ഒട്ടാവ: ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളായേക്കുമെന്ന സൂചന നല്‍കി പുതിയ റിപ്പോര്‍ട്ടുകള്‍. കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇന്ത്യയ്‌ക്കെതിരായ വിവരങ്ങള്‍ യുഎസ് മാധ്യമത്തിന് ചോര്‍ത്തി നല്‍കിയെന്ന തരത്തിലുള്ള വാര്‍ത്തകളാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. കനേഡിയന്‍ മണ്ണില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ശത്രുതാപരമായ ഇടപെടല്‍ ഉണ്ടായെന്ന തരത്തിലുള്ള വിവരങ്ങള്‍ അടക്കമാണ് പങ്കുവെച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഖാലിസ്ഥാനി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ നാഷണല്‍ സെക്യൂരിറ്റി ഇന്റലിജന്റ് അഡൈ്വസര്‍ നതാലി ഡ്രൂയിനും വിദേശകാര്യ ഉപമന്ത്രി ഡേവിഡ് മോറിസണും വാഷിംഗ്ടണ്‍ പോസ്റ്റിന് ചോര്‍ത്തി നല്‍കിയെന്നാണ് വാര്‍ത്തകള്‍.
സംഭവത്തില്‍ കാനഡ പൊലീസ് ഇന്ത്യക്കെതിരായി പരസ്യമായി ആരോപണം ഉന്നയിക്കുന്നതിന് മുന്‍പാണ് ഇത്തരത്തില്‍ വിവരങ്ങള്‍ ചോര്‍ത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കനേഡിയന്‍ പാര്‍ലെന്റിന്റെ കോമണ്‍ കമ്മിറ്റിക്ക് മുന്‍പാകെയാണ് ഡ്രീയന്‍ ഇക്കാര്യം വെളിപ്പെടുത്തിയതെന്നാണ് ഗ്ലോബല്‍ ആന്റ് മെയില്‍ റിപ്പോര്‍ട്ടില്‍ ഉള്ളത്. തന്ത്രപരമായ ധാരണയായിരുന്നു ഇതെന്നും അമേരിക്കന്‍ മാധ്യമത്തില്‍ ഇന്ത്യ-കാനഡ നയതന്ത്ര ബന്ധത്തിലുള്ള പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കാനഡയുടെ കാഴ്ചപ്പാട് അവതരിപ്പാന്‍ ലക്ഷ്യം വെച്ചായിരുന്നു നീക്കമെന്നുമാണ് ഡ്രൂയിന്‍ വിശദീകരിക്കുന്നത്.
ഇത് സംബന്ധിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ് അറിഞ്ഞിരുന്നുവെന്നും അതേസമയം പ്രധാനമന്ത്രിയുടെ അനുമതി ഇക്കാര്യത്തില്‍ ആവശ്യമില്ലായിരുന്നുവെന്നും ഡ്രൂയിന്‍ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കനേഡിയന്‍ പൗരന്‍മാരെ ലക്ഷ്യമിട്ട് ഇന്ത്യ നടത്തിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചാണ് വിവരങ്ങള്‍ കൈമാറിയത്. ഇവയൊന്നും രഹസ്യ സ്വഭാവത്തിലുള്ളതായിരുന്നില്ല. ഇക്കാര്യത്തിലെ വിശദാംശങ്ങള്‍ പ്രതിപക്ഷ നേതാക്കളുമായും പങ്കുവെച്ചിരുന്നുവെന്നും ഡ്രൂയിന്‍ പറഞ്ഞു.
നിജ്ജര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് വാഷിങ്ടണ്‍ പോസ്റ്റില്‍ വന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് കാനഡയുടെ 6 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയത്. എന്തുകൊണ്ടാണ് കനേഡിയന്‍ പൗരന്‍മാരെ അറിയിക്കുന്നതിന് മുന്‍പ് മറ്റൊരു വിദേശ മാധ്യമത്തിന് വിവരങ്ങള്‍ കൈമാറിയെന്നും അമിത് ഷായെ കുറിച്ച് പറഞ്ഞുവെന്നുമുള്ള ചോദ്യത്തിന് വാഷിങ്ടണ്‍ പോസ്റ്റ് മാധ്യമപ്രവര്‍ത്തകന്‍ ചോദിച്ച സാഹചര്യത്തിലാണ് അമിത് ഷായുടെ പേര് പ്രതിപാദിച്ചത് എന്നാണ് ഡ്രൂയിന്‍ നല്‍കിയ മറുപടി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്