നേപ്പിഡോ: മ്യാന്‍മര്‍ ഭൂകമ്പത്തില്‍ മരണം 1000 കടന്നു. 2,376 പേര്‍ക്ക് അപകടങ്ങളില്‍ പരിക്കേറ്റതായി മ്യാന്‍മറിന്റെ സ്റ്റേറ്റ് മീഡിയ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരവും ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രവുമായ മണ്ടാലെയില്‍ രക്ഷാപ്രവര്‍ത്തകര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. നിരവധി പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും റോഡുകളും പാലങ്ങളും തകര്‍ന്നതിനാല്‍ പല സ്ഥലങ്ങളും എത്തിപ്പെടാന്‍ കഴിയുന്നില്ല.
മരണസംഖ്യ 10,000 കവിയാമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ മുന്നറിയിപ്പ് നല്‍കി. ഇന്നലെ ഉച്ചക്ക് 12.50 ഓടെയാണ് മ്യാന്‍മാറില്‍ അതിശക്തമായ ഭൂകമ്പം ഉണ്ടായത്. റിക്ടര്‍ സ്‌കെയിലില്‍ 7.7 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ ആഘാതം 900 കിലോമീറ്റര്‍ അകലെയുള്ള ബാങ്കോക്കില്‍ പോലും അനുഭവപ്പെട്ടു.
ഇന്ത്യ സഹായം നല്‍കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചതിന് ശേഷം, സോളാര്‍ ലാമ്പുകള്‍, ഭക്ഷണ പാക്കറ്റുകള്‍, അടുക്കള സെറ്റുകള്‍ എന്നിവയുള്‍പ്പെടെ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ ഇന്ത്യ ഐഎഎഫ് ഇ 130 ജെ വിമാനത്തില്‍ മ്യാന്‍മറിലേക്ക് അയച്ചു. പ്രത്യേക ഉപകരണങ്ങളും തിരച്ചില്‍ നായ്ക്കളും ഉള്‍പ്പെടുന്ന 40 പേരടങ്ങുന്ന ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തകര്‍ മ്യാന്‍മറിലെ നേപ്പിഡോയിലേക്ക് പുറപ്പെട്ടു. കൂടുതല്‍ വ്യോമസേനാ വിമാനങ്ങള്‍ തയ്യാറായി നില്‍ക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'ഓപ്പറേഷന്‍ ബ്രഹ്‌മ' എന്നാണ് ഇന്ത്യന്‍ രക്ഷാദൗത്യത്തിന് നല്‍കിയിരിക്കുന്ന പേര്. മ്യാന്‍മറിലെ സൈനിക മേധാവി സീനിയര്‍ ജനറല്‍ മിന്‍ ഓങ് ഹ്ലെയിങ്ങിനെ ഫോണില്‍ ബന്ധപ്പെട്ടതായും 'ഭൂകമ്പത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി അഗാധമായ അനുശോചനം' അറിയിച്ചതായും പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച പറഞ്ഞു. ഓപ്പറേഷന്‍ ബ്രഹ്‌മയുടെ ഭാഗമായി, ദുരിതാശ്വാസ സാമഗ്രികള്‍ ദുരന്ത ബാധിത പ്രദേശങ്ങളിലേക്ക് വേഗത്തില്‍ അയയ്ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും ഉറപ്പാക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു.
ഭൂകമ്പത്തെത്തുടര്‍ന്ന്, ബാങ്കോക്കില്‍ തായ്‌ലന്‍ഡ് സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ബാങ്കോക്കില്‍ നിര്‍മാണത്തിലിരിക്കുന്ന ബഹുനില കെട്ടിടം തകര്‍ന്നതിനെത്തുടര്‍ന്ന് 10 പേര്‍ മരിക്കുകയും 100 ലേറെ നിര്‍മ്മാണ തൊഴിലാളികളെ കാണാതാവുകയും ചെയ്തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്