കാഠ്മണ്ഡു: രാജഭരണവും ഹിന്ദു രാജ്യ പദവിയും പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് നേപ്പാളില്‍ രാജവാഴ്ച അനുകൂലികളുടെ പ്രകടനം. സുരക്ഷാ സേനയും രാജഭരണ അനുകൂലികളും തമ്മില്‍ വെള്ളിയാഴ്ച തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഏറ്റുമുട്ടല്‍ ഉണ്ടായി. അക്രമത്തില്‍ നിരവധി പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷം നഗരത്തെ സ്തംഭിപ്പിച്ചു.
സ്ഥിതിഗതികള്‍ നിയന്ത്രിക്കാന്‍ പോലീസ് ഒന്നിലധികം റൗണ്ട് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. നിരവധി വീടുകളും മറ്റ് കെട്ടിടങ്ങളും വാഹനങ്ങളും അഗ്‌നിക്കിരയാക്കി. ടിങ്കുനെ, സിനാമംഗല്‍, കൊടേഷ്വര്‍ പ്രദേശങ്ങളില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സുരക്ഷാ വലയം ലംഘിക്കാന്‍ ശ്രമിച്ച പ്രതിഷേധക്കാര്‍ പോലീസിന് നേരെ കല്ലെറിഞ്ഞതോടെ സ്ഥിതിഗതികള്‍ വഷളായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പ്രതികരണമായി, ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ സുരക്ഷാ സേന കണ്ണീര്‍ വാതകം പ്രയോഗിച്ചു.
സംഘര്‍ഷത്തിനിടെ, പ്രതിഷേധക്കാര്‍ ഒരു ബിസിനസ് സമുച്ചയം, ഒരു ഷോപ്പിംഗ് മാള്‍, ഒരു രാഷ്ട്രീയ പാര്‍ട്ടി ആസ്ഥാനം, ഒരു മാധ്യമ ഓഫീസ് കെട്ടിടം എന്നിവയ്ക്ക് തീയിട്ടു. ഒരു ഡസനിലധികം പോലീസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. രാജവാഴ്ച അനുകൂലികളായ രാഷ്ട്രീയ പ്രജാതന്ത്ര പാര്‍ട്ടി (ആര്‍പിപി) യും മറ്റ് ഗ്രൂപ്പുകളും പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നു.
നേപ്പാള്‍ ദേശീയ പതാകകള്‍ വീശിയും മുന്‍ രാജാവ് ഗ്യാനേന്ദ്ര ഷായുടെ ചിത്രങ്ങള്‍ പിടിച്ചും ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ ടിങ്കുനെ പ്രദേശത്ത് ഒത്തുകൂടി, 'രാജാ ആവു, ദേശ് ബച്ചൗ' (രാജ്യത്തെ രക്ഷിക്കാന്‍ രാജാവ് വരട്ടെ), 'അഴിമതി നിറഞ്ഞ സര്‍ക്കാര്‍ തുലയട്ടെ', 'നമുക്ക് രാജവാഴ്ച തിരികെ വേണം' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ മുഴക്കി.
2008 ലാണ് പാര്‍ലമെന്റ് പ്രഖ്യാപനത്തിലൂടെ നേപ്പാള്‍ 240 വര്‍ഷം പഴക്കമുള്ള രാജവാഴ്ച നിര്‍ത്തലാക്കുകയും മുന്‍ ഹിന്ദു രാജ്യത്തെ ഒരു മതേതര, ഫെഡറല്‍, ജനാധിപത്യ റിപ്പബ്ലിക്കാക്കി മാറ്റുകയും ചെയ്തത്. ഫെബ്രുവരി 19-ന് ജനാധിപത്യ ദിനത്തില്‍ പ്രക്ഷേപണം ചെയ്ത ഒരു വീഡിയോ സന്ദേശത്തില്‍ മുന്‍ രാജാവ് പൊതുജന പിന്തുണ അഭ്യര്‍ത്ഥിച്ചതിനെത്തുടര്‍ന്ന് രാജവാഴ്ച പുനഃസ്ഥാപിക്കുന്നതിനുള്ള ആഹ്വാനങ്ങള്‍ വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്. ഈ മാസം ആദ്യം, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഗ്യാനേന്ദ്ര, ത്രിഭുവന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍, രാജവാഴ്ചയെ പിന്തുണയ്ക്കുന്ന പ്രവര്‍ത്തകര്‍ അദ്ദേഹത്തെ പിന്തുണച്ച് ഒരു വലിയ റാലി നടത്തിയിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്