ലണ്ടന്‍: യു.കെയുടെ ആകാശത്ത് പറക്കാനാകാതെ പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് (പിഐഎ) വിമാനങ്ങള്‍. നല് വര്‍ഷത്തെ വിലക്ക് ഉടന്‍ നീങ്ങുമെന്ന വാര്‍ത്തകള്‍ തള്ളി രംഗത്ത് വന്നിരിക്കുകയാണ് യു.കെ ഗതാഗത വകുപ്പ്. പിഐഎ വിമാനങ്ങളുടെ വിലക്ക് തുടരുമെന്നാണ് നിലവില്‍ യു.കെ അധികൃതര്‍ നല്‍കുന്ന വിവരം.
നിയന്ത്രണങ്ങളും വിലക്കും നീക്കുന്നതിന് മുന്‍പ് വിമാനക്കമ്പനികള്‍ കര്‍ശനമായ അവലോകന പ്രക്രിയയ്ക്ക് വിധേയമാകണമെന്ന് യു.കെ ഗതാഗത വകുപ്പ് വക്താവ് വ്യക്തമാക്കി. യു.കെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി പാകിസ്ഥാന്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിവരികയാണ്. എന്നാല്‍ വിലക്ക് നീക്കുന്നതുമായോ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുനപരിശോധിക്കുന്നതുമായോ ചര്‍ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാകിസ്ഥാന്‍ ഏവിയേഷന്‍ റെഗുലേറ്റര്‍ അംഗീകരിക്കുന്ന എല്ലാ വിമാനക്കമ്പനികളെയും ബ്രിട്ടീഷ് വ്യോമാതിര്‍ത്തിയിലേക്കോ, ബ്രിട്ടീഷ് വ്യോമാതിര്‍ത്തിക്കുള്ളിലോ വാണിജ്യ വിമാനങ്ങള്‍ പ്രവര്‍ത്തിക്കുന്നതില്‍ നിന്ന് യു.കെ എയര്‍ സേഫ്റ്റി ലിസ്റ്റ് വിലക്കിയ നടപടി തുടരുകയാണ്. അതേസമയം യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി സ്വീകരിച്ച ഈ നടപടി പിന്‍വലിക്കുന്നതിനെ കുറിച്ച് ബ്രിട്ടീഷ് എയര്‍ സേഫ്റ്റി കമ്മിറ്റി ചര്‍ച്ച ചെയ്തതായും ഇത് പാകിസ്ഥാന് പ്രതീക്ഷ നല്‍കിയതായും അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു.
നിരവധി പാകിസ്ഥാന്‍ പൈലറ്റുമാര്‍ വ്യാജ ലൈസന്‍സുകള്‍ ഉപയോഗിച്ച് വിമാനം പറത്തുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് യുകെ, യൂറോപ്യന്‍ റെഗുലേറ്റര്‍മാര്‍ 2020 ജൂലൈയില്‍ ആദ്യമായി വിലക്ക് ഏര്‍പ്പെടുത്തിയത്. കറാച്ചിയില്‍ 100 ഓളം പേരുടെ മരണത്തിനിടയാക്കിയ പിഐഎ എയര്‍ബസ് എ-320 അപകടത്തെത്തുടര്‍ന്ന് അന്നത്തെ വ്യോമയാന മന്ത്രി ഗുലാം സര്‍വര്‍ ഖാന്‍ ഈ വിഷയം അംഗീകരിക്കുകയും ചെയ്തു. യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് സ്റ്റേറ്റ്‌സും ഉള്‍പ്പെടെ ഒന്നിലധികം ഇടങ്ങളില്‍ ഇതോടെ പാക് വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി.
ഇത് പാകിസ്ഥാന്‍ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിന് പ്രതിവര്‍ഷം 4000 കോടി രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. യുകെ വിലക്ക് തുടരുന്നുണ്ടെങ്കിലും 2025ല്‍ ഇസ്ലാമാബാദില്‍ നിന്ന് പാരിസിലേക്കുള്ള ഒരു റൂട്ടില്‍ ആരംഭിച്ച് യൂറോപ്പിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ പിഐഎയ്ക്ക് സാധിച്ചിരുന്നു. എയര്‍ലൈന്റെ വിലക്ക് നീങ്ങുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് അധികൃതരില്‍ നിന്ന് ഉറപ്പ് ലഭിച്ചാല്‍ ലണ്ടന്‍, മാഞ്ചസ്റ്റര്‍, ബര്‍മിങ്ഹാം എന്നീ സര്‍വീസുകള്‍ക്കായിരിക്കും മുന്‍ഗണന നല്‍കുകയെന്ന് പിഐഎ വക്താവ് അബ്ദുള്ള ഹഫീസ് ഖാന്‍ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്