ബയ്‌റുട്ട്: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്കാ ബാവയായി മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാര്‍ ഗ്രിഗോറിയോസ് സ്ഥാനമേറ്റു. ബയ്‌റുട്ട് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലില്‍ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ മുഖ്യ കാര്‍മികത്വം വഹിച്ചു. ശ്രേഷ്ഠ കാതോലിക്കാ ബസേലിയോസ് ജോസഫ് പ്രഥമന്‍ ബാവ എന്ന പേരിലാകും അദ്ദേഹം അറിയപ്പെടുക.
ബസേലിയോസ് എന്നത് കാതോലിക്കയുടെ സ്ഥിരനാമമാണ്. സിറിയയിലെ ദമാസ്‌കസ് ആണ് അന്ത്യോഖ്യാ പാത്രിയര്‍ക്കീസിന്റെ ആസ്ഥാനം. സിറിയയിലെ സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് ചടങ്ങ് ലബനനിലെ ബയ്‌റുട്ട് അറ്റ്ചാനെ സെയ്ന്റ് മേരീസ് കത്തീഡ്രലിലേക്ക് മാറ്റിയത്.
ഔദ്യോഗിക സംഘത്തെ അയച്ചതിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാത്രിയര്‍ക്കീസ് ബാവ ആമുഖ പ്രസംഗത്തില്‍ പ്രത്യേകം നന്ദി അറിയിച്ചു. ഇന്ത്യയുടെ മറ്റുമതങ്ങളോടുള്ള സഹിഷ്ണുതയേയും സ്‌നേഹത്തേയും ബാവ പ്രത്യേകം പരാമര്‍ശിച്ചു. കേരള മുഖ്യമന്ത്രി പിണറായി വിജയനും ബാവ പ്രത്യേകം നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുമായി പലവട്ടം കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സഭയോട് കാണിക്കുന്ന സ്‌നേഹത്തിനും സര്‍ക്കാര്‍ പ്രതിനിധി സംഘത്തെ അയച്ചതിലും നന്ദി അറിയിക്കുന്നതായും ബാവ പറഞ്ഞു.
പാത്രിയര്‍ക്കീസ് ബാവയുടെ കീഴില്‍ പ്രാദേശിക ഭരണത്തിനായി ക്രമീകരിക്കപ്പെട്ട കാതോലിക്കേറ്റിലെ 81-ാമത്തെ കാതോലിക്കാ ബാവയാണ് മാര്‍ ഗ്രിഗോറിയോസ്. ആകമാന സുറിയാനി സഭയിലെ ഭരണശ്രേണിയില്‍ പാത്രിയര്‍ക്കീസ് ബാവയ്ക്കുശേഷം സഭയില്‍ രണ്ടാം സ്ഥാനീയനാണ് ശ്രേഷ്ഠ കാതോലിക്ക.
മെത്രാപ്പോലീത്തമാരെ വാഴിക്കാനും പ്രാദേശിക സുന്നഹദോസിനെ നയിക്കാനും കാതോലിക്കക്ക് അധികാരമുണ്ട്. ശ്രേഷ്ഠബസേലിയോസ് ജോസഫ് ബാവാ കാനോനിക കാതോലിക്കയാവുന്നത് യാക്കോബായ അസോസിയേഷന്‍ ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തതിന് ശേഷമാണ്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്