സോള്‍: ദക്ഷിണ കൊറിയയില്‍ വന്‍ കാട്ടുതീയില്‍ 18 പേര്‍ കൊല്ലപ്പെടുകയും 200 ലധികം കെട്ടിടങ്ങള്‍ കത്തി നശിക്കുകയും ചെയ്തു. മരിച്ചവരില്‍ നാല് അഗ്നിശമന സേനാംഗങ്ങളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നു. 27,000 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു.
43,330 ഏക്കര്‍ പ്രദേശം കാട്ടുതീയില്‍ കത്തിനശിച്ചു. ഭൂവിസ്തൃതിയുടെ അടിസ്ഥാനത്തില്‍ ദക്ഷിണ കൊറിയയിലെ മൂന്നാമത്തെ വലിയ തീപിടുത്തമാണിത്. 19 പേര്‍ക്ക് വിവിധയിടങ്ങളിലായി പരിക്കേറ്റു. 1,300 വര്‍ഷം പഴക്കമുള്ള ഒരു ബുദ്ധക്ഷേത്രമായ ഗോണ്‍സയും കാട്ടുതീയില്‍ നശിച്ചു. കാട്ടുതീ പടരും മുന്‍പ് ബുദ്ധവിഗ്രഹം ഇവിടെ നിന്ന് മാറ്റിയിരുന്നു. വീടുകള്‍, ഫാക്ടറികള്‍, വാഹനങ്ങള്‍ എന്നിവയും വന്‍തോതില്‍ നശിച്ചെന്ന് സര്‍ക്കാരിന്റെ അടിയന്തര പ്രതികരണ കേന്ദ്രം പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ച ആരംഭിച്ച കാട്ടുതീ മറ്റ് പല കാട്ടുതീകളേക്കാളും വലിയ നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ടെന്ന് ദക്ഷിണ കൊറിയയുടെ ആക്ടിംഗ് പ്രസിഡന്റ് ഹാന്‍ ഡക്ക്-സൂ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ പറഞ്ഞു.
'ഇതുവരെ അനുഭവിച്ചിട്ടില്ലാത്തത്ര നാശനഷ്ടങ്ങള്‍ നമുക്ക് ഉണ്ടാകുമെന്ന ആശങ്കയുണ്ട്, അതിനാല്‍ ഈ ആഴ്ചയുടെ ശേഷിച്ച കാലയളവില്‍ കാട്ടുതീ അണയ്ക്കാന്‍ നമ്മുടെ എല്ലാ കഴിവുകളും കേന്ദ്രീകരിക്കേണ്ടതുണ്ട്.' ഹാന്‍ പറഞ്ഞു.
ശക്തമായ കാറ്റ് വീശുന്നതിനാല്‍ കാട്ടുതീ അണയ്ക്കാന്‍ ജീവനക്കാര്‍ പാടുപെടുകയാണെന്ന് ഹാന്‍ പറഞ്ഞു. ഏകദേശം 4,650 അഗ്‌നിശമന സേനാംഗങ്ങളും സൈനികരും മറ്റ് ജീവനക്കാരും 130 ഹെലികോപ്റ്ററുകളുടെ സഹായത്തോടെ കാട്ടുതീ അണയ്ക്കാന്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഹാന്‍ പറഞ്ഞു.
ദക്ഷിണ കൊറിയയുടെ ആഭ്യന്തര മന്ത്രാലയം പറയുന്നതനുസരിച്ച്, ഏറ്റവും വലിയ തീപിടുത്തങ്ങള്‍ ആന്‍ഡോങ്ങിലും, അയല്‍ കൗണ്ടികളായ ഉയിസോങ്, സാഞ്ചിയോങ്, ഉല്‍സാന്‍ നഗരത്തിലുമാണ് ഉണ്ടായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്