'പണം പുല്ലെടേയ്, എനിക്കില്ലെടേയ്...'എന്ന പഴയ നാടക ഡയലോഗിനെ ഓർമ്മിപ്പിച്ച്, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളും കിട്ടാവുന്നിടത്തു നിന്നെല്ലാം കടമെടുപ്പു തുടരവേ, ഈ പട്ടികയിൽ സജീവ സ്ഥാനമുറപ്പിച്ചിട്ടുണ്ട് കേരളവും. ഇതു സംബന്ധിച്ച പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള മുന്നറിയിപ്പുകൾക്കു പുല്ലുവില മാത്രം. പക്ഷേ, കടമെടുപ്പിനെ വസ്തുനിഷ്ഠമായി വിമർശിക്കാനാവില്ല രാഷ്ട്രീയക്കാർക്കെന്നതിനാൽ, തൊട്ടടുത്തെത്തിയ തദ്ദേശ തെരഞ്ഞെടുപ്പിലും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ഇതൊരു ചൂടുള്ള വിഷയമാകില്ല.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ കടപ്പട്ടികയിൽ കുതിച്ചുയരുകയാണ്. ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, തമിഴ്‌നാട്, കർണാടക എന്നിവയൊക്കെ തമ്മിൽ മൽസരിക്കുന്നു മുന്നിലെത്താൻ. വികസിത സംസ്ഥാനങ്ങളിലും കടത്തിന്റെ കയറ്റം കുറയുന്നില്ലെന്നത് സാമ്പത്തിക നിരീക്ഷകരെ ആശങ്കപ്പെടുത്തുന്നു. പൊതുകടം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കപ്പെടുന്നു. മുൻഗണനാ പദ്ധതികൾ, സൗജന്യ സേവനങ്ങൾ, പെൻഷൻ വർധന എന്നിവയെല്ലാം വായ്പയിലൂടെ നടപ്പാക്കുന്നു. അതേസമയം, വായ്പ തിരിച്ചടവിനുള്ള രാഷ്ട്രീയ ഉത്തരവാദിത്തം ആരും ഏറ്റെടുക്കുന്നില്ല. സംസ്ഥാനത്തിന്റെ പൊതുകടം കഴിഞ്ഞ ഒമ്പതുവർഷങ്ങളിലായി ക്രമാതീതമായി വർധിച്ചുകൊണ്ടിരിക്കുകയാണ്.
വായ്പയിൽ നിന്നുള്ള വളർച്ച, വരുമാനത്തിൽ നിന്നുള്ള വളർച്ചയായി മാറുന്ന ദിവസമാണ് യഥാർത്ഥ വികസനം ആരംഭിക്കുന്നതെന്നു വിദഗ്ധർ പറയുന്നു. പക്ഷേ, അതിനു നേരെ കണ്ണടച്ചുകൊണ്ടാണ്, വായ്പയില്ലാതെ മുന്നോട്ടുപോകാൻ കഴിയില്ല എന്ന ഭാവം വീടുകളിൽ നിന്ന് സർക്കാരുകളിലേക്കും കടന്നുകൂടിയത്. കടം ഇപ്പോൾ ഒരു വ്യക്തിഗത പ്രശ്‌നമല്ല;സാമൂഹിക മനോഭാവത്തിന്റെയും സാമ്പത്തിക സംസ്‌കാരത്തിന്റെയും ഭാഗമായിരിക്കുന്നു. കേരളത്തിലെ കിഫ്ബി പോലെ ചിലപ്പോൾ വികസനത്തിന്റെ മുഖാവരണമായി മാറുന്നു വായ്പ്പാ ചാനലുകൾ. ഇതോടൊപ്പം കേരള കുടുംബങ്ങളിൽ 29.9 % കടബാധ്യതയിലാണെന്ന് ദേശീയ സാമ്പത്തിക പഠനങ്ങൾ വ്യക്തമാക്കുന്നു. ഇതിൽ വീടുവായ്പകൾ 45%, വിദ്യാഭ്യാസ വായ്പകൾ 18%, വ്യക്തിഗത വായ്പകൾ 27% എന്നിങ്ങനെയാണ് വിഭജനം.
ഒരു വ്യക്തി തന്റെ ആവശ്യങ്ങൾക്ക് വായ്പ എടുക്കുമ്പോൾ അതിന്റെ ബാധ്യതയും ഉത്തരവാദിത്വവും അയാളിൽ തന്നെയാണ്. എന്നാൽ ഒരു സംസ്ഥാനം അല്ലെങ്കിൽ രാജ്യം വായ്പ എടുക്കുമ്പോൾ അതിന്റെ ഉത്തരവാദിത്തം അവിടത്തെ ജനങ്ങൾക്കാണ്. പൊതുകടം എടുക്കുന്നത് സർക്കാർ ആണെങ്കിലും, തിരിച്ചടയ്‌ക്കേണ്ടത് ജനങ്ങളുടെ നികുതിയിലൂടെയാണ്. അതിനാൽ പൊതുകടം ഒരു സാമ്പത്തിക കരാറിൽ നിന്നുളവാകുന്ന സാമൂഹ്യ ഉത്തരവാദിത്തമായി ഫലത്തിൽ പരിണമിക്കുന്നു. അടിസ്ഥാന സൗകര്യം, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ തുടങ്ങിയ മേഖലകളിലെ നിക്ഷേപമായി മാറ്റാനായാൽ ഇത്തരം കടം വികസനത്തിനു കരുത്തേകും.
എന്നാൽ സ്ഥിര ചെലവുകൾക്കും തിരിച്ചടവില്ലാത്ത ഉപഭോഗത്തിനുമാണ് ഉപയോഗിക്കപ്പെടുന്നതെങ്കിൽ, അതൊരു സാമ്പത്തിക കുരുക്കാകും. കേരളമുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും സംഭവിക്കുന്നത് ഇതാണെന്നതിലെ ആധി പങ്കുവയ്ക്കുന്നു സാമ്പത്തിക വിദഗ്ധർ. വായ്പയെ 'സാധാരണ ജീവിതത്തിന്റെ ഭാഗം' എന്ന നിലയിൽ കാണുന്ന പുതിയ മാനസിക സംസ്‌കാരമാണ് ക്രമേണ സമൂഹത്തിൽ നിന്നു ഭരണ നേതൃത്വങ്ങളിലേക്കും സംക്രമിച്ചത്. അതിനൊപ്പം, കടം തിരിച്ചടയ്ക്കാനാവുമോയെന്ന ഭയം മായുന്നു.
സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസും റിസർവ് ബാങ്കും ചേർന്ന കണക്കുകൾ പ്രകാരം, ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ പൊതുകടം കഴിഞ്ഞ ആറു വർഷത്തിനിടെ ഏകദേശം 75% വർദ്ധിച്ചു. തമിഴ്‌നാട് 8.3 ലക്ഷം കോടി, ഉത്തർപ്രദേശ് 7.7 ലക്ഷം കോടി, മഹാരാഷ്ട്ര 7.2 ലക്ഷം കോടി, പശ്ചിമ ബംഗാൾ 6.6 ലക്ഷം കോടി, കർണാടക 6.0 ലക്ഷം കോടി, രാജസ്ഥാൻ 5.6 ലക്ഷം കോടി, ആന്ധ്രാ പ്രദേശ് 4.9 ലക്ഷം കോടി, ഗുജറാത്ത് 4.7 ലക്ഷം കോടി, കേരളം 4.82 ലക്ഷം കോടി, മധ്യപ്രദേശ് 4.2 ലക്ഷം കോടി എന്നിങ്ങനെയാണ് സംസ്ഥാനങ്ങളുടെ നിലവിലെ മൊത്തം കടം.
ഭാവിയിലെ കെണി
ഭാവി തലമുറയുടെ ബാധ്യതയെപ്പറ്റിയുള്ള ആകുലത രാഷ്ട്രീയ പാർട്ടികൾക്കില്ല. ഇന്നത്തെ വായ്പ നാളെ തിരിച്ചക്കേണ്ടിവരുന്നതിന്റെ ക്ലേശം കുട്ടികൾ വീതിച്ചെടുക്കട്ടെയെന്ന നിസ്സംഗ ഭാവം ബാക്കി. സംസ്ഥാനങ്ങൾ കൂടുതൽ വായ്പയെടുക്കുമ്പോൾ കേന്ദ്രസർക്കാരിനോടുള്ള ധനാശ്രിതത്വം വർധിക്കുന്നു. സാമ്പത്തിക സ്വാതന്ത്ര്യം നഷ്ടപ്പെടുന്നു. ജനങ്ങൾക്കുള്ള നികുതി ഭാരമേറുന്നു. പൊതുകടം തിരിച്ചടയ്ക്കാൻ സംസ്ഥാനങ്ങൾക്കു നികുതി വർധിപ്പിക്കുക മാത്രമാകും വഴി. പൊതുസേവനങ്ങൾ വെട്ടിക്കുറയ്‌ക്കേണ്ടിവരും. വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, ക്ഷേമപദ്ധതികൾ എന്നിവയിലെ വകയിരുത്തൽ കുറയുക സ്വാഭാവികം.
കടം വർധിക്കുന്നതിനൊപ്പം നികുതി വരുമാനത്തിലെ കുറവും റവന്യൂ ചെലവുകളിലെ വർധനയും കേരളത്തിന്റെ സാമ്പത്തിക ഞെരുക്കം വർധിപ്പിക്കുന്നു. 2023-24 സാമ്പത്തിക വർഷത്തെ സി.എ.ജി റിപ്പോർട്ടിൽ സംസ്ഥാനത്തിന്റെ റവന്യൂ കമ്മിയും മൂലധന ചെലവിലെ കുറവും ധനപരമായ കാര്യക്ഷമതയില്ലായ്മയും എടുത്തുകാണിക്കുന്നുണ്ട്. കടത്തിന്റെ 97.88 ശതമാനവും പഴയ കടങ്ങൾ തിരിച്ചടയ്ക്കാൻ ഉപയോഗിച്ചു. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സംസ്ഥാന സർക്കാർ പുതിയ നികുതികളും ലെവികളും ഏർപ്പെടുത്തുന്നുണ്ടെങ്കിലും വായ്പാപരിധി സംബന്ധിച്ച കേന്ദ്രസംസ്ഥാന തർക്കം വലിയ വെല്ലുവിളിയായി. ക്ഷേമപദ്ധതികൾ, വികസനപ്രവർത്തനങ്ങൾ, ശമ്പളം, പെൻഷൻ തുടങ്ങിയവയ്ക്കായുള്ള ചെലവുകൾ വർധിക്കുമ്പോൾ വരുമാനം കുറയുന്നത് സാമ്പത്തിക സുസ്ഥിരതയെ പ്രതികൂലമായി ബാധിക്കുന്നു.
കോവിഡും പ്രളയങ്ങളും സംസ്ഥാനത്തെ സാമ്പത്തികമായി പിന്നോട്ടടിച്ചു. ക്ഷേമപ്രവർത്തനങ്ങൾക്കും പുനർനിർമാണ പ്രവർത്തനങ്ങൾക്കുമായി അധികത്തുക ചെലവഴിക്കേണ്ടിവന്നതിനാൽ കടംകൂടി എന്ന കാരണം പറയുന്നുണ്ട്. എന്നാൽ ഇവയൊന്നും കടക്കെണിക്ക് യഥാർഥ ന്യായീകരണമല്ല. ഇടതു സർക്കാരിന്റെ ധനകാര്യ മാനേജ്‌മെന്റിലെ പാളിച്ചകൾ, റവന്യൂ വരുമാനവും ചെലവും തമ്മിലുള്ള വലിയ വ്യത്യാസം എന്നിവയാണ് ഈ കടക്കെണിയുടെ അടിസ്ഥാന കാരണം. ഈ സർക്കാരിന്റെ കാലത്ത് നിരവധി അനവസരത്തിലുള്ള ചെലവുകളായ വിദേശയാത്രകൾ, ആഡംബര ചെലവുകൾ എന്നിവയുണ്ടായി. നികുതി കുടിശ്ശിക ഉൾപ്പെടെയുള്ള വരുമാനങ്ങൾ പിരിച്ചെടുക്കുന്നതിൽ ഭരണകൂടം പരാജയപ്പെട്ടു.
ആളോഹരി 1,40,000
കേരളത്തിന്റെ മൊത്തം കടബാധ്യത ഏകദേശം 4.82 ലക്ഷം കോടി രൂപയെന്ന 2025 ജൂലൈയിലെ ഡാറ്റ പ്രകാരം, സംസ്ഥാനത്തെ മൊത്തം ജനസംഖ്യ കണക്കിലെടുക്കുമ്പോൾ, ഇത് ഏകദേശം 1,40,000 രൂപയ്ക്ക് മുകളിൽ ആളോഹരി കടമായി വരും. കണക്കുകൾ സൂചിപ്പിക്കുന്നത് 2025-26 സാമ്പത്തിക വർഷത്തിൽ കേരളം 45,000 കോടി രൂപയുടെ പുതിയ കടമെടുപ്പ് നടത്തുന്നതിനാൽ സർക്കാരിന്റെ കാലാവസാനത്തോടെ മൊത്തം കടം 6 ലക്ഷം കോടി കവിയാൻ സാധ്യതയുണ്ടെന്നാണ്. അതായത് 2025-26 സാമ്പത്തിക വർഷത്തിലെ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം, സംസ്ഥാനത്തിന്റെ കടവും ജി.എസ്.ഡി.പിയുമായുള്ള അനുപാതം 33.8% ആയിരിക്കും. കടം വർധിക്കുന്നത് പലിശ തിരിച്ചടവിനായി വലിയൊരു തുക നീക്കിവയ്ക്കാൻ സർക്കാരിനെ നിർബന്ധിതമാക്കുന്നു. ഇത് വികസനപ്രവർത്തനങ്ങൾക്കുള്ള ഫണ്ട് ലഭ്യതയെ ബാധിക്കുന്നു. 2023ൽ എടുത്ത കടത്തിന്റെ 97.88% വും പഴയ കടങ്ങളും പലിശയും തിരിച്ചടയ്ക്കാനാണ് ഉപയോഗിച്ചതെന്ന് സി.എ.ജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
കേരളത്തിന്റെ പൊതുകടം സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ എത്ര ശതമാനമായി വർധിച്ചെന്ന കണക്ക് നിർണ്ണായകം. 2016-17 കാലയളവിൽ ഏകദേശം 30% ആയിരുന്ന വായ്പാ, ജി.എസ്.ഡി.പി അനുപാതം കോവിഡ് മഹാമാരിയെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി കാരണം 2020-21ൽ 39.96% എന്ന ഏറ്റവും ഉയർന്ന നിലയിലായി. അതിനുശേഷമുള്ള വർഷങ്ങളിൽ അനുപാതം കുറഞ്ഞുവന്നു. 2024-25 ബജറ്റ് എസ്റ്റിമേറ്റ് അനുസരിച്ച് ഇത് 33.9% ആണ്. കേരളത്തിന്റെ വായ്പാ, ജി.എസ്.ഡി.പി അനുപാതം ഇപ്പോഴും പല വലിയ സംസ്ഥാനങ്ങളുടെ ശരാശരിയേക്കാൾ കൂടുതലാണ്. കിഫ്ബി പോലുള്ള ഓഫ് ബജറ്റ് വായ്പകൾ മൊത്തം ബാധ്യതകളിൽ ഉൾപ്പെടുത്തുന്നതിനെച്ചൊല്ലി കേന്ദ്രവും സംസ്ഥാനവും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുമുണ്ട്.
നികുതി കുടിശ്ശിക പിരിച്ചെടുക്കുന്നതിൽ കേരളം പരാജയമാകാൻ പല കാരണങ്ങളുണ്ട്. ഭരണപരമായ വീഴ്ചകളും സംവിധാനത്തിലെ പോരായ്മകളും ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൂടാതെ മഹാമാരിപോലുള്ള വെല്ലുവിളികളും സാമ്പത്തിക പ്രതിസന്ധികളും. പൊതുകടം വർധിക്കുന്നതിന് എൽ.ഡി.എഫ് സർക്കാർ വിവിധ കാരണങ്ങൾ ചൂണ്ടിക്കാണിക്കുന്നുണ്ട്. നികുതിവിഹിതത്തിലും മറ്റ് ഗ്രാന്റുകളിലും കേന്ദ്രത്തിൽനിന്ന് കിട്ടേണ്ട പണം വെട്ടിക്കുറയ്ക്കുന്നത് സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാക്കി എന്നതാണ് പ്രധാനമായി പറയുന്നത്. മാത്രമല്ല, കടമെടുക്കാൻ സംസ്ഥാനങ്ങൾക്ക് അനുമതിയുള്ള പരിധി കേന്ദ്രസർക്കാർ വെട്ടിക്കുറയ്ക്കുകയും ചെയ്തു. ഇത് കടമെടുത്ത് ചെലവഴിക്കുന്നതിന് തടസമായി.
ധൂർത്ത് വേണ്ട
സാമ്പത്തിക അച്ചടക്കം കർശനമായി നടപ്പാക്കുകയും വരുമാന സ്രോതസുകൾ കാര്യക്ഷമമായി ഉപയോഗിക്കുകയും അനാവശ്യ ചെലവുകൾ നിയന്ത്രിക്കുകയും ചെയ്തില്ലെങ്കിൽ, സംസ്ഥാനത്തിന് ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി ഒഴിവാക്കാനാകാതെ വരും. ദീർഘകാലാടിസ്ഥാനത്തിലുള്ള സാമ്പത്തിക ഭദ്രത ഉറപ്പാക്കാനുള്ള നടപടികളാവശ്യം. കടബാധ്യത കുറയ്ക്കുന്നതിനും സാമ്പത്തിക സുസ്ഥിരത ഉറപ്പാക്കുന്നതിനും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തമ്മിലുള്ള ക്രിയാത്മകമായ ചർച്ചകളും സഹകരണവും അനിവാര്യം. ഒപ്പം, സാമ്പത്തിക കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നയപരമായ തീരുമാനങ്ങൾ സമയബന്ധിതമായി കൈക്കൊള്ളേണ്ടതുണ്ട്.
2024 ഒക്ടോബറിലെ കണക്കനുസരിച്ച് ഏകദേശം 27,902.45 കോടി രൂപയുടെ റവന്യൂ കുടിശ്ശിക ഉണ്ടായിരുന്നു. ഇതിൽ സംസ്ഥാന ജി.എസ്.ടി വിഭാഗത്തിൽ മാത്രം 13,559.58 കോടി. മോട്ടോർ വാഹന നികുതി, ഭൂമി നികുതി, ആഡംബര നികുതി തുടങ്ങിയവയിലും വലിയ തുക പിരിച്ചെടുക്കാനുണ്ട്. അതേസമയംതന്നെ, വരുമാനം കൂട്ടാൻ മറ്റ് മാർഗങ്ങൾ കണ്ടെത്താതെ വെള്ളം, വൈദ്യുതി, കെട്ടിട നികുതി ഉൾപ്പെടെ നിരവധി തവണ അധിക നികുതിഭാരം ഏർപ്പെടുത്തി. സർക്കാർ വാഹനങ്ങൾ വാങ്ങുന്നതിനുള്ള വില പരിധി നിശ്ചയിക്കുക, മന്ത്രിമാരുടെയും എം.എൽ.എമാരുടെയും ആനുകൂല്യങ്ങൾ പരിമിതപ്പെടുത്തുക തുടങ്ങിയ നടപടികളിലൂടെ ധൂർത്ത് കുറയ്ക്കാമെന്ന നിർദ്ദേശം തള്ളപ്പെട്ടു. സമാന സ്വഭാവമുള്ള സംയോജിത സാമൂഹ്യക്ഷേമ പദ്ധതികൾ ഒരുമിപ്പിച്ച് ചെലവ് കുറയ്ക്കാമെന്നതാണ് മറ്റൊരു നിർദ്ദേശം.
കേരളത്തിന് വരുമാനം വർധിപ്പിക്കാനും കടബാധ്യത കുറയ്ക്കാനും വഴികളുണ്ടായിരുന്നു. നികുതി പിരിവ് കാര്യക്ഷമമാക്കുകയാണ് ആദ്യമായി ചെയ്യേണ്ടിയിരുന്നത്. നികുതി വെട്ടിപ്പ് തടയാനും നികുതി പിരിവ് മെച്ചപ്പെടുത്താനും സാങ്കേതികവിദ്യ ഉപയോഗിക്കണം. തമിഴ്‌നാട്ടിലെയും കർണാടകയിലെയും പോലെ ഇ-സ്റ്റാമ്പിങ് സംവിധാനം കാര്യക്ഷമമാക്കുന്നതിലൂടെ ഭൂമി രജിസ്‌ട്രേഷനിലെ ക്രമക്കേടുകൾ തടയാനാകും. നികുതിയിതര വരുമാന മാർഗങ്ങളായ യൂസർ ചാർജുകൾ, ഫീസുകൾ, റോയൽറ്റി നിരക്കുകൾ എന്നിവ കാലാകാലങ്ങളിൽ പരിഷ്‌കരിക്കണം. മണൽ ഖനനംപോലുള്ള പ്രകൃതിവിഭവ ലേലം കൂടുതൽ വരുമാനമുണ്ടാക്കും. അടിസ്ഥാന സൗകര്യങ്ങൾ നന്നാക്കിയും വിദേശികൾക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം സൃഷ്ടിച്ചും വിനോദ സഞ്ചാര മേഖലയിൽനിന്ന് കൂടുതൽ വരുമാനം നേടാനാകും.
ധൂർത്ത് നിയന്ത്രിക്കുകയെന്നതാണ് ഏറ്റവും പ്രധാനം. ശമ്പള, പെൻഷൻ ചെലവ് കുറയ്ക്കുന്നതിന്, വിരമിക്കൽ പ്രായമുയർത്താം. പല സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഇത് 60 വയസാണ്. ചില സർക്കാർ സേവനങ്ങളിൽ പുറംകരാർ ഏർപ്പെടുത്തി ചെലവ് കുറയ്ക്കാം. വാച്ച് ആൻഡ് വാർഡ്, ക്ലീനിങ് ജോലികൾ ഉദാഹരണം. മൂലധന ചെലവുകൾക്ക് മാത്രമാകട്ടെ വായ്പയെടുക്കൽ. റവന്യൂ കമ്മി നികത്താൻ കടമെടുക്കരുത്. തിരിച്ചടവുറപ്പാക്കാനാകുന്ന പദ്ധതികളിൽ മാത്രം ഓഫ്ബജറ്റ് കടമെടുപ്പ് ആകാം.
ബാബു കദളിക്കാട്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
