ഷെയ്ഖ് ഹസീനയുടെ വധശിക്ഷ നടപ്പാക്കാൻ കഴിയുമോ..?

NOVEMBER 19, 2025, 6:11 AM

ബംഗ്ലാദേശിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ സർക്കാർ നിലംപതിച്ചതിനും അവർക്ക് വധശിക്ഷ വിധിച്ചതിനും പിന്നാലെ, ഈ വിഷത്തിൽ ഇന്ത്യബംഗ്ലാദേശ് നയതന്ത്ര ബന്ധം ഒരു നിർണ്ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.

ബംഗ്ലാദേശ് വിധിച്ച ഷെയ്ഖ് ഹസീനയുടെ വധശിക്ഷ നടപ്പിൽ വരുത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. രാഷ്ട്രീയാഭയം തേടിയ ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നതാണ് പ്രധാനകാരണം. നിയമപരവും നയതന്ത്രപരവുമായ നിരവധി നടപടിക്രമങ്ങൾ പൂർത്തിയാക്കിയാൽ മാത്രമേ അവരെ വിട്ടുകൊടുക്കേണ്ടതുള്ളു. ബംഗ്ലാദേശിൽ ആഭ്യന്തര കലാപത്തെ തുടർന്ന് ഷെയ്ഖ് ഹസീനയുടെ സർക്കാർ നിലംപതിച്ചതിനും അവർക്ക് വധശിക്ഷ വിധിച്ചതിനും പിന്നാലെ, ഈ വിഷത്തിൽ ഇന്ത്യബംഗ്ലാദേശ് നയതന്ത്ര ബന്ധം ഒരു നിർണ്ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.

ഷെയ്ഖ് ഹസീനയെ കൈമാറിയാൽ ബംഗ്ലാദേശുമായുള്ള നയതന്ത്രബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയ്ക്ക് സാധിക്കും. കൈമാറിയില്ലെങ്കിൽ ബന്ധം വഷളാകുമെന്നും തീർച്ച. സമീപകാലത്ത് ഇരുരാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ രൂപപ്പെട്ടിരുന്നു. എന്തായാലും ഹസീനയെ കൈമാറുന്ന വിഷയം അതീവ സൂക്ഷ്മതയോടെയാകും ഇന്ത്യ കൈകാര്യം ചെയ്യേണ്ടോരു വിഷയം തന്നെ..! ഇന്ത്യ ഷെയ്ഖ് ഹസീനയെ കൈമാറാൻ തീരുമാനിച്ചാൽ മാത്രമേ അവരുടെ വധശിക്ഷ നടപ്പിലാകൂ. അതുവരെ ഒരു 'വിധി' മാത്രമായി വധശിക്ഷ തുടരും.

vachakam
vachakam
vachakam

 ഇപ്പോൾ തന്നെ, ഹസീനയ്ക്ക് ജീവിക്കാനും നീതിയുക്തമായ വിചാരണ നേരിടാനുമുള്ള അവകാശം സംരക്ഷിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് അഭ്യർത്ഥിച്ച് യുഎൻ മനുഷ്യാവകാശ കൗൺസിലിനെ സമീപിക്കാൻ ഇന്റർനാഷനൽ കൗൺസിൽ ഓഫ് ജൂറിസ്റ്റ് (എ.സി.ജെ) നടപടികൾ ആരംഭിച്ചു കഴിഞ്ഞെന്നാണ് പുതിയ റിപ്പോർട്ട്. വ്യാപകമായി പിഴവുകളുള്ളതും രാജ്യാന്തര മനുഷ്യാവകാശ മാനദണ്ഡങ്ങൾക്ക് അനുസൃതമല്ലാത്തതുമായ വിചാരണയാണ് ഹസീന നേരിട്ടതെന്ന് എ.സി.ജെ പ്രസിഡന്റ് ആദിഷ് സി. അഗർവാൽ പറയുന്നു.

ബംഗ്ലാദേശിനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച പ്രധാനമന്ത്രിക്ക് ഒടുവിൽ ആ രാജ്യം വിട്ടോടി ഒളിക്കേണ്ടി വന്നു. 2024ൽ ഹസീന ഭരണകൂടത്തെ താഴെയിറക്കിയ വിദ്യാർത്ഥി പ്രതിഷേധത്തിനിടെ മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിന് പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമാൽ, മുൻ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് ചൗധരി അബ്ദുള്ള അൽമാമുൻ എന്നിവരെയാണ് ബംഗ്ലാദേശിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാരിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ധാക്കയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് വിധി വരുന്നത്. മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ ചെയ്തതിന് ഹസീനയ്ക്കും മുൻ ആഭ്യന്തരമന്ത്രി അസദുസ്സമാൻ ഖാൻ കമാലിനുമാണ് കോടതി വധശിക്ഷ പ്രഖ്യാപിച്ചത്.

ഹസീനയുടെ ഭരണകാലത്തെ 'ഷൂട്ട് അറ്റ് സൈറ്റ് ' നിർദ്ദേശവും തുടർന്നുണ്ടായ 1400 പേരുടെ മരണവും ന്യായീകരിക്കാനാവില്ലെന്നും, അതേസമയം വിചാരണയുടെ നിയമപരമായ സാധുത ചോദ്യം ചെയ്യപ്പെടേണ്ടത് ആണെന്നുമുള്ള മറ്റൊരഭിപ്രായവും ഉയർന്നു വരുന്നുണ്ട്. ബംഗ്ലാദേശിന്റെ സാമൂഹിക അന്തരീക്ഷം തന്നെ മാറ്റിമറിയ്ക്കുകയായിരുന്നു ഹസീന ആഹ്വാനം ചെയ്ത ആഭ്യന്തര കലാപം. ഹസീനയുടെ സർക്കാർ നിലംപതിച്ചിട്ടും കലാപം കെട്ടടങ്ങിയിരുന്നില്ല. ഹസീന തിരി കൊളുത്തിയ കലാപം പിന്നീട് നയിച്ചത് അവാമി ലീഗായിരുന്നു.

vachakam
vachakam
vachakam

ബംഗ്ലാദേശിലെ സെക്യൂരിറ്റി ഫോഴ്‌സിനോട് ഹസീനയാണ് ഷൂട്ട് ചെയ്യാനായി ആവശ്യപ്പെട്ടത്. ഒരു ആഭ്യന്തര കലാപത്തിന് ആഹ്വാനം ചെയ്യുന്ന തരത്തിൽ ഷൂട്ട് ചെയ്യാൻ ആവശ്യപ്പെടുന്ന ശബ്ദരേഖ പുറത്തുവന്നിട്ടുണ്ട്. ആഭ്യന്തര കലാപത്തിൽ 1400 പേർ കൊല്ലപ്പെട്ടെന്നാണ് ബംഗ്ലാദേശ് അവകാശപ്പെടുന്നത്. തന്റെ അധികാരം പിടിച്ചു നിർത്താൻ വേണ്ടി സെക്യൂരിറ്റി ഫോഴ്‌സിനോട് ഒരു അധികാര കേന്ദ്രം ഇങ്ങനെയൊരു ആവശ്യമുന്നയിച്ചത് തന്നെ തെറ്റാണെന്നാണ് പൊതുവേയുള്ള അഭിപ്രായം.

ആളുകളെ കൊന്നൊടുക്കി കൊണ്ട് അധികാരം കൈയാളാനുള്ള ശ്രമം എവിടെയാണെങ്കിലും അത് അപലപനീയമാണ്. പ്രതിഷേധത്തിലേർപ്പെട്ടിരുന്ന വിദ്യാർത്ഥികളുമായി സന്ധിചർച്ചയ്ക്കുള്ള സാധ്യത അവിടെ നിലനിൽക്കുന്നുണ്ടായിരുന്നു. എന്നാൽ അത്തരത്തിലൊരു ശ്രമം ഹസീനയുടെ ഭാഗത്ത് നിന്നുണ്ടായില്ല. അതുകൊണ്ട് തന്നെ ഹസീന ചെയ്തത് വളരെ ഗുരുതരമായ ഒരു തെറ്റാണ്. എന്നാൽ, അതേസമയം തന്നെ ഹസീനയ്ക്ക് വധശിക്ഷ വിധിച്ച ആ വിചാരണ ശരിയായിരുന്നുവെന്ന് തോന്നുന്നില്ല. ഹസീനയുടെ ഭാഗത്ത് നിന്ന് ഹാജരായത് ഇടക്കാല സർക്കാർ നിയമിച്ച അഭിഭാഷകനായിരുന്നു, ഹസീന നിയമിച്ച അഭിഭാഷകനായിരുന്നില്ല. കോടതിയുടെ അധികാരത്തെ തന്നെ ചോദ്യം ചെയ്യുന്ന നിലപാടായിരുന്നു പലപ്പോഴായി ഹസീന സ്വീകരിച്ചിരുന്നത് എന്നുമാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ അഭിപ്രായം. 

ഹസീനയെ ഇന്ത്യയിൽ നിന്ന് വിട്ടു കിട്ടണം എന്നതാണ് ബംഗ്ലാദേശ് മുന്നോട്ട് വയ്ക്കുന്ന ആവശ്യം. എന്നാൽ, വധശിക്ഷയ്ക്ക് വിധിച്ച ഈ സാഹചര്യത്തിൽ ഇന്ത്യ അതിന് തയ്യാറാകുമെന്ന് കരുതുന്നില്ല. ഈ വിഷയത്തെ നയതന്ത്രപരമായി തന്നെയാണ് ഇന്ത്യയും ബംഗ്ലാദേശും കൈകാര്യം ചെയ്യേണ്ടത്. പരസ്യപ്രസ്താവനകൾ ഒഴിവാക്കുകയാണ് വേണ്ടതെന്ന് കരുതുന്നു. വിദഗ്ധരായ നയതന്ത്രഞ്ജരെ ഇരു വിഭാഗങ്ങളും നിയമിക്കുകയും ചർച്ച മുന്നോട്ട് കൊണ്ടുപോവുകയുമാണ് വേണ്ടത്. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വധശിക്ഷാ വിധി വന്നിട്ടും ഹസീന ഇന്ത്യയിൽ തുടരുന്നത് ആ ബന്ധത്തിന്റെ ആഴം വർദ്ധിപ്പിച്ചേക്കാം. ഇന്ത്യയ്ക്കും ബംഗ്ലാദേശിനും ഇടയിലുള്ള ബന്ധത്തെ എങ്ങനെ ഇത് ബാധിക്കുമെന്നുള്ളത് ഇരുരാജ്യങ്ങളുടെ പെരുമാറ്റവും നിലപാടും അനുസരിച്ചേ പറയാൻ സാധിക്കൂ.

vachakam
vachakam

എന്തായാലും ഇടക്കാല സർക്കാർ പാകിസ്ഥാനുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്ന സാഹചര്യത്തിൽ, ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകുന്നത് ബംഗ്ലാദേശിലെ പുതിയ ഭരണകൂടത്തെ ഇന്ത്യയിൽ നിന്ന് അകറ്റാൻ കാരണമായേക്കുമെന്നുറപ്പാണ്. പാകിസ്ഥാൻചൈന അച്ചുതണ്ടിലേക്ക് ബംഗ്ലാദേശ് കൂടുതൽ അടുക്കുന്നത്, ഇന്ത്യയുടെ കിഴക്കൻ അതിർത്തിയിലെ സുരക്ഷാ താൽപ്പര്യങ്ങൾക്കും പ്രാദേശിക സ്വാധീനത്തിനും കനത്ത വെല്ലുവിളിയാകും. വധശിക്ഷാ വിധി വന്നിട്ടും ഷെയ്ഖ് ഹസീന ഇന്ത്യയിൽ തുടരുന്നത് ആ ബന്ധത്തിന്റെ ആഴം വർദ്ധിപ്പിച്ചേക്കാം.

ജനാധിപത്യമാണ് ബംഗ്ലാദേശ് ആവശ്യപ്പെടുന്നതെങ്കിൽ രാജ്യത്ത് അവാമി ലീഗെന്ന പാർട്ടിയെ നിരോധിക്കുന്നത് ശരിയായ നടപടിയാണെന്ന് കരുതുന്നില്ല. ഒരു ജനാധിപത്യ രാജ്യത്ത് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും മത്സരിക്കാനുള്ള അവകാശമുണ്ട്. ഇതൊരു രാഷ്ട്രീയ വിഷയമായത് കൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ നിയമപരമായി ഒരു പരിധി വരെ മാത്രമേ ചർച്ച ചെയ്യാൻ സാധിക്കൂ. വധശിക്ഷയ്ക്കു വിധിച്ചതിനു ശേഷം എന്തുതന്നെ പറഞ്ഞാലും ഹസീന ഒരു രാഷ്ട്രീയ നേതാവല്ല. ലോകത്തിന്റെ മുന്നിൽ ഒരു കുറ്റവാളിയാണ്. ഒരു പ്രധാന രാഷ്ട്രീയ പാർട്ടിയെ നിരോധിക്കുന്നത്, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന്റെ ഉൾക്കൊള്ളൽ സ്വഭാവവും ഇല്ലാതാക്കും. ഇത് ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരത വർദ്ധിപ്പിക്കാനും ജനാധിപത്യ പ്രക്രിയയെ തന്നെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

ഹസീനയുമായി ബന്ധമുള്ള രണ്ടു വ്യക്തികളുടെ ഉടമസ്ഥതയിൽ ലണ്ടനിലുള്ള 90 മില്യൺ പൗണ്ട് (1,013.15 കോടി) വില വരുന്ന വസ്തുവകകൾ ഇതിനോടകം മരവിപ്പിച്ചു. ഗുരുതരവും സംഘടിതവുമായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന യുകെയുടെ നാഷണൽ ക്രൈം ഏജൻസിയാണ് (എൻസിഎ) നടപടി സ്വീകരിച്ചിരിക്കുന്നത്. മുൻ സർക്കാരുമായി ബന്ധപ്പെട്ട സ്വത്തുവകകൾ കണ്ടെത്താൻ ബംഗ്ലാദേശിലെ നിലവിലെ ഭരണകൂടത്തെ സഹായിക്കണമെന്ന് യുകെയിൽ സമ്മർദ്ദം വർദ്ധിച്ചിരുന്നു. അതിനെ തുടർന്ന് ബംഗ്ലാദേശിൽ നിന്നും സ്ഥാനഭൃഷ്ടയാക്കപ്പെട്ട ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട ഒമ്പത് സ്വത്ത് വകകൾ മരവിപ്പിക്കാൻ നാഷണൽ ക്രൈം ഏജൻസി (എൻ.സി.എ) ഉത്തരവുകൾ നേടിയെന്നാണ് ഔദ്യോഗിക രേഖകൾ പ്രകാരം ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തിരുന്നു.

എൻ.സി.എ നടപടി മൂലം ലണ്ടനിലെ ഗ്രോസെയ്‌നർ സ്‌ക്വയറിലെ അപ്പാർട്ടുമെന്റുകൾ ഉൾപ്പെടെയുള്ള സ്വത്തുക്കൾ വിൽക്കുന്നതിൽ നിന്ന് അഹമ്മദ് ഷയാൻ റഹ്മാനെയും അദ്ദേഹത്തിന്റെ ബന്ധു അഹമ്മദ് ഷഹരിയാർ റഹ്മാനെയും വിലക്കുകയും ചെയ്തിരുന്നു. എൻ.സി.എ മരവിപ്പിച്ച സ്വത്തുക്കളിൽ വടക്കൻ ലണ്ടനിലെ ഗ്രെഷാം ഗാർഡൻസിലുള്ളതും ഉൾപ്പെടുന്നു. ബ്രിട്ടീഷ് വിർജിൻ ഐലൻഡ്‌സ്, ഐൽ ഓഫ് മാൻ, ജേഴ്‌സി എന്നിവിടങ്ങളിലായി രജിസ്റ്റർ ചെയ്തിരിക്കുന്ന ഓഫ് ഷോർ കമ്പനികൾ വഴിയാണ് പല സ്വത്ത് വകകളും ഹസീന സ്വന്തമാക്കിയിരിക്കുന്നത്. കമ്പനീസ് ഹൗസ് രേഖകൾ പ്രകാരം 1.2 മില്യൺ പൗണ്ട് മുതൽ 35.5 മില്യൺ പൗണ്ട് വരെയുള്ള തുകകൾക്കാണ് പലതും വാങ്ങിയിരിക്കുന്നത്.

ഹസീനയുമായി ബന്ധമുള്ളവരുടെ ഉടമസ്ഥതയിൽ യുകെയിലുള്ള സ്വത്തുക്കളെക്കുറിച്ച് ഗാർഡിയൻ നേരത്തെ തന്നെ ഒരു അന്വേഷണം നടത്തിയിരുന്നു. ആ അന്വേഷണത്തിൽ അഹമ്മദ് ഷയാന്റെയും അഹമ്മദ് ഷഹരിയാറിന്റെയും പേരുകൾ ഉൾപ്പെട്ടിരുന്നുവെന്നാണ് പത്രം റിപ്പോർട്ട് ചെയ്തത്. ബംഗ്ലാദേശിലെ ഒരു മുൻനിര ബിസിനസുകാരനായിരുന്ന സൽമാൻ എഫ് റഹ്മാന്റെ മകനും അനന്തരവനുമാണ് അവർ. കഴിഞ്ഞ വർഷം ഷെയ്ഖ് ഹസീനയെ അട്ടിമറിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിനിടയിൽ രാജ്യത്ത് നിന്നും പലായനം ചെയ്യാൻ ശ്രമം നടത്തിയെങ്കിലും സൽമാൻ പിടിയിലായി. ഹസീനയുടെ സ്വകാര്യ വ്യവസായ, നിക്ഷേപ വിഷയങ്ങളിലെ ഉപദേഷ്ടാവായിരുന്നു സൽമാൻ എഫ് റഹ്മാൻ. ഹസീന അധികാരത്തിൽ ഇരുന്നപ്പോൾ ബംഗ്ലാദേശ് ഭരണകൂടത്തിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തിയായിരുന്നു സൽമാൻ. ഗാർഡിയനും ട്രാൻസ്പരൻസി ഇന്റർനാഷണലും ചേർന്ന് നടത്തിയ അന്വേഷണത്തിൽ റഹ്മാൻ സഹോദരന്മാരുടെ ഉൾപ്പെടെ ഏകദേശം 400 മില്യൺ പൗണ്ട് വിലവരുന്ന സ്വത്തുവകകൾ ഷെയ്ഖ് ഹസീനയുമായി ബന്ധപ്പെട്ട് യുകെയിൽ ഉണ്ടെന്ന് കണ്ടെത്തിയിരുന്നുവെന്നാണ് ഗാർഡിയൻ റിപ്പോർട്ട് ചെയ്തത്.

മരവിപ്പിച്ച സ്വത്ത് വകകളിൽ ഒന്നിൽ ഷെയ്ഖ് ഹസീനയുടെ സഹോദരിയും, കിയർ സ്റ്റാർമർ മന്ത്രിസഭയിലെ മുൻ അംഗം തുലിപ് സിദ്ദിഖിന്റെ അമ്മയുമായ ഷെയ്ഖ് റഹാന താമസിച്ചിരുന്നിടമാണെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അതുൾപ്പെടെ 7.7 മില്യൺ പൗണ്ടിന് വാങ്ങിയ രണ്ട് വസ്തുവകകൾ മരവിപ്പിച്ചതായി ഇതിനു മുമ്പ് തന്നെ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ, ഷെയ്ഖ് ഹസീന ഭരണകൂടത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിൽ തുലിപ് സിദ്ദിഖിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്. ഈ ആരോപണങ്ങളാണ് യുകെയുടെ നഗരമന്ത്രി സ്ഥാനത്ത് നിന്ന് അവർക്ക് രാജിവച്ചൊഴിയേണ്ടി വന്നത്.

എന്നാൽ, ഈ വിധി രാഷ്ട്രീയ പ്രേരിതമാണെന്നാണ് ്ഹസീനയുടെ പ്രതികരണം. ട്രിബ്യൂണൽ 'കൃത്രിമമായി തയ്യാറാക്കിയതാണെന്നും' ഇടക്കാല സർക്കാർ അവാമി ലീഗിനെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അവർ ആരോപിച്ചു. ഒരു നിഷ്പക്ഷമായ നീതിന്യായ കോടതിക്ക് മുന്നിൽ ഹാജരാകാൻ താൻ തയ്യാറാണെന്നും കേസ് ഹേഗിലെ അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലേക്ക് മാറ്റണമെന്നും ഹസീന ആവശ്യപ്പെട്ടു.

എമ എൽസ എൽവിൻ

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam