വാർഡ് മാറ്റലും വോട്ട് വെട്ടലും - സംസ്ഥാന സർക്കാർ വക, മൊത്തം വോട്ടർമാരെ തന്നെ 'ശൂന്യ്, ശൂന്യ്' ആക്കി ഇലക്ഷൻ കമ്മീഷനും!

NOVEMBER 19, 2025, 12:31 PM

സോഷ്യൽ മീഡിയ നിറയെ എസ്.ഐ.ആർ. ഫ്രീ ട്യൂട്ടോറിയലുകളാണ്. എങ്ങനെ ഫോം പൂരിപ്പിക്കാമെന്നും, എന്തെല്ലാമാണ് അതിനുള്ള സ്‌റ്റെപ്പുകളെന്നുമെല്ലാം വോട്ടർമാർക്ക് പലരും ക്ലാസുകളെടുക്കുന്നുണ്ട്. 23 വർഷം മുമ്പ് നടന്ന ഒരു വോട്ടർ പട്ടിക പുതുക്കലിന്റെ പുതിയ പതിപ്പുണ്ടാക്കൽ 7ദിവസം കൊണ്ട് പൂർത്തിയാക്കുകയെന്ന ജോലിയാണ് ഇപ്പോൾ ബൂത്ത്‌ലെവൽ ഓഫീസർമാരെന്ന ബി.എൽ.ഒ.മാർക്കുള്ളത്.

തൊഴിൽ സമ്മർദ്ദം താങ്ങാതെ ഒരു ബി.എൽ.ഓ. ആത്മഹത്യ ചെയ്തതു കഴിഞ്ഞയാഴ്ചയാണ്. എന്നിട്ടും തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ ഇലക്ഷൻ കമ്മീഷനെന്തിന്  'വായുഗുളിക വാങ്ങാനെന്ന' മട്ടിൽ ഇത്തരമൊരു റിവിഷന് സന്നദ്ധരായെന്നതിന് മറുപടിയൊന്നുമില്ല. എസ്.ഐ.ആറിനെ ചോദ്യം ചെയ്തുള്ള ഹർജികൾ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കാമെന്ന് ഇന്ന് വ്യക്തമാക്കിയിട്ടുണ്ട്.

വാർഡ് വെട്ടിമുറിക്കലും, വോട്ട് വെട്ടി നിരത്തലും

vachakam
vachakam
vachakam

സംസ്ഥാന സർക്കാർ പഞ്ചായത്ത് തെരഞ്ഞെടുപ്പിനായി നടത്തിയത് പ്രധാനമായും വാർഡ് പുനർവിഭജനമാണ്. വോട്ടർമാരുടെ എണ്ണം കൂടിയതുകൊണ്ടും, വോട്ട് ചെയ്യാനുള്ള ബൂത്തുകൾ വോട്ടർമാർക്ക് കഴിയുന്നത്ര 'സമീപസ്ഥ' മാക്കാനുമുള്ള സംസ്ഥാന സർക്കാരിന്റെ പുതിയ നടപടിയാണ് വാർഡ് വിഭജനമെന്ന് മന്ത്രി എം.ബി. രാജേഷ് വിശദീകരിച്ചിരുന്നു. എന്നാൽ, രാഷ്ട്രീയമായ നേട്ടമുണ്ടാക്കാൻ പരമ്പരാഗതമായുള്ള വാർഡുകളുടെ പുനർവിഭജനത്തിന് സർക്കാർ ഒരുമ്പെട്ടിറങ്ങിയെന്നാണ് പ്രതിപക്ഷം പറയുന്നത്.

മാത്രമല്ല, പ്രതിപക്ഷത്തിന്റെ മേയർ സ്ഥാനാർത്ഥിമാരുടെ വോട്ടുകൾ കൃത്യമായി ചുണ്ണാമ്പു തൊട്ട് വെട്ടിനിരത്താനും ഇടതു ചായ്‌വുള്ള ചില ഉദ്യോഗസ്ഥർ ജാഗ്രത കാണിച്ചുവെന്ന് സമീപകാല സംഭവങ്ങൾ സൂചിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം കോർപ്പറേഷനിൽ കോൺഗ്രസിന്റെ മേയർ സ്ഥാനാർത്ഥി വൈഷ്ണവിയുടെ വോട്ട് എങ്ങനെ പട്ടികയിൽ നിന്ന് നീക്കം ചെയ്തുവെന്നത് ദുരുഹമാണ്. 'ബാലേട്ടൻ' പോലെയുള്ള സിനിമകൾ സംവിധാനം ചെയ്ത വി.എം.വിനുവാണ് കോഴിക്കോട്ട് യു.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി. കഴിഞ്ഞ 45 വർഷമായി എല്ലാ ഇലക്ഷനിലും വോട്ട് ചെയ്തുകൊണ്ടിരിക്കുന്ന വിനുവിന്റെ പേരും പുതിയ പട്ടികയിലില്ല.

ഇതെങ്ങനെ സംഭവിച്ചുവെന്ന ചോദ്യത്തിന് ഏഷ്യാനെറ്റ് ന്യൂസ് ചാനൽ നൽകിയ വിശദീകരണമാണ് ഏറെ ജോറായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വിനു വോട്ട് ചെയ്തിരുന്നില്ലെന്ന വാർത്ത നൽകിക്കൊണ്ട് ചാനൽ പറഞ്ഞത് വിനുവിന്റെ പേര് പട്ടികയിൽ നിന്നു വെട്ടിയെന്ന ആരോപണം പൊളിഞ്ഞുവെന്നാണ്! കോടതിയാകട്ടെ, വിനുവിനെ ചെറുതായൊന്ന് കുടഞ്ഞിട്ടുണ്ട്. മൽസരിക്കാൻ ഒരുങ്ങുന്നവർ വോട്ടർ പട്ടികയിൽ പേരുണ്ടോയെന്ന് നോക്കിയില്ലേ എന്നാണ് കോടതിയുടെ വക കമന്റ് !
വാർഡ് വിഭജനത്തിൽ സർക്കാർ നടത്തിയ തരികിടകൾ തലസ്ഥാനത്തു നിന്നു തന്നെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവിടെ കൊച്ചാർ റോഡ് റസിഡന്റ് അസോസിയേഷൻ എന്ന സംഘടനയുടെ പരാതി അവരുടെ പാർപ്പിടങ്ങൾ രണ്ടോ മൂന്നോ വാർഡുകളിലേക്ക് വെട്ടിമാറ്റിയിരിക്കുകയാണെന്നാണ്. ശാസ്തമംഗലം ബൂത്തിൽ സ്ഥിരമായി വോട്ട് ചെയ്തിരുന്നവർക്ക് ഒന്നര കിലോമീറ്റർ ദുരത്തിൽ ബൂത്തുണ്ടായിരുന്നു ഇപ്പോൾ ഈ വാർഡിൽ ശാസ്തമംഗലം മാത്രമല്ല, ജഗതിയിൽ നിന്നും ഇടപ്പഴഞ്ഞിയിൽ നിന്നുമുള്ള വോട്ടർമാരെ വരെ തിരുക്കിക്കയറ്റിയാണ് വാർഡ് പുനർവിഭജിച്ചത്.

vachakam
vachakam
vachakam

ഭൂമി ശാസ്ത്രപരമായ ഒരു 'ലാൻഡ്മാർക്കും' ഇല്ലാതെയായിരുന്നു ഈ കൃത്യം. റസിഡന്റ്‌സ് അസോസിയേഷനിൽ 217 കുടുംബങ്ങളുണ്ട്. വർഷങ്ങളായുള്ള അവരുടെ വാർഡ് നമ്പറും വീട്ടു നമ്പറുമെല്ലാം ഇനി അവർക്കു തന്നെ പിടികിട്ടാത്ത പരുവത്തിലാണിപ്പോൾ. വാർഡുകളുടെ അതിർത്തി നിശ്ചയിച്ചതിന് യാതൊരു ശാസ്ത്രീയ പിൻബലവുമില്ലാതെയായത് നാട്ടുകാരെ വല്ലാതെ വലച്ചിരിക്കുകയാണ്. നിലവിലുള്ള വാർഡ് മെമ്പർമാർക്കു പോലും, അവർ ഏത് പ്രദേശത്തെ പ്രതിനിധീകരിക്കുന്നുവെന്ന് അറിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. 

പ്രളയം, കോവിഡ്....കാരണങ്ങൾ പലത്

2002ലെ വോട്ടർ തിരിച്ചറിയൽ രേഖയുടെ അനുബന്ധമായി പൂരിപ്പിക്കേണ്ട പലതും, ഇന്ന് ജീവിച്ചിരിക്കുന്ന പല വോട്ടർമാർക്കും അറിയില്ല. ബി.എൽ.ഒ.മാർക്കാകട്ടെ, സംസ്ഥാന ഇലക്ഷൻ കമ്മീഷൻ ഇതു സംബന്ധിച്ച് ഒരു പരിശീലനവും നൽകിയിട്ടുമില്ല. പ്രളയവും കോവിഡും മൂലം പലരും വീടുകൾ മാറുകയോ താമസം മാറ്റുകയോ ചെയ്തിട്ടുണ്ടാകാം. ചിലർ മരിച്ചു പോയിട്ടുണ്ടാകാം. ഇത്തരമൊരു മാറ്റം ജനവാസ തലത്തിൽ ഉണ്ടായിരിക്കെ, 7 ദിവസം കൊണ്ട് ഈ 'റിവിഷൻ' നടത്തണമെന്ന തത്രപ്പാട് വോട്ടർമാരെ കഴിയുന്നത്ര വെട്ടിക്കുറയ്ക്കാനല്ലേ എന്ന ചോദ്യമുയരുന്നുണ്ട്.

vachakam
vachakam

ബീഹാറിൽ ഭരണപക്ഷത്തിനെതിരെ വോട്ട് ചെയ്യാൻ സാധ്യതയുള്ളവരുടെ പേരുകൾ മന:പ്പൂർവം വെട്ടി നീക്കിയെന്ന പരാതിയുണ്ട്. ഇത്തരം പരാതികൾ കോടതി കയറുമെന്ന കാര്യവും തീർച്ചയായിട്ടുണ്ട്. ഇതോടെ ബീഹാറിൽ നിന്ന് കേരളം, കേരളത്തിൽ നിന്ന് ബംഗാൾ എന്ന മട്ടിൽ വോട്ടർമാരെ വ്യാപകമായി നീക്കം ചെയ്തു ആർക്കോവേണ്ടി 'രാഷ്ട്രീയ വിടു പണി' ചെയ്യാൻ ഇലക്ഷൻ കമ്മീഷൻ ഒരുങ്ങുകയാണത്രെ. ഇന്ത്യയുടെ ജനാധിപത്യം വലിയൊരു പരീക്ഷണഘട്ടത്തെ അഭിമുഖീകരിക്കുകയാണെന്ന് സമീപകാല സംഭവങ്ങൾ തന്നെ സൂചന നൽകുന്നുമുണ്ട്.

ഗിഫ്റ്റ് പൊളിറ്റിക്‌സിന്റെ ദുർഗന്ധം

ആദർശാധിഷ്ഠിത രാഷ്ട്രീയം, മതേതരരാഷ്ട്രീയം, ജാതിരാഷ്ട്രീയം, വികസനരാഷ്ട്രീയം എന്നിവയുടെ കാലം കഴിഞ്ഞുവെന്നുള്ള ഒരു നിരീക്ഷണം സോഷ്യൽ മീഡിയയിൽ കേട്ടു. ഇനി ഗിഫ്റ്റ് പൊളിറ്റിക്‌സിന്റെ കാലമാണത്രെ. ഇലക്ഷൻ പടിവാതിൽക്കലെത്തുമ്പോൾ വോട്ടർമാർക്ക് അവരുടെ ബാങ്ക് അക്കൗണ്ടിൽ സർക്കാർ നേരിട്ട് പണമെത്തിച്ചു കൊടുക്കുന്ന ഗിഫ്റ്റ് പൊളിറ്റിക്‌സ് കേരളത്തിലും അരങ്ങേറിക്കഴിഞ്ഞു. സി.പി.എം. സംഘടിത തൊഴിലാളികളോട് ചേർന്നുനിൽക്കുന്ന പാർട്ടിയായിട്ടും, എട്ട് ഡി.എ.വരെ കുടിശ്ശികയായത് നിലനിർത്തിക്കൊണ്ട് ക്ഷേമപെൻഷൻ 200 രൂപ കൂട്ടാൻ സർക്കാർ തയ്യാറായത് കേരളം കണ്ട ഗിഫ്റ്റ് പൊളിറ്റിക്‌സിന്റെ പുതിയ മുഖമാണ്!

ബീഹാറിൽ ഭരണപക്ഷം നിയമപരമായി വോട്ടർമാർക്ക് കൈക്കൂലി നൽകിയെന്ന് പലരും കുറ്റപ്പെടുത്തുന്നുണ്ട്. പക്ഷെ ഇലക്ഷൻ പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുമ്പു മാത്രം സി.എം. സമ്മാൻ പദ്ധതിയനുസരിച്ച് എല്ലാ സത്രീകളുടെയും അക്കൗണ്ടിലേക്ക് ബീഹാർ മുഖ്യമന്ത്രി 10,000 രൂപ വീതം നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ പദ്ധതി പൂർണ്ണമായും നടപ്പായത് ഇലക്ഷൻ തൊട്ടുമുമ്പുള്ള നാളുകളിലായിരുന്നു. ഇതുപോലെതന്നെയാണ് കേരളത്തിൽ ക്ഷേമപെൻഷൻ തുക 200 രൂപ കൂട്ടിയതും ഗ്രേഡ് കുറഞ്ഞ കൈക്കൂലിയായി കരുതണം. എല്ലാ ക്ഷേമപദ്ധതികളും കുടിശ്ശികയാക്കിക്കൊണ്ട് ഇലക്ഷനു മുമ്പായി നേരിയ വർദ്ധന വരുത്തി വിതരണം ചെയ്താൽ രാഷ്ട്രീയ നേട്ടം കൊയ്യാമെന്നുള്ള 'അതിബുദ്ധി' കേരളത്തിൽ വിലപ്പോകുമോ എന്ന് പ്രവചിക്കാനാവില്ല.

ദേശീയപാതകൾ ദേശീയ ദ്രോഹമാകുമ്പോൾ

അരൂർ - ഇടപ്പള്ളി ഉയരപ്പാത നിർമ്മാണത്തിനിടെ ഗർഡർ വീണ് ഒരാൾ മരിച്ചത് കഴിഞ്ഞയാഴ്ചയിലാണ്. തൃശ്ശൂർആലുവ റൂട്ടിൽ മുരിങ്ങൂർ ഭാഗത്തെ ഗതാഗതക്കുരുക്ക് പലവട്ടം മാധ്യമങ്ങളിൽ വലിയ വാർത്തയാകുകയും ചെയ്തിരുന്നു. ദേശീയപാത നിർമ്മാണവും വികസന ജോലികളും കരാർ കമ്പനികൾ ഏറ്റവും ചെലവ് കുറച്ചാണ് നടപ്പാക്കുന്നത്. ഉദാഹരണം പറയാം: പല വികസന നിർമ്മാണ പ്രവർത്തനങ്ങൾക്കിടയിലും സംഭവിക്കുന്ന അപകടങ്ങൾ മുഖ്യധാരാ മാധ്യമങ്ങൾ മനഃപൂർവം വീഴുങ്ങുന്ന രീതിയാണ് ഇന്നുള്ളത്. കാക്കനാട് മെട്രോ, നിർമ്മാണ വേളയിൽ ഉണ്ടായ റോഡപകടങ്ങളും മരണങ്ങളും 'എഡിഷൻ തിരിച്ച്' മുക്കിക്കളയുന്ന രീതി പല അച്ചടി മാധ്യമങ്ങളും പിന്തുടരുന്നുണ്ട്.

മാത്രമല്ല, മെട്രോ നിർമ്മാണത്തിനു മുമ്പ് നടത്തേണ്ട അനുബന്ധ റോഡുകളുടെ വികസനമെല്ലാം കടലാസിൽ ഒതുങ്ങുകയാണ് പതിവ്. ഈ നിർമ്മാണ ജോലികളിൽ വിദദ്ധരുടെ സാന്നിധ്യമോ, ഉത്തരവാദപ്പെട്ടവരുടെ മേൽനോട്ടമോ ഉണ്ടാകാറില്ല. ഗർഡർ സ്ഥാപിക്കുന്ന അതിസങ്കീർണ്ണമായ ജോലി നടക്കുമ്പോൾ എട്ടും പൊട്ടും തിരിയാത്ത കുറെ അന്യസംസ്ഥാനത്തൊഴിലാളികൾ എല്ലാം ഭദ്രമായി നടത്തിക്കൊള്ളുമെന്നു കരുതി വീട്ടിൽ പോയി മൂടിപ്പുതച്ചുറങ്ങിയ അധികൃതർ ശിക്ഷിക്കപ്പെടേണ്ടതല്ലേ? മരിച്ചവന് നഷ്ടപരിഹാരം നൽകാൻ എത്തിയ കരാർ കമ്പനിയുടെ ഉദ്യോഗസ്ഥൻ ഒരു മനുഷ്യജീവന് 5 ലക്ഷം രൂപ മുതൽ ലേലം വിളിച്ച് കുറച്ചാണ് 25 ലക്ഷം രൂപയിൽ നിർത്തിയത്. എന്തൊരു ക്രൂരത അല്ലേ?

ദുർഖറിന്റെ 'കാന്ത'യും മമ്മൂട്ടിയുടെ കളങ്കാവലും

ദുൽഖർ സൽമാൻ 6 വർഷം കൊണ്ട് ആസൂത്രണം ചെയ്തു നിർമ്മിച്ച പിരിയഡ് സിനിമയാണ് കാന്ത. തമിഴിലും തെലുങ്കിലുമാണ് 'കാന്ത' റിലീസ് ചെയ്തിട്ടുള്ളത്. ബോക്‌സ് ഓഫീസിൽ നിന്ന് നല്ല റിപ്പോർട്ടുകളാണ് കാന്തയ്ക്കുള്ളത്. മലയാളത്താന്മാരായ നടീനടന്മാരും നിർമ്മാതാക്കളുമെല്ലാം പാൻ ഇന്ത്യ ലെവലിലേക്ക് ഉയരുന്നത് സന്തോഷകരമാണ്. പുതിയ പ്രൊജക്ടുകളിൽ എഐ ഉപയോഗിച്ച് ചെലവ് കുറയ്ക്കാനും നമ്മുടെ പുതുതലമുറ പഠിച്ചുകഴിഞ്ഞിരിക്കുന്നു. ദുൽഖറിന്റെ കാന്തയിലെ ബ്ലാക്ക് ആന്റ് വൈറ്റ് ദൃശ്യങ്ങളിൽ ഏഐ വ്യാപകമായി ഉപയോഗിച്ചിട്ടുണ്ട്.

ഫാന്റസി, പിരിയഡ് സിനിമകളിൽ ഇനി ആർട്ടിഫിഷ്യൻ ഇന്റലിജെൻസ് എന്ന എഐ ഉപയോഗിച്ചാൽ ചിത്രങ്ങളുടെ നിർമ്മാണച്ചെലവ് സാരമായി കുറയ്ക്കാൻ കഴിയും. ലോകയാണ് ഇതിന് മറ്റൊരുദാഹരണം. മമ്മൂട്ടി വില്ലനായി വരുന്ന കളങ്കാവലിനെപ്പറ്റിയുള്ള മീഡിയ ഹൈപ്പ് വളരെ വലുതാണ്. വിനായകനെന്ന വില്ലൻ നായകനായി മാറി മമ്മൂട്ടിയെന്ന മെഗാസ്റ്റാറിന്റെ വില്ലൻ കഥാപാത്രത്തെ 'പെരുമാറുന്ന' സീനുകൾക്കായി കാത്തിരിക്കുകയാണ് കേരളത്തിലെ പ്രേക്ഷകർ.

സിനിമയ്ക്കുവേണ്ടി എന്തു ത്യാഗത്തിനും തയ്യാറാകുന്ന നമ്മുടെ ഹീറോമാരും ഹീറോയിനുകളും ലോകം ആദരിക്കുന്ന നാളുകൾക്കായി കാത്തിരിക്കാം. ആഗോളതലത്തിൽ രാഷ്ട്രീയക്കാർ നടത്തിവരുന്ന ഉഡായിപ്പുകൾക്ക് നടുവിൽ ഇത്തരം 'റിയൽ ഇവന്റുകൾ' സംഭവിക്കട്ടെ. നമുക്ക് കാത്തിരിക്കാം.

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam