വത്തിക്കാൻ സിറ്റി: സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ ഇരുപത്തിയഞ്ചു വർഷത്തിലൊരിക്കല്‍ മാത്രം തുറക്കുന്ന വിശുദ്ധ വാതില്‍ ഫ്രാൻസിസ് മാർപാപ്പ തുറന്നു.
ഇതോടെ ലോകം മുഴുവനും ജൂബിലി വത്സരത്തിന്‍റെ ആചരണത്തിന് തിരിതെളിഞ്ഞു. പതിവുകള്‍ക്കു വിപരീതമായി ഇറ്റലിയിലെ ഒരു ജയിലിനുള്ളില്‍കൂടി ഫ്രാൻസിസ് മാർപാപ്പ വിശുദ്ധ വാതില്‍ പ്രഖ്യാപിക്കുകയും തുറക്കുകയും ചെയ്യുന്നത് ഇതിനോടകം വലിയ ചർച്ചയായിട്ടുണ്ട്.
ഡിസംബർ 26നാണു റോമിലെ റെബീബിയയിലുള്ള ജയില്‍ മാർപാപ്പ സന്ദർശിച്ച് അവിടെ പ്രഖ്യാപിച്ച വിശുദ്ധ വാതില്‍ തുറക്കുന്നത്. മാർപാപ്പയുടെ തീരുമാനം വിവാദമാക്കേണ്ടതില്ലെന്നും ലോകം മുഴുവൻ ഏറ്റവും അവഗണിക്കപ്പെടുന്നവരോടു താദാത്മ്യപ്പെടുന്ന ക്രിസ്തുവിന്‍റെ മുഖമാണ് ഇതിലൂടെ വെളിവാക്കുന്നതെന്നും വത്തിക്കാൻ ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അറിയിച്ചു.
എഡി 1500ല്‍ അലക്‌സാണ്ടർ ആറാമൻ മാർപാപ്പ തുടക്കംകുറിച്ച പതിവനുസരിച്ചാണ് ജൂബിലി വർഷത്തിന്‍റെ ആരംഭം അറിയിച്ചുകൊണ്ട് റോമിലെ മറ്റു മൂന്ന് മേജർ ബസിലിക്കകളിലും വിശുദ്ധ വാതിലുകള്‍ ഈ ക്രിസ്മസ് കാലത്തു തുറക്കപ്പടുന്നത്.
ഡിസംബർ 29നു വൈകുന്നേരം റോമാ രൂപതയുടെ കത്തീഡ്രല്‍ കൂടിയായ ജോണ്‍ ലാറ്ററൻ ബസിലിക്കയിലും ദൈവമാതാവിന്‍റെ തിരുനാളായ ജനുവരി ഒന്നിന് രാവിലെ മേരി മേജർ ബസിലിക്കയിലും ജനുവരി 5നു വൈകിട്ട് സെന്‍റ് പോള്‍സ് ബസിലിക്കയിലും വിശുദ്ധ വാതിലുകള്‍ തുറക്കപ്പെടും.
2025 ഡിസംബർ 28 വരെയാണ് ഇത്തവണ ജൂബിലി വർഷമായി ആചരിക്കപ്പെടുന്നത്. 2026 ജനുവരി ആറാം തീയതി സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലെ വിശുദ്ധ വാതില്‍ അടയുന്നതോടെ അടുത്ത ജൂബിലിക്കായുള്ള നീണ്ട ഇരുപത്തഞ്ചു വർഷത്തെ കാത്തിരിപ്പും ആരംഭിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്