എപ്സ്റ്റീന്‍ ട്രാന്‍സ്പരന്‍സി ആക്റ്റ് പാസാക്കിയിരിക്കുകയാണ് യു.എസ് സെനറ്റ്. ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനെ കുറിച്ചുള്ള ഫയല്‍സ് പുറത്ത് വിടാനുള്ള ബില്ലിനാണ് സെനറ്റ് അംഗീകാരം നല്‍കിയത്. എപ്സ്റ്റീന്‍ ഫയലുകള്‍ പരസ്യമാക്കണമെന്ന് നീതിന്യായ വകുപ്പിനോട് വൈറ്റ് ഹൗസ് അവശ്യപ്പെട്ടതിനു പിന്നാലെയാണ് സെനറ്റ് ഐക്യകഠ്ണമായി അനുമതി നല്‍കിയത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ബില്‍ നേരിട്ട് അയക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചിട്ടുള്ളത്. നവംബര്‍ 18 ന് ഇത് സംബന്ധിച്ച ഒരു പ്രമേയം യുഎസ് ജനപ്രതിനിധി സഭ പാസാക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫയലുകള്‍ പുറത്തുവിടുമെന്ന് അറിയിച്ചതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. എപ്സ്റ്റീനുമായുള്ള വിവാദം സംബന്ധിച്ച ഫയലുകള്‍ പുറത്തു വിടാന്‍ ഏറ്റവും കൂടുതല്‍ പിന്തുണ നല്‍കിയത് ഡൊണാള്‍ഡ് ട്രംപായിരുന്നു.
ട്രൂത്ത് സോഷ്യലിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആഹ്വാനം ചെയ്തത്. ട്രംപും എപ്സ്റ്റീനുമായി ബന്ധമുണ്ടന്നും മറ്റും ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ട്രംപ് ഫയലുകള്‍ പുറത്തുവിടണമെന്നും അതിന് അനുകൂലമായി വോട്ട് ചെയണമെന്നും റിപ്പബ്ലിക്കന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടത്. 427-1 വോട്ടിന് വിജയിക്കുകയും ചെയ്തു.
എന്നാല്‍ ലൂസിയാനയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ക്ലേ ഹിഗിന്‍സ് മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്. ഡെമോക്രാറ്റിക് നിയമ നിര്‍മാതാക്കളുടെ പിന്തുണയോടെയാണ് ഈ നിയമ നിര്‍മാണം. എപ്സ്റ്റീന്റെ ക്രൂരതയ്ക്ക് ഇരയായവര്‍ക്കും അതിജീവിച്ചവര്‍ക്കും നീതി ഉറപ്പാക്കാനാണ് ബില്‍ പാസാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് സംബന്ധിച്ച് റിപ്പബ്ലിക്കന്‍ പ്രതിനിധികളായ തോമസ് മാസിയും മാര്‍ജോറി ടെയ്ലര്‍ ഗ്രീനും വാര്‍ത്താ സമ്മേളനം നടത്തുകയും ബില്ലിനെ പിന്തുണയ്ക്കാന്‍ സഹപ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ജെഫ്രി എപ്സ്റ്റീന്‍
ന്യൂയോര്‍ക്കിലെ ഒരു സ്‌കൂളിലെ അധ്യാപനായിരുന്നു ജെഫ്രി എപ്സ്റ്റീന്‍. പിന്നീട് ജോലി ഉപേക്ഷിക്കുകയും ജെ എപ്സ്റ്റീന്‍ ആന്‍ഡ് കോ എന്ന സ്ഥാപനം ആരംഭിക്കുകയും ചെയ്തു. കുറച്ച് കാലം കൊണ്ട് തന്നെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കഴിഞ്ഞു എന്ന് മാത്രമല്ല, എപ്സ്റ്റീന്‍ പ്രമുഖരുമായി വ്യക്തിബന്ധം സ്ഥാപിക്കുകയും ചെയ്തു.
എന്നാല്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്നതടക്കം നിരവധി ആരോപണങ്ങള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നു വന്നു. പിന്നാലെ 2008ല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികത്തൊഴിലിനു പ്രേരിപ്പിച്ചുവെന്ന കേസില്‍ എപ്സ്റ്റീന്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് 18 മാസത്തെ തടവിനു ശിക്ഷിച്ചു. 2019 ജൂലൈ 24 ന് എപ്സ്റ്റീനെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി.
ഇതിനിടയിലാണ് ട്രംപും എപ്സ്റ്റീനും തമ്മില്‍ ബന്ധമുണ്ടെന്ന് കാണിക്കുന്ന ഇമെയിലുകള്‍ പുറത്ത് വരുന്നത്. ജെഫ്രി എപ്സ്റ്റീന്റെ നിയമവിരുദ്ധ ഇടപാടുകളെ കുറിച്ച് ട്രംപിന് അറിവുണ്ടായിരുന്നു എന്നാണ് ഇ മെയിലിന്റെ സാരാംശം. അതേസമയം, ട്രംപും എപ്സ്റ്റീനും തമ്മില്‍ പരിചയം ഉണ്ടായിരുന്നെങ്കിലും 2006ന് മുമ്പ് തന്നെ അത് അവസാനിച്ചിരുന്നതായി ട്രംപ് വ്യക്തമാക്കിയിരുന്നു. മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ബ്രിട്ടന്റെ രാജകുമാരന്‍ ആന്‍ഡ്രൂ എന്നിവരടക്കം നിരവധി പേരുമായി എപ്സ്റ്റീന്‍ സൗഹൃദം സ്ഥാപിച്ചിരുന്നതായും റിപ്പോര്‍ട്ട് വരുന്നുണ്ട്.
ഏക വിയോജിപ്പുകാരന്‍
അമേരിക്കന്‍ ഹൗസിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ക്ലേ ഹിഗിന്‍സ് നിയമ നിര്‍മാണത്തില്‍ ഏക വിയോജിപ്പുകാരനായി നിലകൊണ്ടത് ദേശീയതലത്തില്‍ ശ്രദ്ധേയമായിരിക്കുകയാണ്. ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട ഫെഡറല്‍ കേസ് ഫയലുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യപ്പെടുന്ന എപ്സ്റ്റീന്‍ ഫയല്‍സ് ട്രാന്‍സ്പരന്‍സി ആക്റ്റിനെതിരെ വോട്ട് ചെയ്ത ഏക കോണ്‍ഗ്രസ് അംഗമാണ് അദ്ദേഹം.
ഡെമോക്രാറ്റുകളും സ്വന്തം പാര്‍ട്ടിക്കാരായ റിപ്പബ്ലിക്കന്‍മാരും ഏകകണ്ഠമായ പിന്തുണ നല്‍കുമെന്ന പ്രതീക്ഷയിലായിരുന്നെങ്കിലും, ഈ ബില്ലില്‍ താന്‍ തത്വപരമായി എതിര്‍ക്കുന്നു എന്ന് ഹിഗിന്‍സ് തുടക്കം മുതല്‍ തന്നെ പ്രഖ്യാപിച്ചു. അമേരിക്കന്‍ ഹൗസ് വന്‍ ഭൂരിപക്ഷത്തോടെ ബില്‍ അംഗീകരിക്കുകയും തൊട്ടുപിന്നാലെ സെനറ്റ് മാറ്റങ്ങളില്ലാതെ ഏകകണ്ഠമായി പാസാക്കുകയും ചെയ്തതോടെ, നിയമനിര്‍മ്മാണ പ്രക്രിയയില്‍ കോണ്‍ഗ്രസിലെ ഏക വിയോജിപ്പുകാരനായി അദ്ദേഹം നിലകൊണ്ടു.
തെക്കുപടിഞ്ഞാറന്‍ ലൂസിയാനയെ അഞ്ചാം തവണ പ്രതിനിധീകരിക്കുന്ന ഹിഗിന്‍സ്, തന്റെ എതിര്‍പ്പിന് കാരണം ഒരു നീണ്ട പ്രസ്താവനയിലൂടെ വിശദീകരിച്ചിരുന്നു. മുഴുവന്‍ അന്വേഷണ ഫയലുകളും പുറത്തുവിടുന്നത് എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട നിരപരാധികളായ ആയിരക്കണക്കിന് സാക്ഷികളെയും, തെളിവുകള്‍ നല്‍കിയ ആളുകളെയും അവരുടെ കുടുംബാംഗങ്ങളെയും വെളിപ്പെടുത്തുകയും പരിക്കേല്‍പ്പിക്കുകയും ചെയ്യും എന്ന ഭയമാണ് തന്റെ നിലപാടിന് അടിസ്ഥാനമെന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്.
''ഈ ബില്‍ നിലവിലെ രൂപത്തില്‍ നടപ്പാക്കിയാല്‍, ക്രിമിനല്‍ അന്വേഷണ ഫയലുകള്‍ വ്യാപകമായി പുറത്തുവിടുന്നത്, അത് വിവേകമില്ലാത്ത മാധ്യമങ്ങള്‍ക്ക് ലഭിക്കുന്നതിലൂടെ, നിരപരാധികളായ വ്യക്തികളെ ദോഷകരമായി ബാധിക്കാന്‍ കാരണമാകും. കൂടാതെ, പേരുള്ളവരും എന്നാല്‍ ക്രിമിനല്‍ കുറ്റക്കാരല്ലാത്തവരുമായ'' ആളുകള്‍ക്ക് സെനറ്റ് നിയമപരമായി സംരക്ഷണം നല്‍കിയാല്‍ മാത്രമേ ബില്ലിനെ പിന്തുണയ്ക്കാന്‍ കഴിയൂ എന്നും അദ്ദേഹം നിര്‍ദ്ദേശിച്ചിരുന്നു.
ലൂസിയാന റിപ്പബ്ലിക്കന്‍ അംഗമായ ഹൗസ് സ്പീക്കര്‍ മൈക്ക് ജോണ്‍സണ്‍ പോലും ആദ്യം ചില ആശങ്കകള്‍ ഉന്നയിച്ചിരുന്നെങ്കിലും, പൊതുജനമധ്യത്തില്‍ പരമാവധി സുതാര്യതയ്ക്കായി പ്രവര്‍ത്തിക്കുന്നില്ല എന്ന് ആരോപിക്കപ്പെടാതിരിക്കാന്‍ അദ്ദേഹം ഒടുവില്‍ ബില്ലിനെ പിന്തുണച്ചു. എന്നാല്‍, ട്രംപിന്റെ കടുത്ത സഖ്യകക്ഷിയും അള്‍ട്രാ കണ്‍സര്‍വേറ്റീവ് ഹൗസ് ഫ്രീഡം കോക്കസിലെ അംഗവുമായ ഹിഗ്ഗിന്‍സ് രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങാന്‍ തയ്യാറായില്ല.
എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസില്‍ അദ്ദേഹത്തിന് നിര്‍ണ്ണായകമായ ഒരു പങ്കുണ്ട്. എപ്സ്റ്റീന്‍ രേഖകള്‍ക്കായി നീതിന്യായ വകുപ്പിന് സമന്‍സ് അയയ്ക്കാന്‍ പ്രേരിപ്പിച്ച ഒരു ഹൗസ് ഓവര്‍സൈറ്റ് ഉപസമിതിയുടെ അധ്യക്ഷനായിരുന്നു ഹിഗിന്‍സ്. എന്നിരുന്നാലും, സമന്‍സ് വിപുലീകരിക്കാനുള്ള ശ്രമങ്ങളെ അദ്ദേഹം എതിര്‍ക്കുകയും, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണെ സമന്‍സ് അയയ്ക്കാന്‍ പാനലിനെ പ്രേരിപ്പിക്കണമെന്ന് ശക്തമായി വാദിക്കുകയും ചെയ്തിരുന്നു.
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
