ടീച്ചർമാർ പോസ്റ്ററിൽ 'ഷൈൻ' ചെയ്‌തോട്ടെ, പണപ്പെട്ടിയിൽ തൊട്ടുള്ള കളി വേണ്ടേ, വേണ്ട!

APRIL 17, 2024, 5:30 PM

എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥിയുടെ പേര് തുടക്കത്തിൽ കെ.ജെ. ഷൈൻ എന്നു മാത്രമായിരുന്നു. കോട്ടപ്പുറം രൂപതാംഗമാണ് ഷൈൻ. സഭയുടെ വിദ്യാർത്ഥി പ്രസ്ഥാനമായ കെ.സി.എസ്.എൽ. മുതൽ കെ.സി.വൈ.എം വരെയുള്ള സംഘടനകളിൽ പ്രവർത്തിച്ച പാരമ്പര്യവും ശ്രീമതി ഷൈനുണ്ട്. എറണാകുളത്തെ ട്വന്റി ട്വന്റി സ്ഥാനാർത്ഥി ആന്റണി റൂഡിയും  കെ.സി.വൈ.എം. നേതാവായിരുന്നു. ഒരു സുപ്രഭാതത്തിൽ എന്ന പോലെ ശ്രീമതി ഷൈൻ പെട്ടെന്ന് പോസ്റ്ററിൽ ടീച്ചറായി.

വടകരയിലും വെറും ശൈലജ, പോസ്റ്ററിൽ  ടീച്ചറായി മാറി, ചാലക്കുടിയിലെ ഇടതു സ്ഥാനാർത്ഥിയുടെ പേരിനു മുമ്പിൽ പ്രൊഫസറും കൂട്ടിച്ചേർക്കപ്പെട്ടു. സ്ഥാനാർത്ഥികളുടെ ഇമേജ് ബിൽഡപ്പ് ചെയ്യാൻ ഇപ്പോൾ ഏജൻസികളൊക്കെയുണ്ട്. ആ ഗ്രൂപ്പ് എളമരം കരീമിനെയും ശൈലജ ടീച്ചറെയുമെല്ലാം ഫോട്ടോജനിക് ആക്കി മാറ്റും. ഒപ്പം സ്ത്രീ സ്ഥാനാർത്ഥികളുടെ സാരികൾ പോലും ഈ ഗ്രൂപ്പാണ് സെലക്ട് ചെയ്യുക. മുസ്ലീംങ്ങൾ അധികമുള്ള പ്രദേശങ്ങളിൽ പതിക്കാനുള്ള പോസ്റ്ററുകളിൽ ശൈലജ ടീച്ചറെ പച്ച സാരി ഉടുപ്പിച്ച ഫോട്ടോയാണ് ഉപയോഗിച്ചത്.

ടീച്ചറും പ്രൊഫസറുമെല്ലാം പോസ്റ്ററിൽ കേമം, പക്ഷെ...

ഇടതു മന്ത്രിസഭയിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി പാലക്കാട്ടെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി എ. വിജയരാഘവന്റെ പത്‌നി പ്രൊഫ. ആർ. ബിന്ദുവാണ്. വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ ഭാര്യ പാർവതി കുടുംബശ്രീയുടെ ഉന്നത സ്ഥാനത്തുണ്ട്. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ഭാര്യ  ഡോ. ആശയും കോളജ് അധ്യാപികയായിരുന്നു. അധ്യാപകരുടെ ചമയം തെരഞ്ഞെടുപ്പിൽ  പൊളിയാണെന്ന് ഇടതുപക്ഷം മാത്രമല്ല, എല്ലാ രാഷ്ട്രീയ പാർട്ടികളും കരുതുന്നു. പക്ഷെ, അതേ   അധ്യാപകരോട് ഈ ഭരണകൂടം ചെയ്യുന്ന അതിക്രമങ്ങൾ എണ്ണിയെണ്ണിപ്പറയാം.

vachakam
vachakam
vachakam

2023 ഡിസബർ 2ന് കോളജ് അധ്യാപകർക്ക് നിഷേധിച്ച ഡി.എ. വാങ്ങിയെടുക്കാൻ സെക്രട്ടറിയേറ്റിനു മുമ്പിൽ നടന്ന     സമരത്തിൽ ഡോ. ആശയുമുണ്ടായിരുന്നു. ഡോ. ആശ സ്വന്തം മന്ത്രി ഭർത്താവിന്റെ നിഷേധാത്മക നടപടിക്കെതിരെ മുദ്രാവാക്യം വിളിക്കുന്നത് അന്ന് ചാനലുകളിൽ നാം കാണുകയും ചെയ്തു. ഭാര്യ സമരം ചെയ്തിട്ടും മന്ത്രി ഭർത്താവ് മൈൻഡ് ചെയ്തതേയില്ല. ഒന്നും രണ്ടും രൂപയാണോ, 750 കോടി രൂപയോളം ആ കുടിശ്ശികയിൽ തൊട്ടാൽ പൊടിഞ്ഞുപോകുമെന്ന് ധനമന്ത്രിക്ക് അറിയാം. അതുകൊണ്ട് പോസ്റ്ററിലെ ടീച്ചർമാർക്കും പ്രൊഫസർമാർക്കും അവർക്ക്  ലഭിക്കാനുള്ള പണത്തിന്റെ ഒരു രൂപ പോലും തൽക്കാലം കിട്ടില്ലെന്ന് ഉറപ്പിച്ച മട്ടാണ്.

കുടിശ്ശിക 'കാണ്ഡം കാണ്ഡമായി' കിടക്കുകയല്ലേ....

2019 മുതൽ പരീക്ഷാ നടത്തിപ്പുമായും ഉത്തരപേപ്പർ പരിശോധനയുമായും ബന്ധപ്പെട്ട കുടിശ്ശികകൾ ഇനിയും സ്‌കൂൾ അധികൃതർക്ക് സർക്കാർ നൽകിയിട്ടില്ല. ഏപ്രിൽ 3ന് ആരംഭിച്ച ഹയർ സെക്കൻഡറി പരീക്ഷയുടെ മൂല്യനിർണ്ണയത്തിന്റെ 2023ലെ പ്രതിഫലം ഇപ്പോഴും കുടിശ്ശികയാണ്. 11.75 കോടി രൂപ വരുന്ന ഈ കുടിശ്ശിക അനുവദിച്ചതായി  അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണ് അധ്യാപകരുടെ പരാതി. ഹയർസെക്കൻഡറി അധ്യാപകരായി 21,000 പേരാണ് സംസ്ഥാനത്തുള്ളത്. ഒരു പേപ്പർ നോക്കാൻ 8.50 രൂപ. ഒരു ദിവസം 30 പേപ്പറെങ്കിലും നോക്കിയിരിക്കണം.

vachakam
vachakam
vachakam

ശമ്പള സ്‌ക്കെയിൽ അനുസരിച്ചുള്ള ഡി.എ. വേറെയുമുണ്ട്. മൂല്യനിർണ്ണയ കുടിശ്ശികയായി 32 കോടിയോളം നൽകാനുണ്ടായിരുന്നു. ഇതിൽ 20 കോടി വിതരണം ചെയ്തിട്ടുണ്ട്. പ്ലസ് വൺ പരീക്ഷയ്ക്ക് 240 രൂപ, പ്ലസ്ടുവിന് 270 രൂപ എന്ന നിരക്കിൽ വിദ്യാർത്ഥികളിൽ നിന്ന് പരീക്ഷാ ഫീസായി വാങ്ങി പെട്ടിയിൽ ഇട്ടതിനുശേഷമാണ് സർക്കാരിന്റെ കുടിശ്ശിക ചോദിക്കുമ്പോഴുള്ള കൈമലർത്തൽ.

സൊസൈറ്റിയുടെ ചുമതലയുള്ളവരേ, ഹാ കഷ്ടം....

സ്‌കൂളുകളിലെ പാഠപുസ്തക വിതരണം, സ്‌കൂളിൽ തന്നെ പ്രവർത്തിക്കുന്ന സൊസൈറ്റികൾ വഴിയാണ്. ചില സ്‌കൂളുകളിൽ ഹെഡ്മാസ്റ്റർ തന്നെ ഈ ചുമതല ഏറ്റെടുക്കും. മറ്റ് ചില സ്‌കൂളുകളിൽ ചില അധ്യാപകർക്കായിരിക്കും പുസ്തക വിതരണത്തിന്റെ ചാർജ്. എന്തായാലും പുസ്തക വിതരണം ഏറ്റെടുത്ത അധ്യാപകർ ഇപ്പോൾ ദുരിതത്തിലാണ്. റിട്ടയർമെന്റ് ആനുകൂല്യങ്ങൾ പോലും  തടസ്സപ്പെടുമെന്ന ഭീതിയിലാണ് ഈ അധ്യാപകർ. 2009 വരെ ഡി.ഇ.ഒ.യുടെ പാഠപുസ്തക   ഡിപ്പോയിൽ നിന്ന് പുസ്തക വില അടച്ചായിരുന്നു ഹെഡ് മാസ്റ്റർമാർ പുസ്തകങ്ങൾ വാങ്ങിയിരുന്നത്. 2010 മുതൽ സ്‌കൂളുകളിൽ ഓർഡർ അനുസരിച്ച് പുസ്തകം എത്തിക്കാൻ തുടങ്ങി.

എട്ടാം ക്ലാസ്   വരെയുള്ള പുസ്തകങ്ങൾ സർക്കാർ ഫ്രീയായിട്ടാണ് നൽകുന്നത് 9, 10 ക്ലാസുകളിലെ പുസ്തകങ്ങൾക്ക് വില നൽകണം. 2014 ലും 2018 ലും പാഠപുസ്തകങ്ങളിൽ മാറ്റമുണ്ടായി. പഴയ പുസ്തകങ്ങൾ പലേടത്തും സൂക്ഷിച്ചുവച്ചില്ലെന്നു മാത്രമല്ല, കുറെയെല്ലാം പ്രളയ ജലത്തിൽ കുതിർന്ന് ഉപയോഗശൂന്യമാവുകയും ചെയ്തു. പാഠ പുസ്തകങ്ങളുടെ ചുമതലയുള്ള സ്റ്റേറ്റ് ഓഫീസ് നടത്തിയ ഓഡിറ്റിംഗിനുശേഷം 2019വരെ വിൽക്കാതെ പോയ പുസ്തകങ്ങളുടെ വില പലിശ സഹിതം തിരിച്ചടയ്ക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയതോടെ സൂക്ൾ സൊസൈറ്റികളുടെ ചുമതലയുള്ള അധ്യാപകർ നെട്ടോട്ടത്തിലായി.

vachakam
vachakam

കുടിശ്ശിക 2024 മാർച്ച് 31നു മുമ്പ് അടച്ചില്ലെങ്കിൽ പലിശ നൽകണമെന്നു കൂടി വകുപ്പ് വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. ചില സ്‌കൂളുകൾ തിരിച്ചു നൽകിയ പുസ്തകങ്ങളുടെ രസീത് വാങ്ങിവെച്ചുവെങ്കിലും വിദ്യാഭ്യാസ വകുപ്പ് വീണ്ടും അതേ സ്‌കൂളുകൾക്ക് കുടിശ്ശികയടയ്ക്കാൻ നോട്ടീസ് അയച്ചിരിക്കുകയാണ്. സൊസൈറ്റികളുടെ ചുമതലയുണ്ടായിരുന്ന അധ്യാപകരിൽ ചിലരെങ്കിലും റിട്ടയർ ചെയ്തിട്ടുണ്ട്. അവർ വരുത്തിയ പിഴവുകൾക്കും ഇപ്പോൾ സൊസൈറ്റിയുടെ ചുമതലയുള്ള അധ്യാപകർ പിഴയാളികളായി മാറിയിരിക്കുകയാണ്. ഗുരുക്കന്മാരോട് ഇങ്ങനെയെല്ലാം ചെയ്യാമോ എന്ന് ഭരിക്കുന്നവർ ചിന്തിക്കുന്നത് നല്ലതാണ്.

മനുഷ്യജീവന് എന്ത് മുൻഗണനയല്ലേ ?

ധനവകുപ്പിന്റെ മുൻഗണനാ പട്ടികയിൽ നാട്ടിലെ ക്രമസമാധാന പാലനത്തിന് വലിയ   വിലയൊന്നുമില്ലെന്ന് സിവിൽ പൊലീസ് ഓഫീസർമാരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് പൂർണ്ണമായും നിയമനം നടത്താതിരുന്ന 'ഭരണ കൂട വിക്രിയ' തന്നെ തെളിയിക്കുന്നു. ക്രമസമാധാന പാലനമെന്നത്, ഒരു ജില്ലയിലെ കൊടും ക്രിമിനലിനെ കാപ്പ ചുമത്തി അടുത്ത ജില്ലയിലേക്ക് പറഞ്ഞയയ്ക്കുന്നതിൽ ഒതുക്കുകയാണ് പൊലീസ് വകുപ്പ്. ഇപ്പോൾ നിരവധി കേസുകളിൽ പ്രതിയായവരെ ജയിലിലേക്ക് പോലും അയയ്ക്കാൻ കഴിയാത്തവിധം തടവറകൾ നിറഞ്ഞു കവിഞ്ഞിരിക്കുന്നു.

പൊലീസ് സ്റ്റേഷനുകളുടെ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്താൻ 9464 സി.പി.ഒ. മാരെ നിയമിക്കാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നു. എന്നാൽ, റാങ്ക് ലിസ്റ്റിൽ നിന്ന് പകുതിയോളം പേർക്കു മാത്രം അഡൈ്വസ് മെമ്മോ നൽകി പി.എസ്.സി. തടിയൂരി. 2023 ഏപ്രിൽ 13 ന് പ്രഖ്യാപിച്ച റാങ്ക് ലിസ്റ്റിന്റെ കാലാവധി ഒരു വർഷം പൂർത്തിയാക്കി 'അകാല ചരമ' മടയുന്നത് ശേഷിച്ച ഉദ്യോഗാർത്ഥികൾ കണ്ണുനീരോടെ നോക്കിനിൽക്കേണ്ടി വന്നു. റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ സെക്രട്ടറിയേറ്റിനു മുമ്പിൽ സമരം നടത്തിയ ഉദ്യോഗർത്ഥികൾക്ക് 'നേരിട്ട് കാണാനുള്ള' അവസരം പോലും മുഖ്യമന്ത്രി അനുവദിച്ചുമില്ല.

വന്യമൃഗങ്ങളുടെ ആക്രമണത്തിൽ ദിവസേന മനുഷ്യർ കൊല്ലപ്പെടുമ്പോൾ, അത് തടയാൻ വേണ്ടി കൂടുതൽ ദ്രുതകർമ്മ സേനകളെ (റാപ്പിഡ് ആക്ഷൻ ഫോഴ്‌സ്) രൂപീകരിക്കുമെന്ന് വനം വകുപ്പ്   പ്രഖ്യാപിച്ചിരുന്നു. ഇതിനായി 38.07 കോടി രൂപ മന്ത്രി സഭ അനുവദിച്ചിട്ടും ധനവകുപ്പ് തടഞ്ഞിരിക്കുകയാണ്. ഇപ്പോൾ വനം വകുപ്പിനുള്ളത് 15 ദ്രുതകർമ്മ സേനകളാണ്. 13 എണ്ണം കൂടി രൂപീകരിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. എല്ലാം പാഴ്‌വാക്കായി.


നിവിൻ പോളിയുടെ നിവിൻ മോളി...

വിനീത് ശ്രീനിവാസൻ 5 വർഷം കൊണ്ട് എഴുതിയുണ്ടാക്കിയ സിനിമയാണ്, വർഷങ്ങൾക്കു ശേഷം. സിനിമയുടെ രണ്ടാം പകുതി കഴിഞ്ഞ് നിവിൻ പോളി 30 മിനിട്ട് നേരം തകർത്താടിയത് നവമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാണ്. അച്ചടി മാധ്യമങ്ങളെക്കാൾ വിനീതിന്റെ സിനിമയുടെ പ്രൊമോഷൻ സോഷ്യൽ മീഡിയയിലേക്ക് മാറ്റിപ്പിടിച്ചത് പുതിയ ട്രെൻഡായി മാറാൻ സാധ്യതയേറെയുണ്ട്.

ധ്യാൻ ശ്രീനിവാസനെ നമ്മളാരും ചിന്തിക്കാത്ത വേഷത്തിലാണ് സംവിധായകൻ വിനീത് അവതരിപ്പിച്ചിരിക്കുന്നത്. പ്രണവ് മോഹൻലാൽ കല്യാണി കൂട്ടുകെട്ടിനോടൊപ്പം സംഗീത സംവിധായകൻ ഷാൻ റഹ്മാനും, സംവിധായകൻ ബേസിൽ ജോസഫും ഈ ചിത്രത്തിൽ മിന്നിച്ചിട്ടുണ്ട്.


ഫഹദിന്റെ രാജമാണിക്യം ....

ഫഹദ് ഫാസിലിന്റെ 'ആവേശ'ത്തിലെ രങ്ക എന്ന കഥാപാത്രം മമ്മൂട്ടിയുടെ രാജമാണിക്യം പോലെ ഒരു വെറൈറ്റി ക്യാരക്ടറാണ്. എന്തായാലും മലയാള സിനിമയുടെ പുതിയ രൂപമാറ്റങ്ങളിൽ, വിഷയ വൈവിധ്യങ്ങളിൽ ജനം ഹാപ്പിയാണ്. പരീക്ഷാക്കാലവും ഇലക്ഷൻ കാലവും സിനിമാ തിയറ്ററുകൾക്ക് കഷ്ടകാലമാണെന്നു പറഞ്ഞവർ ആ ഡയലോഗ് മാറ്റിപ്പറയേണ്ടി വരും. ഇന്ത്യൻ സിനിമയിലെ 'മോളിവുഡ്' ഇന്ന് ആരും ശ്രദ്ധിച്ചു പോകുന്നവിധം 'കളർ ഫുൾ' ആണ് മോനേ...!

ആന്റണിചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam