പാശ്ചാത്യ രാജ്യങ്ങളുടെ ഒറ്റപ്പെടുത്തലിനെ റഷ്യയും ചൈനയും തങ്ങളുടെ സൗഹൃദവും സഹകരണവും ശക്തിപ്പെടുത്തിക്കൊണ്ട് മറികടക്കാന്‍ ശ്രമിക്കുകയാണ്. ഈ സുപ്രധാന നീക്കത്തിന്റെ ഭാഗമായി, ചൈനീസ് പൗരന്മാര്‍ക്ക് റഷ്യയിലേക്ക് ഉടന്‍ തന്നെ വിസ രഹിത യാത്ര അനുവദിക്കുമെന്ന് പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ പ്രഖ്യാപിച്ച് കഴിഞ്ഞു. റഷ്യന്‍ പൗരന്മാര്‍ക്ക് വിസയില്ലാതെ പ്രവേശനം അനുവദിക്കാനുള്ള ചൈനയുടെ സമീപകാല തീരുമാനത്തിന് മറുപടി നല്‍കുന്നതാണ് ഈ നടപടി.
ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്.സി.ഒ) ഗവണ്‍മെന്റ് തലവന്മാരുടെ കൗണ്‍സില്‍ യോഗത്തിനായി റഷ്യയിലെത്തിയ ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാങ്ങുമായി നടത്തിയ ചര്‍ച്ചയിലാണ് റഷ്യന്‍ നേതാവ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ശക്തികള്‍ തങ്ങളുടെ പരസ്പര ബന്ധം ശക്തമാക്കുമ്പോള്‍, ഇത് കേവലം യാത്രാ സൗകര്യങ്ങള്‍ക്കപ്പുറം, ആഗോള രാഷ്ട്രീയത്തിലെ ഒരു പുതിയ ധ്രുവീകരണത്തെയാണ് സൂചിപ്പിക്കുന്നത്.
ബന്ധം ശക്തിപ്പെടുത്തുന്നു
സെപ്റ്റംബറില്‍ ചൈന ഒരു പദ്ധതി അവതരിപ്പിച്ചിരുന്നു. റഷ്യന്‍ യാത്രികര്‍ക്ക് ഒരു വര്‍ഷത്തെ ട്രയല്‍ വിസ രഹിത പ്രവേശന. അതിനെ പുടിന്‍ ആത്മാര്‍ത്ഥമായി പ്രശംസിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന് ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പിന്നീട് റഷ്യ സന്ദര്‍ശിക്കുന്ന ചൈനീസ് പൗരന്മാര്‍ക്ക് വിസയിളവ് ഉള്‍പ്പെടെയുള്ള പരസ്പര നടപടികള്‍ തങ്ങളുടെ ഭാഗത്തുനിന്ന് വളരെ വേഗം പ്രാബല്യത്തില്‍ വരുമെന്ന് റഷ്യന്‍ പ്രസിഡന്റും പ്രഖ്യാപിച്ചു. സാമ്പത്തികമായും തന്ത്രപരമായും പരസ്പരം പിന്തുണയ്ക്കുന്ന ഈ രണ്ട് രാജ്യങ്ങള്‍, പൗരന്മാര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നതിലൂടെ ഉഭയകക്ഷി സഹകരണം കൂടുതല്‍ ഉയര്‍ത്തുകയും പാശ്ചാത്യ രാജ്യങ്ങള്‍ക്ക് ശക്തമായ ഒരു സന്ദേശം നല്‍കുകയാണെന്നും ലോകം വിലയിരുത്തുന്നു.
സൗഹൃദത്തിന്റെ പ്രതിഫലനം
നയതന്ത്രപരമായ ഈ നീക്കത്തിന്റെ ഫലങ്ങള്‍ ഇതിനോടകം തന്നെ ടൂറിസം മേഖലയില്‍ പ്രകടമായിത്തുടങ്ങി. ഒക്ടോബറില്‍ ചൈന സന്ദര്‍ശിച്ച റഷ്യന്‍ പൗരന്മാരുടെ എണ്ണത്തില്‍ വര്‍ഷം തോറും 30-40% വരെ വര്‍ധനവ് ഉണ്ടായതായി സ്റ്റേറ്റ് ഡുമയുടെ ടൂറിസം കമ്മിറ്റി ഡെപ്യൂട്ടി ചെയര്‍പേഴ്സണ്‍ ടാറ്റിയാന ലോബാക്ക് ടാസിനോട് പറഞ്ഞു. ''ആളുകള്‍ ഒരു സൗഹൃദ രാജ്യത്തിന്റെ സംസ്‌കാരം, പ്രകൃതി, പാരമ്പര്യങ്ങള്‍ എന്നിവയെക്കുറിച്ച് പഠിക്കാന്‍ ആഗ്രഹിക്കുന്നു,'' ലോബാക്ക് കൂട്ടിച്ചേര്‍ത്തു.
രണ്ട് വര്‍ഷം മുമ്പ് തന്നെ റഷ്യയും ചൈനയും ടൂര്‍ ഗ്രൂപ്പുകള്‍ക്ക് വിസ രഹിത യാത്രകള്‍ അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. ഈ സഹകരണത്തിന്റെ ഫലമായി ടൂറിസ്റ്റുകളുടെ എണ്ണം കുതിച്ചുയര്‍ന്നു. ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ വരെ 2,37000 റഷ്യക്കാര്‍ ചൈന സന്ദര്‍ശിച്ചു, അതേസമയം 2,62000 ചൈനീസ് വിനോദസഞ്ചാരികള്‍ റഷ്യയിലെത്തി.
വ്യോമയാന ബന്ധം
നിലവില്‍, എട്ട് റഷ്യന്‍ വിമാനക്കമ്പനികള്‍ ചൈനയിലേക്ക് 36 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നുണ്ട്. പത്ത് ചൈനീസ് വിമാനക്കമ്പനികള്‍ റഷ്യയിലേക്ക് 24 റൂട്ടുകളില്‍ സര്‍വീസ് നടത്തുന്നു. ആഴ്ചയില്‍ ആകെ 230 വിമാനങ്ങള്‍ ഈ റൂട്ടുകളില്‍ പറക്കുന്നു. വിസ രഹിത യാത്ര യാഥാര്‍ത്ഥ്യമാകുന്നതോടെ, ഈ എയര്‍ ബ്രിഡ്ജ് കൂടുതല്‍ സജീവമാവുകയും ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള സാമ്പത്തിക പ്രവാഹം വര്‍ധിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.
ഒറ്റപ്പെടുത്തലുകള്‍ പരാജയമോ ?
റഷ്യയും ചൈനയും തമ്മിലുള്ള പരസ്പര വിസ രഹിത കരാര്‍, പാശ്ചാത്യ ശക്തികള്‍ റഷ്യയെ ഒറ്റപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരായുള്ള ശക്തമായ മറുപടിയാണ്. പരസ്പരം പിന്തുണച്ചുകൊണ്ട്, സാംസ്‌കാരികമായും സാമ്പത്തികമായും തന്ത്രപരമായും ലോകത്തിലെ പുതിയ ശക്തികേന്ദ്രങ്ങളായി മാറാനുള്ള ഈ നീക്കം, അന്താരാഷ്ട്ര ബന്ധങ്ങളില്‍ ഒരു പുതിയതും ശക്തവുമായ കിഴക്കന്‍ അച്ചുതണ്ടിന്റെ ആവിര്‍ഭാവത്തെയാണ് സൂചിപ്പിക്കുന്നത്.
റഷ്യയുടെയും ചൈനയുടെയും പൗരന്മാര്‍ക്ക് ഇനി തടസ്സങ്ങളില്ലാത്ത യാത്രയുടെയും സഹകരണത്തിന്റെയും ഒരു പുതിയ യുഗമാണ് തുറക്കപ്പെടുന്നത്.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
