രാഷ്ട്രീയത്തിലെ പച്ചപ്പരമാർത്ഥങ്ങൾ വിളിച്ചു പറഞ്ഞ 'സന്ദേശ'ത്തിലെ ശങ്കരാടിയുടെ കാലത്തെ സിനിമാസ്വാദകരിൽ നിന്ന് മലയാളി പ്രേക്ഷകരുടെ മനസ് മാറിയതാണോ, അതോ രക്തത്തിൽ കൂടിയ ഡോസിൽ മതരാഷ്ടീയം കലർന്ന ഒരു ജനതയുടെ പരാക്രമങ്ങളണോ എംബുരാൻ വിവാദത്തിൽ തെളിഞ്ഞത് ?
വിവാദം ഇഷ്ട സന്ധ്യാവിഭവമായി മാറിയ ഒരു ജനത. ഇതുവരെ കൂടുതലും മതത്തിലും രാഷ്ട്രീയത്തിലും ഇറങ്ങിക്കളിച്ചിരുന്ന സോഷ്യൽ മീഡിയ. ഇവിടെ മതവും രാഷ്ട്രീയവും ഒന്നിച്ച ചേരുവ ഒത്തു വന്നാൽ രുചിക്കാതെ വിടുമോ?
പ്രിഥ്വിരാജിന്റെ എംബുരാൻ തിയറ്ററിൽ കണ്ടിട്ട് ആരും എഴുന്നേറ്റ് നിന്ന് കൂവിയതായി കേട്ടില്ല. സ്‌ക്രീനിലേയ്ക്ക് കല്ലെറിഞ്ഞില്ല. തിയറ്റർ കത്തിച്ചില്ല. സംവിധായകനെ വഴിയിൽ തടഞ്ഞില്ല. സൃഷ്ടിക്കപ്പെട്ട ഒരു വിവാദത്തിന്റെ ഇരമ്പം തുടക്കത്തിലേ കേട്ടു. അത് കളക്ഷന് ഗുണം ചെയ്യുമെന്ന് കരുതിയവരുണ്ട്. പക്ഷെ, കാര്യങ്ങൾ അവിടെ നിന്നില്ല; തിരക്കഥ എഴുതിയ മുരളി ഗോപിയുടെ ഭാവനയെപ്പോലും കടത്തി വെട്ടുന്ന കഥകൾ വന്നു നിറയുന്ന കാഴ്ചയാണ് മോഹൻലാലും കൂട്ടരും കണ്ടത്.
സത്യവും അർദ്ധസത്യവും അത്യുക്തിയും പെരുംനുണകളും ചേർന്ന പെരുങ്കളിയാട്ടം. കളിയിൽ വമ്പന്മാർ ഏറ്റുമുട്ടി. പതിവ് പ്രതികരണ ഭീമന്മാർ പലരും മൗനം പൂണ്ടു. ചില കുഞ്ഞന്മാർ പടം റി എഡിറ്റഡ് പതിപ്പ് ഇറങ്ങും വരെ ആർത്തലച്ചുകൊണ്ടിരുന്നു. എഡിറ്റിംഗ് കഴിഞ്ഞിട്ടും പ്രേക്ഷകർക്ക് കുറവില്ലെന്ന റിപ്പോർട്ടും പുറത്തു വന്നു. വിവാദങ്ങളുടെ പേരിൽ 24 ഇടങ്ങളിൽ വരുത്തിയ മാറ്റം സിനിമയെ ബാധിക്കുമോ എന്നത് ഇനി വിഷയമല്ല. സിനിമ ഉയർത്തിയ വിഷയം അപ്പോഴും, എത്ര വട്ടം റി എഡിറ്റിംഗ് നടത്തിയാലും അന്തരീക്ഷത്തിൽ തങ്ങിനിൽക്കും. അതിനുള്ള തെളിവാണ് കട്ടിംഗ് കഴിഞ്ഞിട്ടും സംവിധായകൻ പുലർത്തുന്ന ആത്മവിശ്വാസം!
മുറിച്ചാലും മുറിയാത്ത കഥ
ആദ്യ 48 മണിക്കൂറിനുള്ളിൽ ചിത്രം 100 കോടി ക്ലബിൽ കടന്നിരുന്നു. മാർച്ച് 27 ന് രാവിലെ ആറ് മണി മുതലാണ് എമ്പുരാന്റെ പ്രദർശനം ആരംഭിച്ചത്. എമ്പുരാന്റെ മേയ്ക്കിംഗ് ചലഞ്ച് നിറഞ്ഞ ഒന്നായിരുന്നു എന്ന് പൃഥ്വിരാജ് പറഞ്ഞിരുന്നു. നാലിലധികം രാജ്യങ്ങളിലാണ് എമ്പുരാൻ ഷൂട്ട് ചെയ്തത്. അവസരമുണ്ടായാൽ എമ്പുരാന്റെ മേക്കിംഗിനെ കുറിച്ച് പറയുന്ന 90 മിനിട്ട് ദൈർഘ്യമുള്ള ഡോക്യുമെന്ററി നിർമിക്കാൻ ആലോചനയുണ്ടെന്നും പൃഥ്വിരാജ് പറയുന്നു. ഇതിനർത്ഥം, ഒളിഞ്ഞും തെളിഞ്ഞും എമ്പുരാൻ പ്രേക്ഷകരിലേയ്ക്ക് കഥാതന്തു മാറാതെ കടന്നുവരും എന്നു തന്നെ. ഇനി ഡോക്യുമെന്ററിയിലും കത്തി വച്ചാൽ അതും പ്രചരണായുധം തന്നെ.
എമ്പുരാന്റെ ഒറിജിനൽ പതിപ്പിന് വെട്ട് വന്നപ്പോൾ പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് ബജ്‌റംഗി എന്നത് മാറ്റി ബൽരാജ് എന്നാക്കി. 18 ഇടങ്ങളിൽ പേര് മാറ്റി ഡബ്ബ് ചെയ്തു. സ്ത്രീകളെ ബലാൽസംഗം ചെയ്യുന്ന ദൃശ്യങ്ങൾ ഒഴിവാക്കി. ഗുജറാത്ത് കലാപത്തെ സംബന്ധിച്ച ചില ദൃശ്യങ്ങൾ മാറ്റി. എൻ.ഐ.എ ലേഗോ കാണിക്കില്ല. വില്ലൻ കഥാപാത്രം കേന്ദ്ര ആഭ്യന്തര മന്ത്രിയെ വിളിക്കുന്നതായുള്ള സീനും ഒഴിവാക്കി.
എമ്പുരാൻ റീ എഡിറ്റഡ് പതിപ്പ് ഇറക്കിയത് അസാധാരണ നീക്കങ്ങളിലൂടെയാണ്. അവധി ദിവസങ്ങൾ കഴിഞ്ഞ് ചൊവ്വാഴ്ചയോടെ സിനിമയിൽ തിരുത്തൽ വരുത്താനായിരുന്നു ആദ്യ ധാരണ. എന്നാൽ പല ഭാഗങ്ങളിൽ നിന്നും റീജിയണൽ സെൻസർ ബോർഡിനും ശക്തമായ സമ്മർദ്ദം ഉണ്ടായി. ഇതേത്തുടർന്ന് അവധി ദിവസമായ ഞായറാഴ്ച തന്നെ റീ സെൻസറിംഗ് ജോലികൾ പൂർത്തിയാക്കുകയായിരുന്നു.
സിനിമ സെൻസറിംഗ് നടത്തിയ റീജിയണൽ ഓഫീസർക്കും സെൻസറിംഗ് അംഗങ്ങൾക്കും എതിരെ നടപടി വേണമെന്ന് സംഘപരിവാർ ആവശ്യപ്പെട്ടു. എന്നാൽ ചിത്രത്തിന്റെ രചിതാവായ മുരളി ഗോപി വിവാദത്തിൽ ഒരു പ്രതികരണവും നടത്തിയില്ല എന്നിടത്താണ് നിലപാട് വ്യക്തമാകുന്നത്. മോഹൻലാലിന്റെ ക്ഷമാപണ കുറിപ്പ് ചിത്രത്തിന്റെ അണിയറക്കാർ എല്ലാം പങ്കുവച്ചിട്ടും മുരളി ഗോപി പങ്കുവച്ചില്ല. അതേ സമയം ചിത്രത്തിലെ അടുത്തിറങ്ങിയ ഗാനം അടക്കം മുരളി ഗോപി പങ്കുവച്ചു.
എന്തായാലും മുരളി ഗോപി വിവാദത്തിൽ പുലർത്തുന്ന നിശബ്ദതയും സോഷ്യൽ മീഡിയയിൽ കത്തി നിറഞ്ഞു. ചിത്രത്തെ വ്യാഖ്യാനിക്കുന്നവർക്ക് ആ രീതിയിൽ ആകാമെന്നും, താൻ ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ലെന്നും വാർത്ത ഏജൻസിയോട് മുരളി ഗോപി പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. ഫെഫ്ക ഒഴികെ സിനിമാ സംഘടനകളും വിഷയത്തിൽ മൗനത്തിലാണ്. വിവാദങ്ങൾക്കിടയിലും തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ് ചിത്രം. സിനിമയുടെ റെക്കോർഡ് കളക്ഷൻ വിവരങ്ങൾ താരങ്ങൾ തന്നെ പുറത്തുവിട്ടു.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ എന്നീ ഭാഷകളിലും എമ്പുരാൻ റിലീസ് ചെയ്തിരുന്നു. ഇവിടങ്ങളിൽ നിന്നും റിലീസ് ചെയ്ത നാല് ദിവസത്തിൽ എമ്പുരാൻ നേടിയ കളക്ഷൻ വിവരങ്ങൾ പുറത്തുവന്നു. ബോക്‌സ് ഓഫീസ് സൈറ്റായ സാക്‌നിൽക്കിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ എമ്പുരാന് മിന്നും പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചു. 50 കോടിയാണ് കേരളത്തിൽ നിന്നും എമ്പുരാൻ നേടിയത്. ഏറ്റവും കുറവ് കളക്ഷൻ ആന്ധ്രാപ്രദേശ്, തെലുങ്കാന തുടങ്ങിയ ഇടങ്ങളിൽ നിന്നുമാണ്. 3.1 മാത്രമാണ് ഇവിടെ നിന്നും ചിത്രത്തിന് നേടാനായത്. ആദ്യദിനം 1.5 കോടി നേടിയപ്പോൾ മറ്റ് രണ്ട് ദിവസങ്ങളിൽ അഞ്ച് ലക്ഷവും നാലാം ദിനം ആറ് ലക്ഷവും എമ്പുരാന് നേടാനായി.
അതിനിടെ, സിനിമയെ സിനിമയായും കലാരൂപമായും കണേണ്ടതാണെന്ന അഭിപ്രായ പ്രകടനം നടത്തിയ അമേരിക്കയിലെ അഭിനേതാവും എഴുത്തുകാരനുമായ തമ്പി ആന്റണി ഈ വിഷയത്തിൽ ഒരു താരതമ്യ പഠനം അവതരിപ്പിച്ചു. ആവിഷ്‌കാരസ്വാതന്ത്ര്യമുണ്ടെന്ന് അഭിമാനിക്കുന്ന ഒരു ജനാധിപത്യരാജ്യത്ത് എന്തിനാണൊരു സെൻസർ ബോർഡ്? ആദ്യം അതു പിരിച്ചുവിടുകയാണു വേണ്ടത്. അമേരിക്കയുൾപ്പെടെ മറ്റൊരു ജനാധിപത്യരാജ്യത്തും ഇങ്ങനെയൊരു കത്രികപ്രസ്ഥാനമില്ലെന്നോർക്കണം. അമേരിക്കയിൽ 'മോഷൻ പിക്‌ചേഴ്‌സ് അസോസിയേഷൻ' റേറ്റിംഗ് ചെയ്യാറുണ്ട്. കുട്ടികളെയും പ്രായമേറിയവരെയും ഉദ്ദേശിച്ചുള്ളതാണിത്. തികച്ചും ഒരു സ്വകാര്യകമ്മിറ്റിയാണിത്. നമ്മുടെ ഫെഫ്കയൊക്കെപ്പോലെ സിനിമയ്ക്കുവേണ്ടി ഒരസോസിയേഷൻ. ഗവൺമെന്റിന് അതിൽ ഒരു കാര്യവുമില്ല.
ഒരെഴുത്തുകാരനെന്ന നിലയിൽ ഇനിയൊരു വെട്ടിത്തിരുത്തലിനു മുരളി ഗോപി സമ്മതിക്കണമെന്നു തോന്നുന്നില്ല.
വധഭീഷണിയുണ്ടായിട്ടുപോലും സൽമാൻ റഷ്ദി അദ്ദേഹത്തിന്റെ പുസ്തകം വെട്ടിത്തിരുത്തിയതായി കേട്ടിട്ടില്ല. ഒരു നിലപാടുണ്ടെങ്കിൽ അതിൽ ഉറച്ചുനിൽക്കാനുള്ള തന്റേടമാണ് എഴുത്തുകാരനു വേണ്ടത്. അല്ലെങ്കിൽ എഴുതാതിരിക്കുക തമ്പി ആന്റണി വിലയിരുത്തി.
ഏതു വിമർശനവും ഉൾക്കൊള്ളാനല്ല, വിമർശനങ്ങൾ ഏതുവരെ ആകാമെന്നാണ് എംബുരാൻ എന്ന സമകാലിക പാഠം പഠിപ്പിക്കുന്നത്. എന്നുവച്ചാൽ, കലാകാരൻ കയ്യാളുന്ന സ്വാതന്ത്ര്യം ഭരണകൂടങ്ങളുടെ കൂടി ഇംഗിതത്തിന് രുചിക്കുന്നതാവണം. അടിയന്തരാവസ്ഥക്കാലത്തെ പത്രമാരണം പോലെ നവകാലത്തെ ചിത്രമാരണമായി എമ്പുരാൻ മാറുമ്പോൾ.. ഇക്കഥ ഇനിയും തുടരുമെന്നു തന്നെ വേണം കരുതാൻ.
പ്രജിത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1