ദുബായ്: രാജ്യത്ത് പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കമ്പനികൾക്ക് പുതിയ നികുതി ഏർപ്പെടുത്താൻ യുഎഇ ഒരുങ്ങുന്നു. കമ്പനിയുടെ ലാഭത്തിൻ്റെ 15 ശതമാനം നികുതിയായി അടക്കണമെന്ന നിർദേശം അടുത്ത സാമ്പത്തിക വർഷം മുതൽ പ്രാബല്യത്തിൽ വന്നേക്കും.
2025 ജനുവരി ഒന്നിന് ശേഷം ആരംഭിക്കുന്ന സാമ്പത്തിക വർഷത്തിൽ ആഭ്യന്തര മിനിമം ടോപ്പ്-അപ്പ് നികുതി (ഡിഎംടിടി) പ്രാബല്യത്തിൽ വരുമെന്ന് ധനമന്ത്രാലയം അറിയിച്ചു.
750 ദശലക്ഷം യൂറോ (ഏകദേശം 3 ബില്യൺ ദിർഹം) അല്ലെങ്കിൽ അതിൽ കൂടുതൽ വരുമാനമുള്ള കമ്പനികൾക്ക് ഡിഎംടിടി ബാധകമാകും. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ധനമന്ത്രാലയം ഉടൻ പുറത്തുവിടും.
നിലവിൽ യുഎഇയിൽ 9 ശതമാനമാണ് കോർപ്പറേറ്റ് നികുതി. ഇതിന് പുറമെ ഡിഎംടിടിയും നടപ്പാക്കും. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിൻ്റെയും വ്യാപാര മത്സരക്ഷമത ശക്തിപ്പെടുത്തുന്നതിൻ്റെയും ഭാഗമാണ് പുതിയ നടപടികൾ.
രാജ്യത്തെ ബിസിനസ് വളർച്ചയും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതിനായി 2022ലെ ഫെഡറൽ ഡിക്രി-നിയമ നമ്പർ 47 പ്രകാരം കോർപ്പറേറ്റ് നികുതി ആനുകൂല്യങ്ങൾ നടപ്പിലാക്കുന്ന കാര്യവും ധനമന്ത്രാലയം പരിഗണിക്കുന്നുണ്ട്. ഗവേഷണ വികസന പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും രാജ്യത്തെ സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായി ഗവേഷണ വികസന നികുതി പ്രോത്സാഹനം പരിഗണിക്കുന്നു. നികുതി ഇളവുകൾ 2026-ൽ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. വ്യവസ്ഥകൾക്ക് വിധേയമായി നികുതി ആനുകൂല്യങ്ങൾ അനുവദിക്കും.
റീഫണ്ടബിൾ ടാക്സ് ക്രെഡിറ്റ് നടപ്പാക്കുന്ന കാര്യവും ധനമന്ത്രാലയം പരിഗണിക്കുന്നുണ്ട്. ഉയർന്ന മൂല്യമുള്ള തൊഴിൽ പ്രവർത്തനങ്ങൾക്ക് ഇത് ബാധകമായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ പ്രദാനം ചെയ്യുന്നതും യുഎഇയുടെ ആഗോള മത്സരക്ഷമത വർധിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ ബിസിനസുകളെ പ്രോത്സാഹിപ്പിക്കാനാണ് ഇത് ലക്ഷ്യമിടുന്നത്. 2025 ജനുവരി 2 മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്