തെരഞ്ഞെടുപ്പിൽ ജയിക്കുക എന്നതിനേക്കാൾ സ്വന്തം പാളയത്തിലെ വിമതശല്യം എങ്ങനെ കൈകാര്യം ചെയ്യാം എന്നതാണ് ഇത്തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടികളും മുന്നണികളും നേരിടുന്ന വലിയ ചോദ്യം. അതിനൊപ്പം വോട്ട് വീഴ്ത്താനുള്ള കുതന്ത്രങ്ങളുടെ പൈങ്കിളി കഥകൾ വേറെയും! തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾക്ക് വേണ്ടി ഉദ്യോഗസ്ഥരും സ്ഥാനാർത്ഥികളും ഇത്രയേറെ വലഞ്ഞ മറ്റൊരു തെരഞ്ഞെടുപ്പ് കേരളത്തിൽ ഉണ്ടായിട്ടുണ്ടെന്ന് തോന്നുന്നില്ല. പലയിടത്തും യുദ്ധസമാനമാണ് കാര്യങ്ങൾ.
വോട്ടർമാരെ സ്വാധീനിക്കുക എന്നതിനപ്പുറം,പിണറായി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ, ഏതുവിധേനയും നാല് വോട്ട് കൂടുതൽ വരുതിയിലാക്കുക എന്നതാണ് പലരുടെയും ലൈൻ ! ദേശീയതലത്തിൽ ബീഹാർ തെരഞ്ഞെടുപ്പിന്റെ ഓളം കെട്ടടങ്ങുമ്പോൾ, വോട്ട് ചോരി എന്ന മഹാപാതകം ആരോപിക്കപ്പെട്ടെങ്കിലും, ജയിച്ചവർ ജയിക്കുകയും തോറ്റവർ തോൽക്കുകയും ചെയ്യുന്ന ലൗകിക യാഥാർത്ഥ്യം മാത്രം ബാക്കിയായി.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കാറ്റുവീശി തുടങ്ങും മുമ്പേ,വോട്ടിന്റെ കള്ളക്കളികൾ ഒന്നൊന്നായി പുറത്തു വരുമ്പോൾ,പണ്ട് പാത്തും പതുങ്ങിയും ചെയ്തിരുന്ന കാര്യങ്ങൾ പുതുകാലത്ത് ഏവർക്കും അറിയാവുന്ന യുദ്ധതന്ത്രങ്ങളായി സമൂഹമാധ്യമങ്ങളിൽ നിറയുന്നു.
തെരഞ്ഞെടുപ്പ് എന്ന യുദ്ധം
ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ഏത് രാജ്യത്തും ഏതുകാലത്തും സൃഷ്ടിക്കുന്നത് യുദ്ധസമാനമായ അന്തരീക്ഷമാണ്. അത് യഥാർത്ഥ യുദ്ധം നടക്കുന്ന നേരത്താണെങ്കിലും തെരഞ്ഞെടുപ്പ് എന്ന പോരാട്ടത്തിന് ഇളവ് കൊടുക്കാറില്ല രാജ്യങ്ങൾ; ചരിത്രം അതാണ് പറയുന്നത്. യുദ്ധം ഒന്നടങ്ങാൻ കാത്തുനിൽക്കും. നമ്മുടെ കൊച്ചു കേരളത്തിലെ തിരഞ്ഞെടുപ്പ് കാലം മിക്കപ്പോഴും അക്രമരഹിതവും ഊർജ്ജസ്വലവും ആയിരുന്നു. വിമതന്മാരും വിമത ശല്യവും ഇല്ലാത്ത ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. എന്നാൽ, ഇന്നോളം കേട്ടിട്ടില്ലാത്ത വിമതഭീഷണിയാണ് ഇടതുപക്ഷ പാർട്ടികൾ പോലും ഇത്തവണ നേരിടുന്നത്.
പലയിടത്തും സ്ഥാനാർത്ഥി നിർണയം പോലും പൂർത്തിയാക്കാൻ കക്ഷികൾ കഷ്ടപ്പെട്ടു. സ്ഥാനമോഹികളല്ല, ഉറച്ച പാർട്ടി പ്രവർത്തകരാണ് പലയിടത്തും സീറ്റുനിഷേധത്തെ തുടർന്ന് സ്വന്തം പാർട്ടിക്കെതിരെ തിരിഞ്ഞുനിന്നത്. ചിലയിടത്ത് അത് കയ്യാങ്കളിയിൽ വരെ എത്തി. മൂന്നു ടേം വ്യവസ്ഥ കർശനമാക്കിയതാണ് മുസ്ലിം ലീഗിൽ ഉണ്ടായ സംഘർഷങ്ങൾക്ക് കാരണമായത്. അവരുടെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം മുതൽ ശാഖാ ഭാരവാഹികൾ വരെ രാജിക്കൊരുങ്ങി. പാണക്കാട്ട് നിന്ന് പറഞ്ഞിട്ടും പലരും പിണങ്ങി നിന്നു.
നിലമ്പൂർ നഗരസഭ നഷ്ടപ്പെടും വിധമാണ് ലീഗിൽ പ്രതിഷേധവും വിമത പ്രവർത്തനവും ശക്തമായത്. മലപ്പുറം വണ്ടൂരിൽ മുസ്‌ലിംലീഗ് നേതാക്കളെ പൂട്ടിയിട്ട സംഭവം പോലും ഉണ്ടായി. കോഴിക്കോട് നല്ലളം വാർഡിലെ സ്ഥാനാർത്ഥി നിർണയത്തെ ചൊല്ലിയും പൊട്ടിത്തെറിയുണ്ടായി. 2015ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ മലപ്പുറത്ത് വിവിധയിനം പ്രാദേശിക താല്പര്യ മുന്നണികൾ രൂപം കൊണ്ടതും ചരിത്രത്തിലുണ്ട്. കോൺഗ്രസും സി.പി.എമ്മും ചേർന്നുണ്ടാക്കിയ ഈ മുന്നണി സംവിധാനങ്ങൾ ലീഗിനെ ഒതുക്കാൻ ലക്ഷ്യമിട്ടതായിരുന്നു. ലീഗ് ആവട്ടെ അവയെ സാമ്പാർ മുന്നണി എന്ന് പരിഹസിച്ചു.
ഇത്തവണ കോൺഗ്രസിൽ പതിവുപോലെ കെ.പി.സി.സിക്ക് വരെ ഇടപെടേണ്ട വിധത്തിൽ സീറ്റ് നിർണയ തർക്കങ്ങൾ നീണ്ടു. എറണാകുളത്ത് ഡി.സി.സി പ്രസിഡന്റിനെതിരെ പോലും പരാതി ഉയർന്നു. എ വിഭാഗത്തെ പൂർണ്ണമായി തഴഞ്ഞ സ്ഥാനാർത്ഥി ലിസ്റ്റ് തിരുത്താമെന്ന് കെ.പി.സി.സി പ്രസിഡന്റിന് പറയേണ്ടിവന്നു. ജില്ലാ പഞ്ചായത്തിനു കീഴിലെ കീഴ്മാട് ഡിവിഷനിലെ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് തർക്കം. ഡി.സി.സി അധ്യക്ഷൻ മുഹമ്മദ് ഷിയാസിനെതിരെ വാഴക്കുളം പഞ്ചായത്തിലെ 24 സ്ഥാനാർത്ഥികൾ കെ.പി.സി.സി നേതൃത്വത്തിന് കത്തയച്ചു.
കീഴ്മാട് ഡിവിഷനിലേക്ക് വ്യവസായിയും വെങ്ങോല പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായ പി.എ.മുക്താറിനെ പ്രഖ്യാപിച്ചതോടെയാണ് പ്രശ്‌നങ്ങൾ ആരംഭിച്ചത്. കോർ കമ്മിറ്റി ചേർന്ന് പരിഗണിക്കപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയ ശേഷം ഡി.സി.സി അധ്യക്ഷൻ ഇതിലില്ലാത്ത മുക്താറിനെ സ്ഥാനാർത്ഥിയാക്കി പ്രഖ്യാപിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇടതുമുന്നണിയിൽ സി.പി.എമ്മും സി.പി.ഐയും തമ്മിലുള്ള തർക്കം കുട്ടനാട്ടിൽ തദ്ദേശതിരഞ്ഞെടുപ്പ് സീറ്റുവിഭജനത്തിൽ കീറാമുട്ടിയായി. പരസ്പരം പോരടിക്കുന്ന സമീപനമാണ് കുട്ടനാട്ടിലെമ്പാടും. രാമങ്കരി തന്നെയാണ് ശ്രദ്ധകേന്ദ്രം.
ഇവിടെ സി.പി.എമ്മും സി.പി.ഐയും തമ്മിൽ മത്സരിക്കുമെന്ന് ഉറപ്പായി. പഞ്ചായത്ത് ഭരണംപിടിക്കുക എന്ന ലക്ഷ്യത്തോടെ എട്ടു സീറ്റിലാണ് സി.പി.ഐ മത്സരിക്കുക. ഒരുതരത്തിലും ഒന്നിച്ചുപോകാനാവില്ലെന്ന് ഇരുപാർട്ടികളും തറപ്പിച്ചു പറയുന്നു. സി.പി.ഐ വിരോധംകാരണം സി.പി.എം കോൺഗ്രസിന് കൈകൊടുത്ത സ്ഥലമാണ് രാമങ്കരി. വിഭാഗീയത മൂത്ത് സി.പി.എമ്മിന്റെ ടിക്കറ്റിൽ ജയിച്ച് പഞ്ചായത്ത് പ്രസിഡന്റായ രാജേന്ദ്രകുമാറിനെ താഴെയിറക്കാൻ അവർതന്നെ അവിശ്വാസം കൊണ്ടുവന്നിരുന്നു. അവിശ്വാസം ചർച്ചയ്‌ക്കെടുക്കുംമുൻപ് രാജേന്ദ്രകുമാർ രാജിവെച്ചൊഴിഞ്ഞു. പിന്നീട് സി.പി.എം പിന്തുണയോടെ കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു.
തിരുവനന്തപുരം പൂവാറിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് ആഴ്ചകൾ ബാക്കി നിൽക്കെ കരുംകുളം പഞ്ചായത്തിൽ സീറ്റ് വീതംവച്ചതിൽ സി.പി.എം സി.പി.ഐ തർക്കത്തെ തുടർന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പഞ്ചായത്തിലെ എസ്.സി സംവരണ വാർഡായ കരുംകുളം വാർഡിൽ സ്ഥാനാർത്ഥിയായി മത്സരരംഗത്ത് കളംപിടിച്ചു. നിലവിലെ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി കെ.ആനന്ദനാണ് എൽ.ഡി.എഫിനെ ഞെട്ടിച്ച് കോൺഗ്രസ് പാളയത്തിൽ ചേക്കേറിയത്.
ബി.ജെ.പിയിലെ കാര്യവും വ്യത്യസ്തമല്ല. പാലക്കാട് നഗരസഭാ സ്ഥാനാർത്ഥി പ്രഖ്യാപനത്തിനു പിന്നാലെ ബി.ജെ.പിയിൽ പൊട്ടിത്തെറിയുണ്ടായി. സ്ഥാനാർത്ഥിപ്പട്ടിക തയ്യാറാക്കിയത് ഏകപക്ഷീയമായാണെന്നും പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർപക്ഷം ഇടപെടൽ നടത്തിയെന്നും ആരോപിച്ച് നഗരസഭാധ്യക്ഷ പ്രമീളാ ശശിധരൻ രംഗത്തെത്തി. വിഷയം സംസ്ഥാന നേതൃത്വത്തെ അറിയിച്ചു.
സ്വന്തം വാർഡിലെ സ്ഥാനാർത്ഥി നിർണയംപോലും തന്നെ അറിയിക്കാത്തത് മാനസികവിഷമം ഉണ്ടാക്കിയെന്ന് പ്രമീളാ ശശിധരൻ പറഞ്ഞു. ചെയർപേഴ്‌സണായിരിക്കെ ഒരുവിഭാഗം ക്രൂശിച്ചെന്നും അവർ ആരോപിച്ചു. മത്സരിക്കാനില്ലെന്ന് താൻതന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നതാണ്. എന്നാൽ, സ്ഥാനാർത്ഥിനിർണയമോ കൺവെൻഷനോ താൻ അറിഞ്ഞിരുന്നില്ല.
കഴിഞ്ഞ രണ്ടുവട്ടവും അധികാരത്തിലെത്തിയ പാലക്കാട് നഗരസഭയിൽ, ഏറെ തർക്കങ്ങൾക്കും ചർച്ചകൾക്കുമൊടുവിലാണ് ബി.ജെ.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. കഴിഞ്ഞ ഭരണസമിതിയിലെ വൈസ് ചെയർമാൻ ഇ. കൃഷ്ണദാസ്, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ പി. സ്മിതേഷ് തുടങ്ങിയവർ പട്ടികയിൽ ഇടംപിടിച്ചെങ്കിലും പ്രമീളാ ശശിധരനെ ഒഴിവാക്കി. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്‌ക്കൊപ്പം വേദിപങ്കിട്ട പ്രമീളയെ മത്സരിപ്പിക്കരുതെന്ന് പാർട്ടിക്കുള്ളിൽ നേരത്തേത്തന്നെ ഒരുവിഭാഗം ആവശ്യപ്പെട്ടിരുന്നു. ആ സമയത്തും പാർട്ടി തീരുമാനത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നായിരുന്നു പ്രമീളയുടെ നിലപാട്.
കൊച്ചു കൊച്ചു ഭൂകമ്പങ്ങൾ
വോട്ടർമാരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ലാതെ പോകുന്ന സംഭവങ്ങൾ അതിസാധാരണമായി മാറിയ കാഴ്ചയും ഇത്തവണ നമ്മൾ കണ്ടു. നമ്മുടെ മേൽവിലാസത്തിൽ കയറി മറ്റു പലരും വോട്ട് ചെയ്യുന്നുവെന്ന ഞെട്ടിക്കുന്ന സത്യവും പലരും തിരിച്ചറിഞ്ഞു. സ്ഥാനാർത്ഥികൾക്ക് പോലും സ്വന്തം വാർഡിൽ വോട്ട് ഉണ്ടെന്ന് ഉറപ്പിക്കേണ്ട അവസ്ഥ. കോഴിക്കോട് യു.ഡി.എഫ് മേയർ സ്ഥാനാർത്ഥി വി.എം വിനു കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് പോലും ചെയ്തില്ല എന്നിടംവരെ എത്തി കാര്യങ്ങൾ. വോട്ടർപട്ടികയിലെ ക്രമക്കേടുകളുടെ ചർച്ചകളും നിയമ പോരാട്ടങ്ങളും.
അതിനിടയാണ്, സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന കുപ്രചരണങ്ങളുടെ ഒഴുക്ക് തടയാനാവാതെ വ്യക്തികളും പാർട്ടികളും കുഴഞ്ഞത്. ഓഡിയോകളും വീഡിയോ ദൃശ്യങ്ങളും എഐ സങ്കേതിക വിദ്യ ഉപയോഗിച്ചുള്ള പ്രചരണങ്ങളും നിരീക്ഷിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷന് പ്രത്യേക സംവിധാനം ഉണ്ടാക്കേണ്ടി വന്നു.
ജനാധിപത്യ പ്രക്രിയ ശക്തിപ്പെടുകയാണ്. സാമൂഹിക ഇടപെടലുകൾ സജീവമാവുകയാണ്. ഓരോ പൗരനും വോട്ടിന് അപ്പുറം സ്വന്തം നിലപാടുകൾ, നിരീക്ഷണങ്ങൾ, വിമർശനങ്ങൾ എല്ലാം പങ്കുവയ്ക്കാൻ സാമൂഹിക മാധ്യമം എന്ന അതിവിശാല പ്ലാറ്റ്‌ഫോം തുറന്നു കിടക്കുന്നു. അതിനാൽ വോട്ടെടുപ്പ് എന്ന കേവല യജ്ഞത്തിന് മുമ്പ് ജനത്തിന്റെ മനസ്സ് ഏതെല്ലാം വഴികളിൽ സഞ്ചരിക്കുന്നു എന്ന് തിരിച്ചറിയാൻ മുൻകാലങ്ങളിലെക്കാൾ സമയവും സൗകര്യവും ലഭിക്കുന്നു.
പ്രജിത്ത് രാജ്
ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക
Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക.
ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1
