ഒട്ടാവ: സിഖ് വിഘടനവാദി ഹർദീപ് സിംഗ് നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് ഇന്ത്യൻ പ്രധാനമന്ത്രിക്ക് അറിയാമായിരുന്നുവെന്ന് അവകാശപ്പെടുന്ന കനേഡിയൻ മാധ്യമ റിപ്പോർട്ട് നിഷേധിച്ച് ഇന്ത്യ.
“ഞങ്ങൾ സാധാരണയായി മാധ്യമ റിപ്പോർട്ടുകളെക്കുറിച്ച് അഭിപ്രായം പറയാറില്ല. എന്നിരുന്നാലും, ഒരു കനേഡിയൻ സർക്കാർ ഉദ്യോഗസ്ഥൻ ഒരു പത്രത്തോട് നടത്തിയ അത്തരം പരിഹാസ്യമായ പ്രസ്താവനകൾ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണം, ”വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.
ഇത്തരം അപവാദ പ്രചാരണങ്ങൾ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വഷളാക്കുകയേയുള്ളൂ എന്നും ജയ്‌സ്വാൾ പറഞ്ഞു. കനേഡിയൻ പത്രമായ ദ ഗ്ലോബ് ആൻഡ് മെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു മുതിർന്ന ദേശീയ സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച്, ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിനും (എൻഎസ്എ) വിദേശകാര്യ മന്ത്രിക്കും നിജ്ജാറിനെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമായിരുന്നുവെന്നാണ് ദി ഗ്ലോബ് ആൻഡ് മെയിലിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ട് പറയുന്നത്.
2023 ജൂണിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലെ ഒരു ഗുരുദ്വാരയ്ക്ക് പുറത്താണ് നിജ്ജാർ വെടിയേറ്റ് മരിച്ചത്. കനേഡിയൻ അധികൃതർ കൊലപാതകത്തിൽ പങ്കുണ്ടെന്ന് കാട്ടി നാല് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്യുകയും കുറ്റം ചുമത്തുകയും ചെയ്തിരുന്നു. കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. ട്രൂഡോയുടെ ആരോപണം അസംബന്ധം എന്നാണ് ഇന്ത്യ പ്രതികരിച്ചത്. പക്ഷേ ട്രൂഡോയുടെ ഈ ആരോപണം ഇന്ത്യ - കാനഡ ബന്ധത്തെ വലിയ തോതിൽ ബാധിച്ചിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്