ആഗോള തലത്തിൽ ഗംഭീര കളക്ഷനുമായി വിജയ് ചിത്രം 'ജന നായകൻ'. വിജയ്‌യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രമായ 'ജന നായകൻ' ആഗോളതലത്തിൽ 300 കോടി രൂപ ഗ്രോസ് കളക്ഷനാണ് സ്വന്തമാക്കിയിരിക്കുന്നത്. റിലീസ് ചെയ്ത് 12ാം ദിനമാണ് ഈ നേട്ടം.
ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം, സിനിമയുടെ ഇന്ത്യൻ ഗ്രോസ് 209.35 കോടി രൂപയാണ്. ഇന്ത്യൻ നെറ്റ് കളക്ഷൻ 179.45 കോടിയും. 12 ദിവസങ്ങൾ കൊണ്ട് വിദേശത്ത് നിന്ന് 92 കോടി നേടിയാണ് ചിത്രം നേടിയത്. ഇതോടെ സിനിമയുടെ ആഗോള ഗ്രോസ് 301.35 കോടിയായി.
കേരളത്തിലും ചരിത്രവിജയം കുറിച്ചാണ് ചിത്രം മുന്നേറുന്നത്. 2026ൽ കേരളത്തിൽ നിന്ന് ഏറ്റവും കൂടുതൽ ഗ്രോസ് കളക്ഷൻ നേടിയ തമിഴ് ചിത്രമായി 'ജന നായകൻ' മാറി കഴിഞ്ഞു. ഈ വർഷം റിലീസ് ചെയ്ത തമിഴ് ചിത്രങ്ങളിൽ ‘ബ്ലാസ്റ്റ്’, ‘കറുപ്പ്’ എന്നിവയുടെ കേരള ഗ്രോസ് കളക്ഷൻ റെക്കോർഡുകൾ മറികടന്നാണ് വിജയ് ചിത്രം ഒന്നാം സ്ഥാനത്തെത്തിയത്.
തങ്ങളുടെ പ്രിയപ്പെട്ട താരമായ വിജയ്‌യെ അവസാനമായി ബിഗ് സ്‌ക്രീനിൽ കാണാൻ പ്രായഭേദമന്യേ ആരാധകർ തിയേറ്ററുകളിലേക്ക് എത്തുകയാണ്. റിലീസിന് മാസങ്ങൾക്ക് മുൻപ് ഓൺലൈനിൽ ലീക്കായ ശേഷവും ചിത്രത്തിന് ലഭിക്കുന്ന ഗംഭീര കളക്ഷൻ വിജയ് എന്ന നടന്റെ ജനപ്രീതി അടിവരയിടുന്നതാണ്.
എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന 'ജന നായകനി'ൽ ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, മമിതാ ബൈജു, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി തുടങ്ങി വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. കെവിഎൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് കെ നാരായണ ആണ് ചിത്രം നിർമിച്ചിരിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
