സിയോള്‍: ഉക്രെയ്‌നെതിരെ പോരാടാന്‍ റഷ്യയെ സഹായിക്കുന്നതിന് കൂടുതല്‍ സൈനികരെ നോര്‍ത്ത് കൊറിയ അയച്ചതായി ദക്ഷിണ കൊറിയ. 3000 സൈനികരെ അയച്ചെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. ഇതുവരെ 11,000 സൈനികരെയാണ് യുദ്ധത്തില്‍ റഷ്യയ്ക്ക് വേണ്ടി പോരാടുന്നതിനായി നോര്‍ത്ത് കൊറിയ അയച്ചത്. ഇതില്‍ 400 പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
3600 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ദക്ഷിണ കൊറിയ അവകാശപ്പെടുന്നു. ഈ സാഹചര്യത്തിലാണ് 3000 സൈനികരെ കൂടി യുദ്ധഭൂമിയിലേക്ക് അയയ്ക്കുന്നത്. സൈനികര്‍ക്ക് പുറമെ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലുകളും ചെറുപീരങ്കികളും റോക്കറ്റ് ലോഞ്ചറുകളും നോര്‍ത്ത് കൊറിയ റഷ്യയ്ക്ക് നല്‍കിയിട്ടുണ്ട്. ഇവ ഉപയോഗിച്ച് റഷ്യ ഉക്രെയ്‌നിലേക്ക് ആക്രമണം നടത്തുകയും ചെയ്തു. മൂന്ന് വര്‍ഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കവേയാണ് പുതിയ സംഭവ വികാസം.
യുദ്ധത്തില്‍ റഷ്യയെ സഹായിക്കുന്നതിന് പകരമായി ബഹിരാകാശ സാങ്കേതിക വിദ്യകളുള്‍പ്പെടെയുള്ള സഹായങ്ങള്‍ നോര്‍ത്ത് കൊറിയ തിരികെ പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ സൈനികര്‍ക്ക് യുദ്ധ പരിശീലനവും അത്യാധുനിക ആയുധങ്ങളില്‍ പരിശീലനവും റഷ്യ നല്‍കുന്നുണ്ട്. ഇതിന് പുറമെ നോര്‍ത്ത് കൊറിയയ്ക്ക് കല്‍ക്കരി, ഭക്ഷണം, അവശ്യമരുന്നുകള്‍ എന്നിവയും റഷ്യ നല്‍കുന്നുണ്ട്. ഇതിനുപുറമെ നോര്‍ത്ത് കൊറിയയില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് റഷ്യയില്‍ ഉപരിപഠനത്തിനുള്ള സഹായവും നല്‍കുമെന്നാണ് വിവരം.
കഴിഞ്ഞ നവംബര്‍ മുതലാണ് ഉക്രെയ്‌നില്‍ നിന്ന് റഷ്യ പിടിച്ചെടുത്ത കുര്‍സ്‌കിലെ പ്രദേശങ്ങളിലേക്ക് നോര്‍ത്ത് കൊറിയന്‍ സൈനികരെ വിന്യസിച്ച് തുടങ്ങിയത്. എന്നാല്‍ ഉക്രെയ്ന്‍ തിരിച്ചടിയില്‍ വലിയ ആള്‍നാശം നേരിട്ടതോടെ ഇവരെ പിന്‍വലിച്ചു. അതേസമയം, പോരാട്ടത്തില്‍ ഉക്രെയ്ന്‍ സൈനികരാല്‍ പിടിക്കപ്പെടുമെന്ന ഘട്ടം വന്നാല്‍ സ്വയം ഗ്രനേഡ് പൊട്ടിച്ച് ആത്മഹത്യ ചെയ്യുന്ന ശൈലിയാണ് നോര്‍ത്ത് കൊറിയന്‍ സൈനികര്‍ അനുവര്‍ത്തിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്