ഡമാസ്‌കസ്: സിറിയയില്‍ പുതിയ സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അസദ് കുടുംബത്തെ അധികാരത്തില്‍ നിന്ന് നീക്കി നാല് മാസങ്ങള്‍ക്ക് ശേഷമാണ് പുതിയ സര്‍ക്കാര്‍ അധികാരമേറ്റത്. ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയയില്‍ സ്ഥിരത തിരികെ കൊണ്ടുവരാനാണ് ശ്രമമെന്ന് പുതിയ സര്‍ക്കാര്‍ പ്രഖ്യാപിച്ചു.
മത പ്രതിനിധികളും പ്രാദേശിക ഗോത്ര പ്രതിനിധികളും ചേര്‍ന്ന 23 അംഗ മന്ത്രിസഭയാണ് സിറിയയില്‍ നിലവില്‍ വന്നത്. സിറിയന്‍ സര്‍ക്കാരിന് ഒരു സെക്രട്ടറി ജനറല്‍ ആണ് ഉണ്ടായിരിക്കുകയെന്നും മുഖ്യമന്ത്രി ഇല്ലായെന്നും ഇടക്കാല പ്രസിഡന്റായ അഹമ്മദ് അല്‍-ഷറ ഈ മാസം ആദ്യം ഒപ്പുവച്ച താത്കാലിക ഭരണഘടനയില്‍ വ്യക്തമാക്കിയിരുന്നു.
ഇടക്കാല സര്‍ക്കാരില്‍ ഉണ്ടായിരുന്ന മന്ത്രിമാരെ പുതിയ സര്‍ക്കാരില്‍ നിന്ന് മാറ്റിയിട്ടില്ല. പുതിയ വിദേശകാര്യ, പ്രതിരോധ മന്ത്രിമാരെ നിയമിച്ചിട്ടുണ്ട്. ഇടക്കാല സര്‍ക്കാരിനെ നയിച്ച മുഹമ്മദ് അല്‍-ബഷീറിനെ ഊര്‍ജ മന്ത്രിയായി നിയമിച്ചു. സംഘര്‍ഷത്തില്‍ തകര്‍ന്ന വൈദ്യുതി, എണ്ണ മേഖലകളെ പുനസ്ഥാപിക്കുകയാണ് അല്‍ ബഷീറിന്റെ ദൗത്യം. ഇന്റലിജന്‍സ് വകുപ്പിന്റെ തലവനായിരുന്ന അനസ് ഖത്താബ് ആണ് സിറിയയുടെ പുതിയ ആഭ്യന്തര മന്ത്രി. മുര്‍ഹഫ് അബു ഖസ്രയാണ് പുതിയ പ്രതിരോധ മന്ത്രി. ജനങ്ങളില്‍ നിന്നും ജനങ്ങള്‍ക്കായി ഒരു പ്രൊഫഷണല്‍ സൈന്യത്തെ കെട്ടിപ്പടുക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് പ്രതിരോധ മന്ത്രി സത്യപ്രതിജ്ഞ ചടങ്ങില്‍ പറഞ്ഞു.
ക്രിസ്ത്യന്‍ ആക്ടിവിസ്റ്റായ ഹിന്ദ് കബാവത്തും പുതിയ മന്ത്രിമാരില്‍ ഉള്‍പ്പെടുന്നു. കബാവത്തിനെ സാമൂഹിക കാര്യ, തൊഴില്‍ മന്ത്രിയായാണ് നിയമിച്ചത്. 2011 മാര്‍ച്ചില്‍ സംഘര്‍ഷം ആരംഭിച്ചത് മുതല്‍ ബഷാറുല്‍ അസദിനെതിരെ ശബ്ദമുയര്‍ത്തുന്ന വ്യക്തിയാണ് കബാവത്ത്. വൈറ്റ് ഹെല്‍മെറ്റ്‌സ് എന്നറിയപ്പെടുന്ന സിറിയന്‍ സിവില്‍ ഡിഫന്‍സിന്റെ തലവനായ റായ്ദ് സാലിഹ് ആണ് മറ്റൊരു മന്ത്രി. അടിയന്തര ദുരന്തങ്ങള്‍ കൈകാര്യം ചെയ്യുന്ന മന്ത്രിയാണ് റായ്ദ്. ഡമാസ്‌കസില്‍ നിന്നുള്ള സിറിയന്‍ കുര്‍ദ് വംശജനായ മുഹമ്മദ് ടെര്‍ക്കോ ആണ് വിദ്യാഭ്യാസ മന്ത്രി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്