ധാക്ക: ബംഗ്ലാദേശില്‍ സൈന്യം അട്ടിമറി നടത്തിയേക്കുമെന്നും മുഹമ്മദ് യൂനിസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സര്‍ക്കാരിനെ താഴെയിറക്കിയേക്കുമെന്നും അഭ്യൂഹങ്ങള്‍ സജീവമായി. ധാക്കയില്‍, സൈനികരെയും സുരക്ഷാ സേനയെയും വന്‍തോതില്‍ വിന്യസിച്ചതും കരസേനാ മേധാവി വഖാര്‍ ഉസ് സമാന്‍ വിവിധ കൂടിക്കാഴ്ചകള്‍ നടത്തിയതുമാണ് അഭ്യൂഹങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.
ബംഗ്ലാദേശിന്റെ ഇടക്കാല സര്‍ക്കാരും അതിന്റെ നേതാവായ മുഹമ്മദ് യൂനുസും പ്രതിഷേധങ്ങള്‍ നേരിടുന്നുണ്ട്. ധാക്കയില്‍ ഇടക്കാല സര്‍ക്കാരിനെതിരായ വികാരമാണ് നിലനില്‍ക്കുന്നത്. ഭീകരാക്രമണങ്ങള്‍ക്കെതിരെ കരസേനാ മേധാവി മുന്നറിയിപ്പ് നല്‍കുകയും രാജ്യത്ത് ജാഗ്രതയും സുരക്ഷയും വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ധാക്കയിലെ ക്രമസമാധാന നിലയും സുരക്ഷാ സംവിധാനങ്ങളും തകരാറിലാണെന്ന് കരസേനാ മേധാവി പലതവണ സൂചന നല്‍കിയിട്ടുണ്ട്.
വാരാന്ത്യത്തില്‍ തന്റെ ഉന്നത സഹായികളുമായി ജനറല്‍ സമാന്‍ നടത്തിയ കൂടിക്കാഴ്ചകളും ഭരണകക്ഷിയില്‍ നിന്നുള്ള അഭിപ്രായങ്ങളും സര്‍ക്കാരും സൈനിക മേധാവിയും തമ്മിലുള്ള ചില സംഘര്‍ഷങ്ങള്‍ വ്യക്തമാക്കുന്നതാണ്. രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന തീവ്രവാദത്തെക്കുറിച്ചും സുരക്ഷാ നടപടികളെക്കുറിച്ചും കരസേനാ മേധാവി ചര്‍ച്ച ചെയ്തതായി വൃത്തങ്ങള്‍ പറയുന്നു.
എന്നിരുന്നാലും, ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാരിന്റെ ആഭ്യന്തര സെക്രട്ടറിയായ നസിമുള്‍ ഹഖ് ഗാനി, അടിയന്തരാവസ്ഥ പ്രഖ്യാപനത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ 'ഗോസിപ്പ്' ആണെന്ന് പറഞ്ഞു.
ഇതിനിടെ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള ആമര്‍ ബംഗ്ലാദേശ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി അസദുസ്സമാന്‍ ഫുആദ്, പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീനുമായി ചേര്‍ന്ന് പുതിയ ഇടക്കാല സര്‍ക്കാര്‍ സ്ഥാപിക്കാന്‍ കരസേനാ മേധാവി ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചു.
'ഈ പ്രസിഡന്റ് ഷെയ്ഖ് ഹസീനയുടെ അടിമ നായയാണ്. ഷഹാബുദ്ദീനുമായി ചേര്‍ന്ന് രാജ്യം ഭരിക്കാന്‍ ശ്രമിച്ചാല്‍, ലക്ഷക്കണക്കിന് അബു സയ്യിദുകള്‍ നമ്മുടെ ജീവന്‍ ത്യജിച്ച് കന്റോണ്‍മെന്റ് തകര്‍ക്കും,' അസദുസ്സമാന്‍ ഫുആദ് പറഞ്ഞു.
സൈനിക അട്ടിമറിയെക്കുറിച്ചുള്ള ഊഹാപോഹങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസം കരസേനാ മേധാവി നടത്തിയ പ്രസംഗത്തിന്റെ വീഡിയോ വീണ്ടും വൈറലായി. 'പിന്നീട് നിങ്ങള്‍ പറയും ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടില്ലെന്ന്, അതിനാല്‍ ഞാന്‍ നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു. നിങ്ങളുടെ അഭിപ്രായവ്യത്യാസങ്ങള്‍ മറന്ന് ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍, നിങ്ങള്‍ പരസ്പരം ചെളിവാരിയെറിഞ്ഞ്, പരസ്പരം പോരടിച്ച്, പരസ്പരം കൊല്ലുകയാണെങ്കില്‍, രാജ്യത്തിന്റെയും ഈ സമൂഹത്തിന്റെയും സ്വാതന്ത്ര്യം വെറുതെയാകും,' ജനറല്‍ സമാന്‍ പ്രസംഗത്തില്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്