ബെയ്ജിങ്ങ്: ചൈനയില്‍ നടന്ന രാജ്യാന്തര ഹൈറോക്‌സ് ഫിറ്റ്നസ് മത്സരവേദിയില്‍ ഓസ്ട്രേലിയന്‍ കായികതാരമായ ജോവാന വിയറ്റ്സിക് നേരിട്ട അപ്രതീക്ഷിത ശാരീരിക ബുദ്ധിമുട്ടും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കഠിനമായ മത്സരയോട്ടത്തിനിടെ മലവിസര്‍ജനത്തിന്മേലുള്ള നിയന്ത്രണം പൂര്‍ണ്ണമായി നഷ്ടപ്പെട്ടിട്ടും, ഏകദേശം ഒരു മണിക്കൂറോളം അത് വകവെക്കാതെ മത്സരം പൂര്‍ത്തിയാക്കാന്‍ ജോവാന ഓടുകയായിരുന്നു.
ഒരു വിഭാഗം ആളുകള്‍ കായിക താരത്തിന്റെ അചഞ്ചലമായ നിശ്ചയ ദാര്‍ഢ്യത്തെയും കായിക മനോഭാവത്തെയും വാഴ്ത്തുമ്പോള്‍, മറുവശത്ത് ഒരേ വേദി പങ്കിടുന്ന മറ്റ് മത്സരാര്‍ഥികളുടെ ആരോഗ്യവും ശുചിത്വവും അപകടത്തിലാക്കി എന്ന കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ഇന്‍ഡോര്‍ ട്രാക്കിലും മത്സര ഉപകരണങ്ങളിലും വിസര്‍ജ്യം പടര്‍ന്നതോടെ ട്രാക്ക് മുഴുവനും പിന്നീട് അണുനശീകരണം നടത്തേണ്ടതായി വന്നു. വിസര്‍ജനമുണ്ടായിട്ടും മറ്റുള്ളവരെ കരുതാതെ മത്സരം തുടര്‍ന്ന താരത്തെ ഉടനടി ട്രാക്കില്‍ നിന്നും മാറ്റാന്‍ സംഘാടകര്‍ തയ്യാറാകാതിരുന്നത് ഗുരുതരമായ വീഴ്ചയാണെന്ന് മറ്റ് മത്സരാര്‍ഥികള്‍ ആരോപിച്ചു.
ശുചിത്വമില്ലാത്ത ഉപകരണങ്ങള്‍ ഉപയോഗിക്കേണ്ടി വന്ന സാഹചര്യത്തില്‍ തങ്ങളുടെ പ്രവേശന ഫീസ് മടക്കിത്തരണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കായിക താരത്തിനെതിരെ വിമര്‍ശനമുയര്‍ത്തുന്നവരെ ഹൈറോക്‌സ് മത്സരങ്ങളില്‍ നിന്ന് വിലക്കുമെന്ന നിലപാടാണ് സംഘാടകര്‍ സ്വീകരിച്ചത്. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയില്‍ നിലവില്‍ ഈ വിഷയത്തില്‍ വലിയ തര്‍ക്കങ്ങളാണ് നടക്കുന്നത്.
കഠിനമായ കായിക വിനോദങ്ങളില്‍ ഏര്‍പ്പെടുമ്പോള്‍ ശരീരം അനുഭവിക്കുന്ന ഭീമമായ ശാരീരിക-മാനസിക സമ്മര്‍ദമാണ് ഇത്തരം അവസ്ഥകള്‍ക്ക് കാരണമാകുന്നത്. വൈദ്യശാസ്ത്രത്തില്‍ 'എക്‌സര്‍സൈസ് ഇന്റ്യൂസ്ഡ് ഗ്യാസ്‌ട്രോഇന്റസ്‌റ്റൈനല്‍ ഡിസ്ട്രസ്' അല്ലെങ്കില്‍ 'റണ്ണേഴ്‌സ് ഗട്ട്' എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ എന്‍ഡുറന്‍സ് അത്ലറ്റുകളില്‍ സര്‍വസാധാരണമാണ്. തീവ്രമായ വ്യായാമ വേളകളില്‍ ഹൃദയത്തിലേക്കും പേശികളിലേക്കും രക്തയോട്ടം കൂടുതലായി തിരിച്ചുവിടപ്പെടുമ്പോള്‍ ദഹനവ്യവസ്ഥയിലേക്കുള്ള രക്തയോട്ടം കുറയുകയും, ഇത് കുടലിന്റെ സ്വാഭാവിക പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ പെല്‍വിക് ഫ്‌ലോര്‍ പേശികളിലെ സമ്മര്‍ദവും അഡ്രിനാലിന്‍ പ്രവാഹവും
അപ്രതീക്ഷിതമായി മലവിസര്‍ജ്ജന നിയന്ത്രണം നഷ്ടമാകുന്നതിലേക്ക് ഇത് നയിക്കാറുണ്ട്. മത്സരത്തിന് മുന്‍പ് കഴിക്കുന്ന അമിത നാരുകളും കൊഴുപ്പും അടങ്ങിയ ഭക്ഷണങ്ങളും, പരീക്ഷിച്ച് നോക്കാത്ത എനര്‍ജി ജെല്ലുകളും ഇത്തരം ദഹന അസ്വസ്ഥതകളുടെ ആഘാതം കൂട്ടാം. രാജ്യാന്തര മത്സരങ്ങളില്‍ ശുചിത്വ നിയമങ്ങള്‍ കര്‍ശനമായി പാലിക്കുമ്പോഴും, ഇത്തരം അടിയന്തര വൈദ്യസഹായ സാഹചര്യങ്ങളില്‍ കായിക താരത്തോടുള്ള സഹാനുഭൂതി നിലനിര്‍ത്തുന്നതോടൊപ്പം മറ്റ് അത്ലറ്റുകളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാന്‍ മെഡിക്കല്‍ ടീമും സംഘാടകരും സമയബന്ധിതമായി ഇടപെടേണ്ടതുണ്ടെന്ന് ഈ സംഭവം വ്യക്തമാക്കുന്നു.
മത്സരത്തിന് മുന്നോടിയായുള്ള കൃത്യമായ ഭക്ഷണ ക്രമവും ടോയ്‌ലറ്റ് സമയക്രമവും പെല്‍വിക്ഫ്‌ലോര്‍ വ്യായാമങ്ങളും വഴി ഒരുപരിധിവരെ ഇത്തരം തിരിച്ചടികള്‍ ഒഴിവാക്കാന്‍ അത്‌ലറ്റുകള്‍ക്ക് സാധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
