍ജറി തുടങ്ങിയ ആധുനിക രീതികള്‍ ലഭ്യമാണ്.

ശസ്ത്രക്രിയ സാധ്യമല്ലാത്തവര്‍ക്ക് നൂതന റേഡിയേഷന്‍ ചികിത്സ നല്‍കാം. കൂടിയ സ്റ്റേജിലുള്ള കാന്‍സറിന് പുരുഷഹോര്‍മോണുകളുടെ പ്രവര്‍ത്തനം തടയുന്ന ഹോര്‍മോണ്‍ ചികിത്സയോ ശസ്ത്രക്രിയയോ മരുന്നുകളോ ഉപയോഗിക്കുന്നു. രോഗം അസ്ഥികളിലേക്ക് പടരുമ്പോള്‍ ബിസ്‌ഫോസ്ഫണേറ്റ് ഗ്രൂപ്പില്‍പ്പെട്ട മരുന്നുകളും, ഹോര്‍മോണ്‍ ചികിത്സ ഫലിക്കാത്ത ഘട്ടത്തില്‍ ഡോസി ടാക്‌സല്‍, കബാസി ടാക്‌സല്‍, അബിറാട്ടറോണ്‍ തുടങ്ങിയ പുതിയ മരുന്നുകള്‍ ഉള്‍പ്പെടുത്തിയ കീമോതെറാപ്പിയും രോഗനിയന്ത്രണത്തിന് സഹായിക്കും.

50 വയസ്സ് കഴിഞ്ഞവര്‍ പതിവായി പി.എസ്.എ ടെസ്റ്റും വൈദ്യപരിശോധനകളും നടത്തുന്നത് രോഗം നേരത്തെ കണ്ടെത്താന്‍ സഹായിക്കും. കൊഴുപ്പ് കുറഞ്ഞ ആരോഗ്യകരമായ ഭക്ഷണരീതിയും ചിട്ടയായ വ്യായാമവും ശീലമാക്കുന്നത് പ്രോസ്റ്റേറ്റ് കാന്‍സര്‍ സാധ്യത കുറയ്ക്കുകയും പ്രതിരോധ ശേഷി വര്‍ധിപ്പിക്കുകയും ചെയ്യും.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam