കാബൂള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനിലെ തകര്‍ന്ന കല്‍ക്കരി ഖനിയില്‍ മണിക്കൂറുകളോളം കുടുങ്ങിക്കിടന്ന 22 ഖനിത്തൊഴിലാളികളെ രക്ഷാപ്രവര്‍ത്തകര്‍ ഞായറാഴ്ച രക്ഷപെടുത്തി. തൊഴിലാളികള്‍ക്ക് ഗുരുതരമായ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
സമംഗന്‍ പ്രവിശ്യയിലെ ദാരാ-ഇ സോഫ് പയിന്‍ ജില്ലയിലെ ഖനി ശനിയാഴ്ച വൈകിട്ടാണ് തകര്‍ന്നത്. ഇവിടെ കുടുങ്ങിയ എല്ലാ ഖനിത്തൊഴിലാളികളെയും രക്ഷപ്പെടുത്തിയതായി സമംഗന്‍ ഗവര്‍ണറുടെ വക്താവ് എസ്മത് മുറാഡി വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് പറഞ്ഞു.
ഖനിയിലേക്ക് ഒരു പ്രവേശന കവാടം തുറക്കാന്‍ എക്സ്‌കവേറ്ററുകള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ രാവിലെ മുതല്‍ പ്രവര്‍ത്തിച്ചു, ഞായറാഴ്ച രാത്രിയോടെ ഇതില്‍ വിജയം കാണുകയായിരുന്നു.
'തൊഴിലാളികളില്‍ ചിലരുടെ നില നല്ലതല്ലായിരുന്നു, പക്ഷേ അവര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി, ഇപ്പോള്‍ മെച്ചപ്പെട്ടുവരുന്നു.' എസ്മത് മുറാഡി പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ ഖനന വ്യവസായ മേഖലയില്‍ മാരകമായ അപകടങ്ങള്‍ സാധാരണമാണ്. കല്‍ക്കരിക്കൊപ്പം, അഫ്ഗാനിസ്ഥാന്‍ മാര്‍ബിള്‍, ധാതുക്കള്‍, സ്വര്‍ണ്ണം, രത്‌നക്കല്ലുകള്‍ എന്നിവ ഖനനം ചെയ്യുന്നു, പക്ഷേ തൊഴിലാളികള്‍ പലപ്പോഴും ആവശ്യമായ ഉപകരണങ്ങളോ സുരക്ഷാ സംവിധാനങ്ങളോ ഇല്ലാതെ ഇവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നു.
2022 ഫെബ്രുവരിയില്‍ വടക്കന്‍ പ്രവിശ്യയായ ബഗ്ലാനില്‍ ഒരു കല്‍ക്കരി ഖനി തകര്‍ന്ന് മണ്ണിനടിയില്‍ കുടുങ്ങി കുറഞ്ഞത് 10 ഖനിത്തൊഴിലാളികള്‍ മരിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്