മെലാനിയുടെ ഉദയം: യൂറോപ്പിനെ ആകെ മാറ്റിമറിച്ചേക്കും

OCTOBER 3, 2022, 6:29 PM

ഇനി ഇറ്റലിയുടെ മുഖം മാറും. ആ മാറ്റം യൂറോപ്പിനെ സംബന്ധിച്ച് ഒരു നാഴികക്കല്ലായേക്കാം. ജോര്‍ജിയ മെലോനിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള വലതുപക്ഷ സഖ്യം രാജ്യത്ത് ഉദയം ചെയ്തിരിക്കുന്നു. രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ഇതാദ്യമായാണ് ഇറ്റലിയില്‍ തീവ്ര വലതുപക്ഷം അധികാരത്തില്‍ വരുന്നത്.

എന്നാല്‍ പോലും, ഇറ്റലിയില്‍ സംഭവിച്ചത് യൂറോപ്പിലാകമാനമുള്ള രാഷ്ട്രീയ സാഹചര്യത്തെ മാറ്റിമറിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. സെമിറ്റിക് വിരുദ്ധത, മതമൗലികവാദം, യൂറോപ്യന്‍ യൂണിയന്റെ പ്രസക്തി, ഭൂഖണ്ഡത്തിലേക്ക് വന്‍ തോതിലുള്ള കുടിയേറ്റം തുടങ്ങിയ പ്രശ്‌നങ്ങളെ കണക്കിലെടുക്കുന്ന സുപ്രധാന രാഷ്ട്രീയ മാറ്റത്തിലേക്ക് യൂറോപ്പ് നീങ്ങിയേക്കും.

കുടിയേറ്റത്തെ സംബന്ധിച്ച് മെലോനിയുടെ കര്‍ശന നിലപാട്

vachakam
vachakam
vachakam

യുറോപ്പിലേക്കുള്ള കുടിയേറ്റം കുറച്ചുകാലമായി വിവാദ രാഷ്ട്രീയ വിഷയമാണ്. മുന്‍ ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലിനെ പോലെയുള്ളവര്‍ കര്‍ശനമല്ലാത്ത കുടിയേറ്റ നയത്തിനായി ശക്തമായി വാദിച്ചിരുന്നു.

യഥാര്‍ത്ഥത്തില്‍, ആഫ്രിക്കയ്ക്കും ഏഷ്യയ്ക്കും ഇടയിലാണ് ഇറ്റലി സ്ഥിതി ചെയ്യുന്നത്, അതുകൊണ്ടുതന്നെ പശ്ചിമേഷ്യയ്ക്കും വടക്കന്‍ ആഫ്രിക്കന്‍ പ്രദേശങ്ങള്‍ക്കും അടുത്തായാണ് രാജ്യം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നിയമാനുസൃതമായ രേഖകളില്ലാത്ത കുടിയേറ്റക്കാര്‍ മെഡിറ്ററേനിയന്‍ കടല്‍ കടന്ന് ഇറ്റലിയിലേക്കും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും കുടിയേറ്റത്തിന്റെ ബുദ്ധിമുട്ടുകള്‍ കൈകാര്യം ചെയ്യേണ്ടി വന്നിട്ടുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായ സ്ഥാനം കാരണം ഇറ്റലിയാണ് ഈ പ്രതിസന്ധിയുടെ ദുരിതം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്.

2018-ലെ കണക്കനുസരിച്ച്, രേഖകളില്ലാത്ത ഏതാണ്ട് 5,00,000 കുടിയേറ്റക്കാര്‍ ഇറ്റലിയില്‍ താമസിക്കുന്നുണ്ട്. വലതുപക്ഷത്തിന്റെ കാഴ്ചപ്പാടില്‍, ഇത്തരം വന്‍ തോതിലുള്ള കുടിയേറ്റമാണ് സാമൂഹിക അസ്ഥിരതയുടെ കാരണം. മെഡിറ്ററേനിയന്‍ രാജ്യമായ ഇറ്റലിയുടെ തെക്കന്‍ ഭാഗങ്ങളില്‍ വന്‍ തോതിലുള്ള കുടിയേറ്റമാണ് നടക്കുന്നത്, ഇതൊരു വലിയ രാഷ്ട്രീയ പ്രശ്‌നമായി മാറിയിട്ടുണ്ട്.

vachakam
vachakam
vachakam

ഇറ്റലിയിലേക്കുള്ള വലിയ തോതിലുള്ള കുടിയേറ്റം നിയന്ത്രിക്കും എന്ന വാഗ്ദാനത്തോടെ തന്നെയാണ് മെലോനി അധികാരത്തില്‍ വരുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍, കുടിയേറ്റക്കാരുടെ ബോട്ടുകള്‍ ഇറ്റാലിയന്‍ തീരത്ത് എത്തുന്നതിന് മുന്‍പുതന്നെ ഇറ്റാലിയന്‍ നാവികര്‍ അവരെ മടക്കി അയയ്ക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അവര്‍ വ്യക്തമായി പറഞ്ഞിരുന്നു.

കുടിയേറ്റ നയവുമായി ബന്ധപ്പെട്ട് യൂറോപ്യന്‍ യൂണിയനും മെലോനി നയിക്കുന്ന ഇറ്റലിയും തമ്മിലുള്ള തര്‍ക്കവിഷയമായി ഇത് മാറാനുള്ള സാധ്യതയുണ്ട്.

സെമിറ്റിക് വിരുദ്ധതയും മതമൗലികവാദവും

vachakam
vachakam

യൂറോപ്പിലെ, പ്രത്യേകിച്ച് ജര്‍മ്മനിയിലെയും ഇറ്റലിയിലെയും തീവ്ര വലതുപക്ഷത്തെ കുറിച്ച് ജൂത രാജ്യമായ ഇസ്രായേലിന് സംശയങ്ങള്‍ ഉണ്ടായിരുന്നു. ജൂതന്മാര്‍ക്ക് നേരിടേണ്ടി വന്ന വംശഹത്യയുടെ ചരിത്രം കണക്കിലെടുത്ത്, യൂറോപ്യന്‍ തീവ്ര വലതുപക്ഷ നേതാക്കന്മാരെ ഇസ്രേയല്‍ ഏതാണ്ട് ബഹിഷ്‌ക്കരിക്കുകയായിരുന്നു.

എന്നിരുന്നാലും, മെലോനിക്ക് ഇതെല്ലാം തിരുത്താനാകും. ഇസ്രായേലുമായി സൗഹൃദം സ്ഥാപിക്കാന്‍ അവര്‍ ഇതിനകം ശ്രമിച്ചെങ്കിലും യൂറോപ്യന്‍ യൂണിയനെ നിയന്ത്രിക്കുന്ന ലിബറല്‍ വൃത്തങ്ങളെ ചൊടിപ്പിക്കുന്ന രീതിയിലായിരുന്നു ഇത്.

സെമിറ്റിക് വിരുദ്ധതയെയും യൂറോപ്പില്‍ ജൂതന്മാര്‍ക്ക് നേരിടേണ്ടി വരുന്ന വിദ്വേഷ പരാമര്‍ശങ്ങളെയും മെലോനി തള്ളിപ്പറഞ്ഞിട്ടുണ്ട്. തീവ്ര ഇടത് ഇസ്ലാമിക് മതമൗലികവാദമാണ് ഈ പ്രവണതയ്ക്ക് കാരണം എന്നാണ് പ്രത്യക്ഷത്തില്‍ അവര്‍ കുറ്റപ്പെടുത്തുന്നത്. ''ഇന്ന് സെമിറ്റിക് വിരുദ്ധത ഏറ്റവും സാധാരണ രീതിയില്‍ രൂപമെടുക്കുന്നത് ഇസ്രായേല്‍ വിരുദ്ധ പ്രചരണമായാണ്. തീവ്ര ഇടത്, തീവ്ര വലത് വിഭാഗങ്ങളില്‍ നിന്നുള്ള ഭീഷണി മാത്രമല്ല യൂറോപ്പിലെ ജൂതന്മാര്‍ നേരിടേണ്ടി വരുന്നത്, പ്രത്യേകിച്ച് ഇസ്രായേല്‍ വിരുദ്ധതയില്‍ വളരുന്ന തീവ്ര ആശയക്കാരായ ഇസ്ലാമിക മതമൗലിക വാദികളില്‍ നിന്നാണ് ഇവര്‍ക്ക് ഭീഷണി നേരിടേണ്ടി വരുന്നതെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

''ഈ വിപത്തിനെ ലോകത്തെല്ലായിടത്തും നിന്ന് ഇല്ലാതാക്കാനുള്ള ശ്രമത്തില്‍, യൂറോപ്യന്‍ യൂണിയന്റെ സുപ്രധാന മിത്രമാണ് ഇസ്രായേല്‍, ഇത് അങ്ങനെ തന്നെ തുടരുകയും ചെയ്യും. യുവ വിദ്യാര്‍ത്ഥികള്‍ ഇസ്രായേലിന്റെ ചരിത്രവും മതവും സംസ്‌കാരവും മനസ്സിലാക്കുന്നത് വര്‍ദ്ധിപ്പിക്കാനുള്ള ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു. ഇത് സമൂഹത്തിന്റെ മുന്‍ധാരണകള്‍ ഇല്ലാതാക്കാനും യൂറോപ്പില്‍ ജൂതരുടെ രീതികള്‍ക്ക് പൂര്‍ണ്ണ സ്വീകാര്യത ലഭിക്കാനും ഇത് സഹായിക്കും,'' അവര്‍ കൂട്ടിച്ചേര്‍ത്തു.

കുടിയേറ്റ വിഷയത്തില്‍ യൂറോപ്പിലെ ഇടത് ലിബറലുകള്‍ മെലോനിയുമായി യോജിക്കാനാണ് സാധ്യത. എന്നാല്‍ സെമിറ്റിക് വിരുദ്ധതയ്ക്ക് വളര്‍ന്നു വരുന്ന മതമൗലികവാദത്തെ കുറ്റപ്പെടുത്തുന്ന മെലോനിയുടെ അഭിപ്രായത്തോട് അവര്‍ യോജിക്കാന്‍ സാധ്യതയില്ല. മതമൗലികവാദവും അനിയന്ത്രിതമായി കുടിയേറ്റത്തിന്റെ അനന്തരഫലങ്ങളും പോലുള്ള തര്‍ക്ക വിഷയങ്ങള്‍ മറക്കുക എന്നതാണ് സ്വതന്ത്ര, ഏകീകൃത യൂറോപ്പിന്റെ ആശയം. ഇപ്പോള്‍ യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ മൂന്നാമത്തെ സാമ്പത്തികശക്തി അത്തരം പ്രശ്‌നങ്ങള്‍ ഉയര്‍ത്തുമ്പോള്‍, പ്രാദേശിക സഖ്യത്തിനുള്ളില്‍ തീവ്രമായ വിയോജിപ്പ് ഉണ്ടാകും.

യൂറോപ്യന്‍ യൂണിയനുള്ളിലെ അധികാരത്തിന്റെ ബാലന്‍സില്‍ മാറ്റം

ബ്രസ്സല്‍സ്, ബെര്‍ലിന്‍, പാരീസ് എന്നീ മൂന്ന് അധികാര കേന്ദ്രങ്ങളാല്‍ നിയന്ത്രിക്കപ്പെട്ടിരുന്നതിനാലാണ് യൂറോപ്പ് അതിന്റെ ലിബറല്‍ മുഖം നിലനിര്‍ത്തിയിരുന്നത്. എന്നാല്‍, വലതുപക്ഷം ഇതിനകം തന്നെ യൂറോപ്പില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇറ്റലിയില്‍ തീവ്ര വലത് സര്‍ക്കാരാണ് വരാന്‍ പോകുന്നത്. ഹംഗറിയില്‍ ഇതിനകം തന്നെ വിക്ടോര്‍ ഒര്‍ബാന്‍ എന്ന ദേശീയതാവാദിയായ പ്രധാനമന്ത്രിയുണ്ട്. ഫ്രാന്‍സില്‍ മേരി ലേ പെന്നിന് വലിയ പിന്തുണ ലഭിക്കുന്നുണ്ട്, കുറച്ചുകാലമായി യൂറോപ്പിലെ വലതുപക്ഷ ആശയത്തിന്റെ മുഖമാണ് പോളണ്ട്.

അതിനാല്‍, നമുക്ക് അധികാരത്തിന്റെ ബാലന്‍സില്‍ ഒരു മാറ്റം കാണാം. അടുത്തിടെ, ഹംഗറിയെ ''ഇലക്ടറല്‍ സ്വേച്ഛാധിപത്യത്തിന്റെ ഹൈബ്രിഡ് ഭരണമായി'' തള്ളിപ്പറയുന്ന പ്രമേയത്തെ എതിര്‍ത്ത് മെലോനിയുടെ എംഇപിമാര്‍ വോട്ട് ചെയ്തിരുന്നു. പോളണ്ടിലെ ദേശീയതാവാദികളായ ഭരണകക്ഷി ലോ ആന്റ് ജസ്റ്റിസ് പാര്‍ട്ടിയുമായും കുടിയേറ്റ വിരുദ്ധ സ്വീഡന്‍ ഡെമോക്രാറ്റുകളുമായും സ്‌പെയിനിലെ തീവ്ര വലതുപക്ഷ വോക്‌സ് പാര്‍ട്ടിയുമായും മെലോനി അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ട്.

സത്യത്തില്‍, മെലോനിക്ക് യൂറോപ്പിനെ സംബന്ധിച്ച വലിയ സ്വപ്നങ്ങള്‍ ഉണ്ടെന്ന് വേണം കരുതാന്‍. ഇറ്റലിക്ക് വേണ്ടി മാത്രമല്ല, യൂറോപ്പിനാകെ വേണ്ടി ഒരു മാതൃക സൃഷ്ടിക്കാനും അവര്‍ ആഗ്രഹിക്കുന്നുണ്ടാകണം. ചുരുക്കത്തില്‍, വന്‍ തോതിലുള്ള കുടിയേറ്റത്തെ കൈകാര്യം ചെയ്യുന്ന, മതമൗലികവാദത്തോട് പൊരുതുന്ന, യൂറോപ്യന്‍ യൂണിയന്‍ ചുമത്തിയ ധനക്കമ്മി നിയന്ത്രണങ്ങള്‍ സ്വതന്ത്രമാക്കുന്ന, പരമ്പരാഗത യൂറോപ്യന്‍ മൂല്യങ്ങള്‍ പരിരക്ഷിക്കുന്ന ഒരു യൂറോപ്പ് സൃഷ്ടിക്കാനാണ് ഉയര്‍ത്തെഴുന്നേല്‍ക്കുന്ന വലതുപക്ഷ ശക്തികള്‍ നോട്ടമിടുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ, പണപ്പെരുപ്പം ഉണ്ടാക്കുന്ന സമ്മര്‍ദ്ദം, വന്‍ തോതിലുള്ള കുടിയേറ്റം, വര്‍ദ്ധിച്ചുവരുന്ന തീവ്രവാദ ആക്രമണങ്ങള്‍ എന്നിവ കാരണം ജനങ്ങള്‍ക്കിടയില്‍ വ്യാപകമായി ഉണ്ടായ നിരാശ മുതലെടുക്കുകയാണ് യൂറോപ്പിലെ വലതുപക്ഷ നേതാക്കന്മാര്‍ ചെയ്യുന്നത്.

ലിബറല്‍ വൃത്തങ്ങള്‍ ഇതുവരെ യൂറോപ്പിനെ നയിക്കുകയും വളര്‍ത്തുകയും ചെയ്തിട്ടുള്ളതിന് വിരുദ്ധമാണ് മെലോനിയേയും മറ്റ് വലതുപക്ഷ ശക്തികളെയും പോലെയുള്ളവരുടെ ആഗ്രഹങ്ങള്‍.

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam