പാന്‍ക്രിയാറ്റിക് ക്യാന്‍സറിനെതിരെ പുതിയ പ്രതീക്ഷ: 'ഡാരാക്‌സണ്‍റാസിബ്' ഗുളികകള്‍

MAY 31, 2026, 9:55 PM

ലോകത്തിലെ ഏറ്റവും മാരകമായ ക്യാന്‍സറുകളില്‍ ഒന്നാണ് പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍. ലക്ഷണങ്ങള്‍ മുന്‍കൂട്ടി പ്രകടിപ്പിക്കാത്തതിനാലും, വളരെ വേഗത്തില്‍ മറ്റ് അവയവങ്ങളിലേക്ക് പടരുന്നതിനാലും ഇത് തുടക്കത്തിലേ കണ്ടെത്തുക പ്രയാസകരമാണ്. എന്നാല്‍ ഇപ്പോഴിതാ, ഈ രോഗത്തിനെതിരെയുള്ള പോരാട്ടത്തില്‍ വലിയൊരു വഴിത്തിരിവായി മാറിയിരിക്കുകയാണ് 'ഡാരാക്‌സണ്‍റാസിബ്' (Daraxonrasib - RMC-6236) എന്ന പുതിയ പരീക്ഷണാത്മക മരുന്ന്.

അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ക്ലിനിക്കല്‍ ഓങ്കോളജി സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെടുകയും പ്രശസ്തമായ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്‍ എന്ന ശാസ്ത്ര മാസികയില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്ത പഠന റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഈ മരുന്ന് രോഗികളുടെ ജീവിതകാലം ഗണ്യമായി വര്‍ദ്ധിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

എന്താണ് പുതിയ കണ്ടെത്തല്‍?

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ ബാധിച്ച 90 ശതമാനത്തിലധികം രോഗികളിലും കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയ്ക്ക് കാരണമാകുന്നത് കെആര്‍എഎസ് (KRAS) ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്. പതിറ്റാണ്ടുകളായി ശാസ്ത്രലോകത്തിന് കീഴടക്കാന്‍ കഴിയാതിരുന്ന ഒന്നായിരുന്നു ഈ മ്യൂട്ടേഷന്‍. വിപ്ലവകരമായ മാറ്റങ്ങള്‍ വരുത്തുന്ന ഡാരാക്‌സണ്‍റാസിബ് എന്ന ഗുളിക പ്രവര്‍ത്തിക്കുന്നത് ഒരു മോളികുലാര്‍ ഗ്ലൂ പോലെയാണ്. ഇത് ക്യാന്‍സര്‍ കോശങ്ങളെ വളരാന്‍ സഹായിക്കുന്ന പ്രോട്ടീനുകളെ തമ്മില്‍ ഒട്ടിച്ച് നിര്‍ത്തി അവയുടെ പ്രവര്‍ത്തനം പൂര്‍ണമായി തടയുന്നു.

മറ്റ് ചികിത്സകള്‍ ഫലിക്കാതെ വരികയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ക്യാന്‍സര്‍ പടരുകയും ചെയ്ത 500 രോഗികളിലാണ് ഈ പഠനം നടത്തിയത്. ഒരു വിഭാഗത്തിന് പുതിയ ഗുളികകളും മറ്റൊരു വിഭാഗത്തിന് സാധാരണ കീമോതെറാപ്പിയും നല്‍കി.

സാധാരണ കീമോതെറാപ്പി ഇന്‍ജക്ഷന്‍ വഴിയാണ്. ശരാശരി അതിജീവന കാലം 6.7 മാസമാണെന്നും കണ്ടെത്തി. എന്നാല്‍ ഡാരാക്‌സണ്‍റാസിബ് ഗുളികകള്‍ ഉപയോഗിച്ചുള്ള ചികിതസയില്‍ ഇന്‍ജക്ഷന്‍ ആവശ്യമില്ല. ദിവസേന ഗുളികകള്‍ കഴിച്ചാല്‍ മതിയാകും. ശരാശരി അതിജീവന കാലം 13.2 മാസമാണ്. അതായത് ഇരട്ടി വര്‍ദ്ധനവ്. കൂടാതെ വേദന കുറവും പാര്‍ശ്വഫലങ്ങള്‍ കുറവുമാണെന്ന് പഠനം വ്യക്തമാക്കുന്നു.

ക്യാന്‍സര്‍ പൂര്‍ണ്ണമായി സുഖപ്പെടുത്താന്‍ ഇതിന് സാധിക്കില്ലെങ്കിലും, രോഗിയുടെ ആയുസ്സ് ഇരട്ടിയായി വര്‍ദ്ധിപ്പിക്കാനും ട്യൂമറുകളുടെ വലുപ്പം കുറയ്ക്കാനും ഈ മരുന്നിന് സാധിക്കുന്നു എന്നത് ചികിത്സാ രംഗത്തെ വലിയൊരു മുന്നേറ്റമാണ്.

പാര്‍ശ്വഫലങ്ങള്‍ എന്തൊക്കെ?

സാധാരണ കീമോതെറാപ്പിയെ അപേക്ഷിച്ച് ഇതിന് കഠിനമായ പാര്‍ശ്വഫലങ്ങള്‍ കുറവാണ്. എങ്കിലും മരുന്ന് ഉപയോഗിക്കുന്നവരില്‍ ചര്‍മ്മത്തില്‍ ഉണ്ടാകുന്ന കഠിനമായ തിണര്‍പ്പുകള്‍, വായിലെ പുണ്ണുകള്‍, വയറിളക്കം, ക്ഷീണം എന്നിവ കണ്ടുവരുന്നു.

നിലവില്‍ ഈ മരുന്നിന് അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തിര പ്രാധാന്യത്തോടെയുള്ള അനുമതി നല്‍കാന്‍ ഒരുങ്ങുകയാണ്. കൂടാതെ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് പ്രത്യേക അനുമതിയോടെ ഇപ്പോള്‍ തന്നെ ഈ മരുന്ന് ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. ഭാവിയില്‍ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ ഈ മരുന്ന് നല്‍കിക്കൊണ്ട് ട്യൂമറിന്റെ വലുപ്പം കുറയ്ക്കാനും അതുവഴി രോഗികള്‍ക്ക് സര്‍ജറി ചെയ്യാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കാനും സാധിക്കുമോ എന്നതിനെക്കുറിച്ചുള്ള ഗവേഷണങ്ങള്‍ നടന്ന് വരികയാണ്. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് വലിയൊരു പ്രകാശകിരണമായി ഡാരാക്‌സണ്‍റാസിബ് മാറുമെന്നാണ് വിദഗ്ദ്ധരുടെ പ്രതീക്ഷ.

പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ തുടക്കത്തില്‍ തിരിച്ചറിയാന്‍ ഏറ്റവും പ്രയാസമേറിയ ക്യാന്‍സറുകളില്‍ ഒന്നാണ്. കാരണം ഇതിന്റെ പ്രാരംഭ ലക്ഷണങ്ങള്‍ പലപ്പോഴും വളരെ സാധാരണമായ മറ്റ് ദഹന പ്രശ്‌നങ്ങളുമായി സാമ്യമുള്ളതായിരിക്കും. എങ്കിലും താഴെ പറയുന്ന ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒട്ടും വൈകാതെ വിദഗ്ദ്ധ പരിശോധന തേടേണ്ടതാണ്.

വിട്ടുമാറാത്ത വയറുവേദനയും പുറംവേദനയും: വയറിന്റെ മുകള്‍ഭാഗത്ത് തുടങ്ങി മുതുകിലേക്ക് പടരുന്ന തരത്തിലുള്ള വിട്ടുമാറാത്ത വേദന പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. കിടക്കുമ്പോള്‍ വേദന കൂടുകയും മുന്നോട്ട് ആഞ്ഞിരിക്കുമ്പോള്‍ വേദനയ്ക്ക് അല്പം ആശ്വാസം ലഭിക്കുകയും ചെയ്‌തേക്കാം.

മഞ്ഞപ്പിത്തം: കണ്ണുകളിലും ചര്‍മ്മത്തിലും ഉണ്ടാകുന്ന മഞ്ഞനിറം. പാന്‍ക്രിയാസിലെ ട്യൂമര്‍ പിത്തരസക്കുഴലിനെ തടസപ്പെടുത്തുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഇതിനോടൊപ്പം കടുത്ത നിറത്തിലുള്ള മൂത്രവും, വിളറിയ നിറത്തിലുള്ള മലവും ഉണ്ടായേക്കാം.

കാരണമില്ലാതെ ഭാരം കുറയുക: ഡയറ്റിംഗോ വ്യായാമമോ ചെയ്യാതെ തന്നെ പെട്ടെന്ന് ശരീരഭാരവും വിശപ്പും കുറയുന്നത് ശ്രദ്ധിക്കേണ്ടതാണ്.

ദഹനക്കേടും ക്ഷീണവും: വിട്ടുമാറാത്ത ദഹനക്കേട്, വയര്‍ വീര്‍ത്തിരിക്കുക, ഓക്കാനം, ഛര്‍ദ്ദി, എണ്ണമയമുള്ള മലം എന്നിവ പാന്‍ക്രിയാറ്റിക് എന്‍സൈമുകളുടെ കുറവ് മൂലം ഉണ്ടാകാം.

പെട്ടെന്നുണ്ടാകുന്ന പ്രമേഹം: മുന്‍പ് പ്രമേഹം ഇല്ലാതിരുന്ന ഒരാള്‍ക്ക്, പ്രത്യേകിച്ച് 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക്, പെട്ടെന്ന് കടുത്ത പ്രമേഹം പിടിപെടുകയോ അല്ലെങ്കില്‍ നിലവിലുള്ള പ്രമേഹം നിയന്ത്രണാതീതമാകുകയോ ചെയ്യുന്നത് പാന്‍ക്രിയാറ്റിക് ക്യാന്‍സറിന്റെ ലക്ഷണമാകാം.

പാന്‍ക്രിയാസ് ശരീരാവയവങ്ങള്‍ക്കിടയില്‍ ആഴത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ സാധാരണ പരിശോധനകളില്‍ ഇത് കണ്ടെത്താന്‍ ബുദ്ധിമുട്ടാണ്. പാന്‍ക്രിയാസിലെ ചെറിയ ട്യൂമറുകള്‍ പോലും കൃത്യമായി കണ്ടെത്താന്‍ കമ്പ്യൂട്ടറൈസ്ഡ് ടോമോഗ്രഫി, മാഗ്‌നറ്റിക് റെസൊണന്‍സ് ഇമേജിംഗ് എന്നിവ സഹായിക്കുന്നു. കുടുംബത്തില്‍ ആര്‍ക്കെങ്കിലും പാന്‍ക്രിയാറ്റിക് ക്യാന്‍സര്‍ വന്നിട്ടുണ്ടെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം കൃത്യമായ ഇടവേളകളില്‍ സ്‌ക്രീനിംഗ് നടത്തുന്നത് രോഗം തുടക്കത്തിലേ കണ്ടെത്താന്‍ സഹായിക്കും. വിട്ടുമാറാത്ത ദഹന പ്രശ്‌നങ്ങളോ മഞ്ഞപ്പിത്തമോ കണ്ടാല്‍ സ്വയംചികിത്സ ഒഴിവാക്കി ഒരു ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്റ്റിനെ കാണുക.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam