പി.എം.ശ്രീ എന്ന വിവാദ പദ്ധതി പരിശോധിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതി ഒരുവട്ടം കൂടുന്നതിനു മുമ്പേതന്നെ സംഗതി തൽക്കാലം വേണ്ടെന്നു കേന്ദ്രത്തിന് കത്തെഴുതി കേരളം. ഇങ്ങനെ ചെയ്യേണ്ടിവന്നതിന്റെ ഒരേയൊരു കാരണം സി.പി.ഐയുടെ കടുത്ത നിലപാടു തന്നെ..!
ടുവിൽ ഗത്യന്തരമില്ലാതെ പി.എം.ശ്രീ പദ്ധതി താൽക്കാലികമായി നിറുത്തിവെച്ചെന്ന് കാണിച്ച് കേരളം കേന്ദ്ര സർക്കാരിന് കത്തയക്കേണ്ടി വന്നു. വിവാദ പദ്ധതി പരിശോധിക്കാൻ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയാകട്ടെ ഇതുവരെ ഒരു യോഗം പോലും ചേർന്നിട്ടുമില്ല. എന്നിട്ടും ഇങ്ങനെ ചെയ്യേണ്ടിവന്നത് സി.പി.ഐയുടെ കടുത്ത നിലപാടു മൂലം തന്നെ..! 2020ൽ നരേന്ദ്ര മോദി സർക്കാർ പ്രഖ്യാപിച്ച നാഷണൽ എജ്യുക്കേഷൻ പോളിസി (എൻഇപിയുടെ) ഭാഗമായി 2022 സെപ്തംബർ ഏഴിന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂൾ ഫോർ റൈസിംഗ് ഇന്ത്യ അഥവാ പി.എം.ശ്രീ.
സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് പ്രധാനമായും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതായി കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്. രാജ്യത്തെ 14,500 സർക്കാർ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളായി ഉയർത്തുകയാണ് ലക്ഷ്യം. ഒരു ബ്ലോക്കിൽ രണ്ട് സ്‌കൂളുകളെ ഇതിനായി തെരഞ്ഞെടുക്കും. 27,360 കോടി രൂപയാണ് ഈ ആവശ്യത്തിലേക്കായി വകയിരുത്തിയിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതി മെച്ചപ്പെടുത്തുക, സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുക തുടങ്ങിയവയാണ് പ്രഖ്യാപിത ലക്ഷ്യങ്ങളായി കേന്ദ്രസർക്കാർ അവതരിപ്പിച്ചത്.
ഇവയെല്ലാം 2020ലെ എൻഇപിയോട് ചേർന്ന് നിൽക്കുന്ന തരത്തിലായിരിക്കണമെന്ന് നിർദേശിച്ചിരുന്നുമുണ്ട്. കേടുപാടുകൾ ഇല്ലാത്ത സ്‌കൂൾ കെട്ടിടം, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു ടോയ്‌ലെറ്റ് വീതമെങ്കിലും ഉണ്ടാവണം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് വേണ്ടി റാമ്പുകൾ തുടങ്ങിയ മാനദണ്ഡങ്ങൾ സ്‌കൂളുകൾക്ക് നിർദേശിച്ചിരുന്നു. ഇവ പ്രകാരമുള്ള ചാലഞ്ച് മോഡ് വഴിയാണ് സ്‌കൂളുകൾ തെരഞ്ഞെടുക്കുന്നത്. കുട്ടികളുടെ പഠന നിലവാരം, അധ്യാപകർ തുടങ്ങിയ അടക്കമുള്ള മറ്റു മാനദണ്ഡങ്ങൾ അനുസരിച്ച് സ്‌കോറുകളും ഏർപ്പെടുത്തി. നഗര പ്രദേശങ്ങളിൽ 70 ശതമാനവും ഗ്രാമ പ്രദേശങ്ങളിൽ 60 ശതമാനവും സ്‌കോർ ലഭിച്ചാൽ പദ്ധതിയിലേക്ക് അപേക്ഷിക്കാനാകും.
പദ്ധതിയുടെ നടത്തിപ്പിന് 60-40 എന്ന അനുപാതത്തിലായിരിക്കും ഫണ്ട് അനുവദിക്കുക. അതായത് 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാനവും നൽകണം. ഒരു സ്‌കൂളിന് പരമാവധി ലഭിക്കുക 1.13 കോടി രൂപയായിരിക്കും. ഈ സ്‌കൂളുകളിൽ ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കുകയും സ്‌കൂളിന്റെ പേരിന് മുന്നിലായി പി.എം.ശ്രീ എന്ന് ചേർക്കുകയും പ്രധാനമന്ത്രിയുടെ ചിത്രം പതിക്കുകയും വേണം. സ്‌കൂളുകളിൽ സംസ്ഥാന സിലബസ് ആയിരിക്കില്ല. എൻസിഇആർടി സിലബസ് ആയിരിക്കും നടപ്പിലാക്കുക.
ശാസ്ത്ര വിഷയങ്ങൾ, കല, സ്‌പോർട്‌സ് എന്നിവയിൽ പ്രത്യേക ഊന്നൽ നൽകും, ഗ്രൗണ്ട് അടക്കം അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കും, സയൻസ് സർക്കിൾ, ഗണിത സർക്കിൾ തുടങ്ങിയവ നടപ്പാക്കും. കൃഷിയുടെ പ്രോത്സാഹനത്തിനായി ഹരിത വിദ്യാലയയും പരിസ്ഥിതി, ജലസംരക്ഷണം തുടങ്ങിയവയ്ക്കായുള്ള പാഠ്യ പരിപാടികൾ എന്നിവ നടപ്പിലാക്കും തുടങ്ങിയവയായിരുന്നു വാഗ്ദാനങ്ങൾ.
എൻഇപി അഥവാ നാഷണൽ എജ്യുക്കേഷൻ പോളിസിയുടെ ഫ്രെയിംവർക്കിലുള്ള പദ്ധതി ആയതുകൊണ്ടുതന്നെ പ്രതിപക്ഷ പാർട്ടികൾ, പ്രത്യേകിച്ച് ഇടതു പാർട്ടികൾ വലിയ പ്രതിഷേധം ഇതിനെതിരെ ഉയർത്തിയിരുന്നു. എൻസിഇആർടി സിലബസിൽ കേന്ദ്രസർക്കാർ പലപ്പോഴായി കൊണ്ടുവന്ന മാറ്റങ്ങൾ ആർഎസ്എസ് താൽപര്യങ്ങൾക്ക് അനുസരിച്ചുള്ളതായിരുന്നുവെന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. ചരിത്രത്തെ കാവിവൽക്കരിക്കുന്ന സമീപനമാണെന്നും വിമർശനം ഉയർന്നു.
പദ്ധതിയിൽ ചേരണമെങ്കിൽ കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രത്തിൽ ഒപ്പു വെക്കേണ്ടതായുണ്ട്.
ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നയം ഏറെക്കുറെ നടപ്പാക്കിയിരുന്നു. ബാക്കിയുള്ള സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവൽക്കരിക്കുകയാണ് നയത്തിന്റെ ലക്ഷ്യമെന്ന വിമർശനം ഇടതു പാർട്ടികളാണ് പ്രധാനമായും ഉയർത്തിയത്. വിദ്യാഭ്യാസത്തിൽ സ്വകാര്യവത്കരണവും വർഗ്ഗീയവത്കരണവും പ്രോത്സാഹിപ്പിക്കുകയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും ഇടതുപക്ഷം നിലപാടെടുത്തു. 1986ലെ വിദ്യാഭ്യാസ നയം പൊളിച്ചുകൊണ്ടാണ് നരേന്ദ്രമോദി സർക്കാർ 2020ൽ എൻഇപി അവതരിപ്പിച്ചത്. പുതിയ നയത്തിലെ ഹിന്ദിക്കും സംസ്‌കൃതത്തിനും പ്രാധാന്യം നൽകുന്ന ത്രിഭാഷാ നയത്തിനെതിരെയാണ് തമിഴ്‌നാട് എതിർപ്പുമായി രംഗത്തെത്തിയത്.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ ഹിന്ദുത്വ നയമാണ് ഇതിലൂടെ നടപ്പാക്കാൻ ശ്രമിക്കുന്നതെന്ന് തമിഴ്‌നാട് ശക്തിയായി ആരോപിച്ചു. എന്തിനേറെ, പദ്ധതിക്ക് എതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് തമിഴ്‌നാട്. ഡൽഹിയും പഞ്ചാബുമാണ് തുടക്കം മുതൽ തന്നെ പദ്ധതിക്കെതിരെ രംഗത്ത് വന്നത്. ഈ സംസ്ഥാനങ്ങളിൽ ആം ആദ്മി പാർട്ടി സർക്കാരുകൾ യഥാക്രമം 'സ്‌കൂളുകൾ ഓഫ് സ്‌പെഷ്യലൈസ്ഡ് എക്‌സലൻസ്', 'സ്‌കൂൾ ഓഫ് എമിനൻസ്' എന്നീ പേരുകളിൽ സ്‌കൂളുകൾക്കായി പി.എം.ശ്രിക്ക് സമാനമായ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. നേരത്തെ പദ്ധതിയിൽ അംഗമാകാൻ പഞ്ചാബ് തീരുമാനിച്ചിരുന്നു. 2022 ഒക്ടോബറിൽ ഇതുസംബന്ധിച്ച് ധാരണാപത്രത്തിൽ ഒപ്പുവെച്ചിരുന്നെങ്കിലും പിന്നീട് പഞ്ചാബ് ഏകപക്ഷീയമായി ഒഴിവാകുകയായിരുന്നു.
പി.എം.ശ്രി എന്ന് പ്രിഫിക്‌സ് ചേർക്കണമെന്ന ആവശ്യത്തെയാണ് പശ്ചിമ ബംഗാൾ എതിർത്തത്. നിലവിൽ തമിഴ്‌നാട്, ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നീ അഞ്ച് സംസ്ഥാനങ്ങൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചിട്ടില്ല. എന്നാൽ ആദ്യം എതിർത്തെങ്കിലും ഫണ്ട് നഷ്ടമാകുമെന്ന ആശങ്കയിൽ കേരളവും ഈ പദ്ധതിയുടെ ഭാഗമാകാൻ മന്ത്രിസഭയിൽ പോലും ആലോചിക്കാതെ ഏകപക്ഷീയമായി തീരുമാനിക്കുകയായിരുന്നു. തമിഴ്‌നാടും കേരളവും സന്നദ്ധത അറിയിച്ചെങ്കിലും ഡൽഹി, പഞ്ചാബ്, പശ്ചിമ ബംഗാൾ എന്നിവ വിസമ്മതിച്ചതാണ് എസ്എസ്എ ഫണ്ട് നിർത്താൻ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്നാണ് സൂചന.
ഓർക്കുക, ഈ പദ്ധതി നടപ്പാക്കുന്ന സ്‌കൂളുകളിൽ, പാഠ്യപദ്ധതി കരിക്കുലം അടക്കമുള്ള ഏതാണ്ട് മുഴുവൻ കാര്യങ്ങളും മേലിൽ കേന്ദ്ര സർക്കാരായിരിക്കും തീരുമാനിക്കുക. കേരളത്തിലെ 332 വിദ്യാലയങ്ങളുടെ നിയന്ത്രണം കേന്ദ്ര സർക്കാരിന്റെ കൈവശമാകും. കേരള സിലബസ് പ്രകാരം പഠിപ്പിക്കാനാവാത്ത അവസ്ഥ സംജാതമാകും. ഭരണഘടനാ മൂല്യങ്ങളെയും രാജ്യത്തിന്റെ സ്വഭാവത്തെയും അപ്രസക്തമാക്കുന്ന കാര്യങ്ങളാണ് ദേശീയ വിദ്യാഭ്യാസ നയത്തിലുള്ളത്. അതിനനുസൃതമായ പാഠപുസ്തകങ്ങളും പാഠ്യപദ്ധതികളുമൊക്കെ അണിയറയിൽ തയാറാണ്. അതൊക്കെയും കേരളത്തിലെ വിദ്യാർഥി കൾ പഠിക്കേണ്ടതായി വരും. അധ്യാപക നിയമനവും യോഗ്യതയും വിലയിരുത്തലും ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ചായിരിക്കും.
പ്രധാനമന്ത്രിയുടെ ചിത്രവും പി.എം.ശ്രീ ബോർഡും സ്ഥാപിക്കുക മാത്രമല്ല, അതത് ബ്ലോക്കുകളിലെ ഇതര വിദ്യാലയങ്ങളെ മെന്റർ ചെയ്യാനുള്ള അവകാശവും തെരഞ്ഞെടുക്കപ്പെടുന്ന സ്‌കൂളുകൾക്കുണ്ട്. അഥവാ ഇത്തരം സ്‌കൂളുകളുടെ ചുറ്റുവട്ടത്തുള്ള മറ്റ് സ്‌കൂളുകളെയും പരിധിയിൽ നിർത്താൻ കേന്ദ്രത്തിന് സാധിക്കും. അതോടെ, ക്രമേണയെങ്കിലും ആർ.എസ്.എസിന്റെ കാവിവൽക്കരണത്തിന് കേരളത്തിലെ പൊതുവിദ്യാഭ്യാസ സംവിധാനം വിധേയപ്പെടേണ്ടിയും വരും. എന്തായാലും തൽക്കാലം ആ വയ്യാവേലിയിൽ നിന്നും കേരളത്തിന് ഒഴിയാനായിഎന്നുമാത്രം.
എമ എൽസ എൽവിൻ
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
