ബീഹാറിൽ ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളിൽ നിന്നും അകന്നുപോയ പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത് എന്ന അഭിപായം ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. വോട്ടുചോരി പ്രധാനം തന്നെ. എന്നാൽ അന്നന്നത്തെ അപ്പവും തൊഴിലും പാവപ്പെട്ട നാട്ടുകാർക്ക് അത്രമേൽ പ്രധാനമാണ്. അതിനാൽ അപ്പവും അതിനു എരിവുകൂടാൻ അല്പം കാശും കയ്യിൽ വന്നപ്പോൾ നാട്ടുകാർ നിതീഷ് അപ്പൂപ്പനെ തന്നെ അധികാരം ഏൽപ്പിച്ചു.
ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പു ഫലം രാജ്യത്തെ മുഖ്യ പ്രതിപക്ഷ കക്ഷിയായ കോൺഗ്രസ്സിനെ സംബന്ധിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതാണ്. തോൽവിയുടെ ആഘാതം ബിഹാറിൽ മാത്രം ഒതുങ്ങിനിൽക്കാനിടയില്ല. കാരണം ഇത് സംഖ്യാപരമായ ഒരു പരാജയം മാത്രമല്ല, മറിച്ചു ബി.ജെ.പിയും സഖ്യകക്ഷികളും നയിക്കുന്ന രാഷ്ട്രീയത്തെ നേരിടുന്നതിൽ കോൺഗ്രസ്സ് സ്വീകരിക്കുന്ന നയങ്ങൾ പരാജയപ്പെടുന്നതിന്റെ ലക്ഷണം കൂടിയാണ് ഈ ഫലങ്ങൾ എന്നതുതന്നെ.
2005ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിഹാറിൽ ബി.ജെ.പിയും ജനതാദൾ നേതാവ് നിതീഷ് കുമാറും ചേർന്ന് ആദ്യമായി ഒരു സഖ്യസർക്കാർ രൂപീകരിച്ചത്. നേരത്തെ ബീഹാർ ഭരിച്ച ജനതാദൾ നേതാവ് ലാലു പ്രസാദ് യാദവിന്റെ ഭരണകാലത്തു പിന്നാക്കമുസ്ലിം ഐക്യം എന്ന ശക്തമായ അടിത്തറയിലാണ് കാര്യങ്ങൾ നടന്നത്. ബിഹാറിനെ സംബന്ധിച്ച് അതൊരു വമ്പിച്ച മുന്നേറ്റവുമായിരുന്നു. എന്നാൽ കാലം കഴിഞ്ഞപ്പോൾ ലാലുവിന്റെ ഭരണം അഴിമതിയിലും സ്വജനപക്ഷപാതത്തിലും ആണ്ടുമുങ്ങി. പുറമെ, യാദവിന്റെ അനുയായികൾ നാടെങ്ങും അതിക്രമങ്ങൾ നടത്തുന്നതായി ആരോപണമുണ്ടായി. കാട്ടുഭരണം എന്നാണ് പലരും അന്നത്തെ ഭരണത്തെ വിശേഷിപ്പിച്ചത്.
നേരത്തെ ലാലുവും നിതീഷും അടക്കമുള്ള സോഷ്യലിസ്റ്റ് രാഷ്ടീയക്കാർ ഒന്നിച്ചു നിന്ന നാടാണ് ബീഹാർ. യഥാർത്ഥത്തിൽ ഇന്ത്യയിൽ കോൺഗ്രസ്സ് വിരുദ്ധ രാഷ്ടീയത്തിനു ഒരു വലിയ പരീക്ഷണശാലയായി പ്രവർത്തിച്ച സംസ്ഥാനവുമാണ് ബിഹാർ. അവിടെയാണ് എഴുപതുകളിൽ ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിൽ ജനകീയ മുന്നേറ്റം നടന്നത്. ബീഹാറിൽ ആരംഭിച്ച പ്രക്ഷോഭമാണ് അന്ന് രാജ്യമെങ്ങും ആളിപ്പടർന്നത്. അതാണ് ഇന്ദിരാഗാന്ധി രാജ്യമാകെ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചത്. അതാണ് രാജ്യമെങ്ങും കോൺഗ്രസ്സിന്റെ തകർച്ചയ്ക്ക് ആരംഭം കുറിച്ച സംഭവവികാസവും.
ബീഹാറിൽ ആരംഭിച്ച കോൺഗ്രസ്സ് വിരുദ്ധ രാഷ്ട്രീയം പിന്നീട് ഇന്ത്യയിലെ സോഷ്യലിസ്റ്റ് അഥവാ സമാജ്വാദി പ്രസ്ഥാനത്തെ ദുർബലമാക്കി ഭിന്നിപ്പിച്ചു. അവരിൽ ഒരു വിഭാഗം ആർ.എസ്്.എസ് സംഘപരിവാർ ശക്തികളുമായി യോജിച്ചുനീങ്ങാൻ തുടങ്ങി. മറുവിഭാഗം കോൺഗ്രസ്സുമായി യോജിച്ചു പോകാമെന്ന നിലപാടിലും എത്തിച്ചേർന്നു.
ബീഹാർ രാഷ്ട്രീയത്തിൽ ലാലുപ്രസാദ് യാദവും നിതിഷ് കുമാറുമാണ് ഈ രണ്ടു ഭിന്ന ധാരകളുടെ നേതാക്കളും വക്താക്കളുമായി പ്രവർത്തിച്ചത്. ലാലു ആദ്യകാലത്തു വലിയ നേട്ടങ്ങൾ കൈവരിച്ചു. അദ്ദേഹം കോൺഗ്രസ്സുമായി ചേർന്ന് ബീഹാറിൽ മാത്രമല്ല, കേന്ദ്ര സർക്കാരിലും മുഖ്യകാർമികനായി മാറി. കോൺഗ്രസ്സ് നേതൃത്വത്തിൽ യു.പി.എ സർക്കാരുകൾ വന്നപ്പോൾ അതിന്റെ മുഖ്യപങ്കാളികളിൽ ഒന്ന് ലാലുവിന്റെ ആർ.ജെ.ഡി ആയിരുന്നു. ഭരണം പൊടിപൊടിച്ചു. അനുയായികൾ നാടാകെ ആഘോഷം കേമമാക്കി. ലാലുവും കുടുംബവും നിലവിട്ടു പെരുമാറാൻ തുടങ്ങി. കാലിത്തീറ്റയിൽ നിന്നു പോലും കാശ് കൊയ്‌തെടുക്കുന്ന വിദ്യ അവർ സ്വായത്തമാക്കി. വൈകാതെ മുഖ്യമന്ത്രി ലാലു ജയിലിലായി. ഭാര്യ റാബ്രിദേവിയെ ഭരണം ഏല്പിച്ചു അദ്ദേഹം ജയിൽവാസത്തിനു യാത്രയായി.
മറുവശത്തു നിതീഷും അനുയായികളും പ്രതിപക്ഷത്തെ ബി.ജെ.പിയുമായി ദേശീയതലത്തിൽ കൂട്ടുകെട്ടുണ്ടാക്കി. വാജ്‌പേയിയുടെ മന്ത്രിസഭയിൽ പ്രവർത്തിക്കുന്ന കാലത്തും സംഘപരിവാരത്തിന്റെ ഹിന്ദുത്വ വർഗീയതയെ പുറമെയെങ്കിലും എതിർക്കുന്ന രീതി അവർ ചടങ്ങിനെങ്കിലും ആവർത്തിക്കുകയും ചെയ്തു. എന്നിരുന്നാലും വർഗീയ വിരോധത്തെക്കാൾ അവരിൽ മുന്തിനിന്ന വികാരം കടുത്ത കോൺഗ്രസ്സ് വിരോധത്തിന്റേതായിരുന്നു. അതിനാൽ ബീഹാറിലും കേന്ദ്രത്തിലും നിതീഷും പാർട്ടിയും ബി.ജെ.പിയുടെ വിശ്വസ്ത സഖ്യകക്ഷിയായി തുടർന്നു. അങ്ങനെയാണ് ബീഹാറിലും ബി.ജെ.പി -ജെ.ഡി.യു സഖ്യം അധികാരത്തിൽ വന്നത്. കഴിഞ്ഞ നാലുതവണയും നിതീഷ് മുഖ്യമന്ത്രിയായി വാഴുകയും ചെയ്തു.
അതിനിടയിൽ ഒരു അവസരത്തിൽ മാത്രമാണ് ഇരുകക്ഷികളും തമ്മിലുള്ള ബന്ധത്തിൽ ചില വിള്ളലുകൾ വീണത്. നരേന്ദ്രമോദി ഗുജറാത്തിൽ ഉയർന്നുവന്നത് 2000ത്തിനു ശേഷമാണ്. 2002ൽ അവിടെ നടന്ന മുസ്ലിംവേട്ടയിൽ രണ്ടായിരമോ മൂവ്വായിരമോ മുസ്ലിംകൾക്കു ജീവൻ നഷ്ടപ്പെട്ടു. പല അന്വേഷണകമ്മീഷനുകളും വന്നു. പല കോടതികളും കേസുകൾ കേട്ടു. എന്നാൽ മോദി പരിക്കൊന്നും ഏൽക്കാതെ രക്ഷപ്പെട്ടു. എന്നല്ല അദ്ദേഹം ഉത്തരോത്തരം മുന്നേറി. പിന്നീട് രാജ്യം കാണുന്നത് 2014ലെ പൊതുതെരഞ്ഞടുപ്പിൽ അദ്ദേഹം പ്രധാനമന്ത്രിയായി അധികാരത്തിലേക്കു കയറുന്നതാണ്.
മോദിയുടെ ഗുജറാത്ത് മോഡൽ സോഷ്യൽ എൻജിനീയറിങ്ങിനോടു തനിക്കുള്ള വിയോജിപ്പ് അക്കാലത്തു നിതീഷ് പരസ്യമായി പ്രകടിപ്പിച്ചു. ബീഹാറിൽ 2010ൽ ബി.ജെ.പി -ജെ.ഡി.യു സഖ്യം വീണ്ടും തെരഞ്ഞെടുപ്പിനെ നേരിട്ടപ്പോൾ മോദിയുമായി വേദി പങ്കിടാൻ പോലും അദ്ദേഹം വിസമ്മതിച്ചു. ഏതായാലും അന്നത്തെ തെരഞ്ഞെടുപ്പിൽ വമ്പിച്ച വിജയമാണ് സഖ്യം നേടിയത്. അതോടെ നിതീഷിനെ ചോദ്യം ചെയ്യാൻ ബീഹാറിൽ ആരുമില്ല എന്ന നിലവന്നു. അദ്ദേഹം അജയ്യനായി തുടർന്നുള്ള രണ്ടു തെരഞ്ഞെടുപ്പുകളിലും വിജയം വരിച്ചു.
ഇത്തവണ അഞ്ചാമത്തെ മത്സരത്തിൽ ബി.ജെ.പി -ജെ.ഡി.യു സഖ്യത്തെ തോൽപ്പിക്കും എന്നു പ്രഖ്യാപിച്ചു കൊണ്ടാണ് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും കോൺഗ്രസ്സിന്റെ രാഹുൽഗാന്ധിയും രംഗത്ത് ഇറങ്ങിയത്. നിതീഷ് പ്രായം കൊണ്ടും മോശം ആരോഗ്യം കാരണവും അവശനിലയിൽ. ബി.ജെ.പിയാകട്ടെ അദ്ദേഹത്തെ പിന്നിൽ നിന്നു കുത്താൻ തുടങ്ങുകയും ചെയ്തു. അതിനാൽ ഇത്തവണ നിതീഷ് ബി.ജെ.പി സഖ്യത്തെ പൊട്ടിക്കും എന്ന പ്രതീക്ഷ പലരും പങ്കുവെച്ചു.
മാത്രമല്ല, തെരഞ്ഞെടുപ്പ് കമ്മിഷൻ നടപ്പാക്കിയ തീവ്രവോട്ടർപട്ടിക പരിഷ്‌കരണത്തിലെ പ്രശ്‌നങ്ങൾ ദേശീയപ്രശ്‌നമായി ഉയർന്നുവരികയും ചെയ്തു. രാഹുൽഗാന്ധി നടത്തിയ മൂന്നു മാധ്യമ സമ്മേളനങ്ങളിൽ പരിഷ്‌കരണത്തിലെ പ്രശ്‌നങ്ങൾ അക്കമിട്ടു ചൂണ്ടിക്കാട്ടി. അതൊരു ദേശീയ വിഷയമായി നാടെങ്ങും ഉയർന്നുവന്നു. മറുവശത്തു ബി.ജെ.പിയും കൂട്ടരും കാൽനൂറ്റാണ്ടു മുമ്പത്തെ ലാലുവിന്റെ ഭരണത്തിലെ കാട്ടുനീതിയെപ്പറ്റി തന്നെയാണ് പറഞ്ഞുകൊണ്ടിരുന്നത്. എന്നിട്ടും വിജയിച്ചത് നിതീഷും സഖ്യവും തന്നെ. ഒറ്റനോട്ടത്തിൽ ആരെയും അത്ഭുതപ്പെടുത്തുന്ന ഫലമാണിത്. 2010ലെ വമ്പൻ വിജയത്തെ കവച്ചുവെക്കുന്ന വിജയം. അതിനാൽ വോട്ടെടുപ്പിൽ കൃത്രിമം നടന്നു എന്ന ആരോപണവും സ്വാഭാവികം.
എന്നാൽ ഒരു സത്യം ബാക്കി നിൽക്കുന്നു. ബീഹാർ വലിയൊരു സംസ്ഥാനമാണ്. ഡൽഹിയിലിരിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷനും ഉദ്യോഗസ്ഥരും ഒത്തൊരുമിച്ചു പ്രവർത്തിച്ചാലും അങ്ങനെയൊരു സ്ഥലത്തു ഇങ്ങനെ അത്യന്തം വിപുലമായ ഒരു അട്ടിമറി സംഘടിപ്പിക്കാൻ സാധ്യമാവില്ല. കാരണം ജനങ്ങളും പാർട്ടികളും ഇത്തവണ അങ്ങേയറ്റം ജാഗരൂകരായിരുന്നു. മാധ്യമങ്ങൾ കണ്ണിൽ മഷിയിട്ടു നോക്കിക്കൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കിയത്. അതിനാൽ അട്ടിമറിയാണ് തങ്ങളുടെ തോൽവിക്ക് കാരണം എന്ന കോൺഗ്രസ്സ് നേതൃത്വത്തിന്റെ ആഖ്യാനം വസ്തുതകൾക്കു നിരക്കുന്നതല്ല.
പിന്നെ എന്താണ് സംഭവിച്ചത്? വോട്ടർമാർക്ക്, പ്രത്യേകിച്ച് സ്ത്രീ വോട്ടർമാർക്ക്, ഇത്തവണ വാരിക്കോരി കൊടുത്ത ആനുകൂല്യങ്ങൾ നിതീഷിനെ തുണച്ചു എന്നുവേണം മനസ്സിലാക്കാൻ. കാരണം തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു തൊട്ടുമുമ്പാണ് ബീഹാറിൽ സ്ത്രീകൾക്ക് നേരിട്ട് ബാങ്ക് വഴി പതിനായിരം രൂപ വീതം നൽകുന്ന പരിപാടി പ്രഖ്യാപിച്ചു നടപ്പിലാക്കിയത്. അതൊരു അഴിമതിയായി വേണമെങ്കിൽ കണക്കാക്കാം. എന്നാൽ അതിൽ ഇടപെടേണ്ട തെരഞ്ഞെടുപ്പ് കമ്മീഷൻ അതു തടഞ്ഞില്ല. നേരത്തെ കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് ഇങ്ങനെയൊരു പരിപാടി നടപ്പാക്കാൻ നോക്കിയപ്പോൾ ഇതേ കമ്മീഷൻ തടയുകയുമുണ്ടായി.
എന്നാൽ അതൊന്നും കോൺഗ്രസ്സ് പരാജയത്തെ മറച്ചു വെക്കുന്നില്ല. ജനങ്ങളുടെ ദൈനംദിന ആവശ്യങ്ങളിൽ നിന്നും അകന്നുപോയ പ്രചാരണമാണ് പ്രതിപക്ഷം നടത്തിയത് എന്ന അഭിപായം ഇപ്പോൾ ഉയർന്നുവന്നിട്ടുണ്ട്. വോട്ടുചോരി പ്രധാനം തന്നെ. എന്നാൽ അന്നന്നത്തെ അപ്പവും തൊഴിലും പാവപ്പെട്ട നാട്ടുകാർക്ക് അത്രമേൽ പ്രധാനമാണ്. അതിനാൽ അപ്പവും അതിനു എരിവുകൂടാൻ അല്പം കാശും കയ്യിൽ വന്നപ്പോൾ നാട്ടുകാർ നിതീഷ് അപ്പൂപ്പനെ തന്നെ പുൽകി എന്നാണ് കേൾക്കുന്നത്. ഇനി കോൺഗ്രസ്സ് ഒരു തിരിച്ചുവരവിനുള്ള ശേഷി വീണ്ടും കൈവരിക്കുമോ അതോ ബീഹാറിലെ രാഷ്ടീയരംഗത്തു നിന്നും പൂർണമായി അപ്രത്യക്ഷമാവുമോ എന്ന കാര്യം കാത്തിരുന്നുകാണാം.
എൻ.പി. ചെക്കുട്ടി
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
