ബെലഗാവി: സൈബർ തട്ടിപ്പിനിരയായ വൃദ്ധ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ബെലഗാവി ജില്ലയിലെ ഖാനാപൂർ താലൂക്കിലാണ് ദാരുണമായ സംഭവം ഉണ്ടായത്. ഖാനപൂരിലെ ബീഡി ഗ്രാമത്തിൽ താമസിക്കുന്ന ദിയോഗ്ജെറോൺ സാന്റൻ നസറെത്ത് (82), ഭാര്യ ഫ്ലാവിയാന (79) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകിട്ടാണ് ഇരുവരുടെയും മൃതദേഹങ്ങൾ അയൽവാസികൾ കണ്ടെത്തിയത്. ഇരുവരും ജീവനൊടുക്കിയതെന്നാണ് സൂചന. വീടിനുള്ളിൽ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു ഫ്ലാവിയാന. വീടിനുപുറത്തുള്ള ജലസംഭരണിക്കകത്ത് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു ദിയോഗ്ജെറോണിന്റെ മൃതദേഹം കണ്ടെത്തിയത്.
അതേസമയം ദിയോഗ്ജെറോൺ എഴുതിയതായി കരുതുന്ന രണ്ടു പേജുള്ള കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഏതാനും ദിവസം മുൻപ് ഡൽഹിയിൽനിന്ന് ടെലികോം വകുപ്പിലെ നോട്ടിഫിക്കേഷൻ യൂണിറ്റിലെ ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി സുമിത് ബിറ എന്നയാൾ തന്നെ ഫോണിൽ വിളിച്ചതായി കുറിപ്പിൽ ദിയോഗ്ജെറോൺ പറയുന്നു. തന്റെ സിംകാർഡ് നിയമവിരുദ്ധമായും മോശം സന്ദേശങ്ങൾ അയക്കാനും ഉപയോഗിച്ചെന്നും പറഞ്ഞ് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്.
ഇതിന് പിന്നാലെ അനിൽ യാദവ് എന്നയാളും ഇക്കാര്യം പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നും 50 ലക്ഷത്തിൽ അധികം രൂപ കൈമാറിയിട്ടും തട്ടിപ്പുകാർ കൂടുതൽ പണം ആവശ്യപ്പെട്ടുവെന്നും കുറിപ്പിൽ പറയുന്നു. സ്വർണം പണയംവെച്ച് 7.15 ലക്ഷം രൂപ വായ്പ എടുത്തിട്ടുണ്ടെന്നും കുറിപ്പിലുണ്ട്. മഹാരാഷ്ട്ര സെക്രട്ടേറിയറ്റിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ് ദിയോഗ്ജെറോൺ. ഇവർക്ക് മക്കളില്ല. ഇരുവരുടെയും മൃതദേഹങ്ങൾ വൈദ്യശാസ്ത്ര വിദ്യാർഥികൾക്ക് പഠിക്കാനായി നൽകണമെന്നും കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്