ന്യൂഡെല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ (ഞായറാഴ്ച) നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കും. സ്മൃതി മന്ദിറില്‍ ആര്‍എസ്എസ് സ്ഥാപക നേതാക്കള്‍ക്ക് അദ്ദേഹം ആദരാഞ്ജലി അര്‍പ്പിക്കും. ഹിന്ദു നവവര്‍ഷാരംഭം പ്രമാണിച്ച് ആര്‍എസ്എസ് സംഘടിപ്പിക്കുന്ന വര്‍ഷപ്രതിപദ പരിപാടിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.
2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ഇതാദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി താന്‍ മുന്‍പ് ഭാഗമായിരുന്ന സംഘടനയുടെ ആസ്ഥാനത്തെത്തുന്നത്. ബിജെപിയില്‍ എത്തും മുന്‍പ് ആര്‍എസ്എസ് പ്രചാരകനായിരുന്നു മോദി. ആര്‍എസ്എസ് സ്ഥാപിതമായി നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വര്‍ഷം കൂടിയാണിത്. ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിക്കുന്ന ആദ്യ പ്രധാനമന്ത്രിയുമാവും മോദി.
സന്ദര്‍ശന വേളയില്‍, നാഗ്പൂരിലെ ഡോ. ഹെഡ്ഗെവാര്‍ സ്മൃതി മന്ദിറില്‍ സ്ഥിതി ചെയ്യുന്ന ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗെവാറിന്റെയും സംഘടനയുടെ രണ്ടാമത്തെ സര്‍സംഘചാലക് എം എസ് ഗോള്‍വാള്‍ക്കറുടെയും സ്മാരകങ്ങളില്‍ പ്രധാനമന്ത്രി മോദി ആദരാഞ്ജലി അര്‍പ്പിക്കും.
2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപി-ആര്‍എസ്എസ് ബന്ധം മോശമായിരുന്നു. ആര്‍എസ്എസിന്റെ സഹായമില്ലാതെ ബിജെപിക്ക് മുന്നോട്ടു പോകാനാവുമെന്ന ബിജെപി അധ്യക്ഷന്‍ ജെ പി നദ്ദയുടെ പ്രസ്താവനയാണ് ബന്ധം വഷളാക്കിയത്. ആര്‍എസ്എസ് പിന്‍വലിഞ്ഞതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയുമേറ്റു. സംഘടനകള്‍ തമ്മിലുള്ള മഞ്ഞുരുക്കാന്‍ കൂടിയാണ് മോദിയുടെ സന്ദര്‍ശനമെന്ന് വിലയിരുത്തപ്പെടുന്നു.
1956 ല്‍ അനുയായികള്‍ക്കൊപ്പം ഡോ. ബി ആര്‍ അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ച സ്ഥലമായ ദീക്ഷഭൂമിയില്‍ അദ്ദേഹത്തിന് പ്രധാനമന്ത്രി ആദരാഞ്ജലി അര്‍പ്പിക്കും.
നാഗ്പൂരില്‍ മാധവ് നേത്രാലയ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ വിപുലീകരണ പദ്ധതിയായ മാധവ് നേത്രാലയ പ്രീമിയം സെന്ററിന് പ്രധാനമന്ത്രി തറക്കല്ലിടും. സോളാര്‍ ഡിഫന്‍സ് ആന്‍ഡ് എയ്റോസ്പേസ് ലിമിറ്റഡിന്റെ കേന്ദ്രവും മോദി സന്ദര്‍ശിക്കും. അവിടെ ആളില്ലാ ആകാശ വാഹനങ്ങള്‍ക്കായി (യുഎവി) രൂപകല്‍പ്പന ചെയ്ത പുതുതായി നിര്‍മ്മിച്ച 1,250 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമുള്ള എയര്‍സ്ട്രിപ്പ് ഉദ്ഘാടനം ചെയ്യും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്