യുഎഇയിൽ വിവാഹിതരാകുന്ന പൗരന്മാർക്ക് ജനിതക പരിശോധന നിർബന്ധമാക്കി ആരോഗ്യ പ്രതിരോധ മന്ത്രാലയം. വിവാഹത്തിന് മുമ്പുള്ള ആരോഗ്യ പരിശോധന പ്രവാസികൾക്കും പൗരന്മാർക്കും ബാധകമാണെങ്കിലും, നിലവിൽ സ്വദേശികൾക്ക് മാത്രമേ ജനിതക പരിശോധന നിർബന്ധമുള്ളൂ.
യുഎഇ സർക്കാരിൻ്റെ വാർഷിക യോഗത്തിലാണ് എമിറേറ്റ്‌സ് ജീനോം കൗൺസിലിൻ്റെ തീരുമാനത്തിന് അംഗീകാരം ലഭിച്ചത്. വിവാഹത്തിന് മുമ്പ് പകർച്ചവ്യാധികളും പാരമ്പര്യ രോഗങ്ങളും കണ്ടെത്തി ചികിത്സിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് നടപ്പാക്കുന്നത്.
കാർഡിയോമയോപ്പതി, ജനിതക അപസ്‌മാരം, സ്‌പൈനൽ മസ്‌കുലാർ അട്രോഫി, കേൾവിക്കുറവ്, സിസ്റ്റിക് ഫൈബ്രോസിസ് തുടങ്ങിയ പാരമ്പര്യ രോഗങ്ങൾക്ക് കാരണമായേക്കാവുന്ന 570-ലധികം ജനിതകമാറ്റങ്ങൾ ഈ പരിശോധനയിലൂടെ കണ്ടെത്താനാകും. ജനിതക രോഗങ്ങൾ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കുന്ന ഒരു സംയോജിത ദേശീയ ജനിതക വിവര ശൃംഖല സൃഷ്ടിക്കാനും പരിശോധന ലക്ഷ്യമിടുന്നു.
എച്ച് ഐ വി, ഹെപ്പറ്റൈറ്റിസ് ബി, സി, സിഫിലിസ് തുടങ്ങിയ പകർച്ചവ്യാധികൾക്കുള്ള പരിശോധനകൾ നിർബന്ധമായും നടത്തണം. ബീറ്റാ-തലസീമിയ, സിക്കിൾ സെൽ അനീമിയ എന്നിവയും പരിശോധിക്കണം. കൂടാതെ ജർമൻ മീസില്‍സ് (റുബെല്ല) പരിശോധനയും രക്ത ഗ്രൂപ്പ് അനുയോജ്യമാണോയെന്ന പരിശോധനയും നടത്തണം. 840 ലധികം രോഗങ്ങള്‍ തിരിച്ചറിയാന്‍കഴിയുന്ന ജനിതക പരിശോധന ആവശ്യമെങ്കില്‍ നടത്താമെന്നും അബുദബി ആരോഗ്യവകുപ്പ് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
കുട്ടികളിലെ ജനിതക വൈകല്യങ്ങൾ കുറയ്ക്കാനും രോഗങ്ങൾ പടരുന്നത് തടയാനും ഇത്തരം പരിശോധനകൾക്ക് കഴിയുമെന്ന് മന്ത്രാലയം വിലയിരുത്തുന്നു. ജനിതക രോഗങ്ങളുള്ളവർക്ക് അവ മുൻകൂട്ടി കണ്ടെത്തി പരിഹരിക്കാനും ഈ പരിശോധനകൾ സഹായകമാകും. അബുദാബി ആരോഗ്യ വകുപ്പ്, ദുബായ് ഹെൽത്ത് അതോറിറ്റി, എമിറേറ്റ്സ് ഹെൽത്ത് സർവീസസ്, ദുബായ് ഹെൽത്ത് തുടങ്ങിയ കേന്ദ്രങ്ങളുമായി സഹകരിച്ചാണ് ജനിതക പരിശോധന നടത്തുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്