'രാഷ്ട്രീയ അണിയറ'യിൽ ആരോ ചിരിക്കുന്നൂ, തൃശൂർപൂരം എട്ടുനിലയിൽ പൊട്ടിയില്ലേ?

APRIL 25, 2024, 11:30 AM

തൃശൂർ പൂരത്തിന് ഇത്തവണ സർക്കാർ കരിവീരന്മാരേക്കാൾ കരുത്തോടെ എഴുന്നള്ളിച്ചത് ഒരു പോലീസ് കമ്മീഷണറെയാണെന്ന് ജനം പറയുന്നു. പിന്നീട് ആ കമ്മീഷണർ സിനിമയിലെ പ്രഖ്യാതമായ കമ്മീഷണർ നടനെ തെരഞ്ഞെടുപ്പിൽ ജയിപ്പിക്കാൻ നടത്തിയ അതിസാഹസിക നാടകമായിരുന്നു അതെന്ന് സോഷ്യൽ മീഡിയ അലറിവിളിച്ചു. ഇപ്പോഴും അലമുറ തുടരുകയാണ് നവമാധ്യമങ്ങളിൽ.

തൃശൂർ പൂരത്തിന് ആഗോളതലത്തിലാണ് ആസ്വാദകരുള്ളത്. തൃശൂർക്കാർ മാത്രമല്ല, ഭൂരിപക്ഷം കേരളീയരും ചെണ്ടമേളം കേട്ടും കരിമരുന്ന് പ്രയോഗങ്ങൾ കണ്ടും അർമാദിക്കുന്ന ദിവസമാണത്. ദേവതകൾ ഉപചാരംചൊല്ലി പിരിയുന്ന ദിവസംതന്നെ അടുത്ത വർഷത്തെ 'പൂരനാൾ' പ്രഖ്യാപിക്കപ്പെടും. പിന്നെ കാത്തിരിപ്പാണ്. അടുത്ത പൂരംവരെ. ജാതിമതഭേദമന്യേ എല്ലാ കേരളീയരും പൂരപ്രേമികളാണ്. എന്നിട്ടും കഴിഞ്ഞ രണ്ടു വർഷമായി പൂരം നടത്തിപ്പ് അത്ര സുഗമമായല്ല അരങ്ങേറുന്നതെന്നതിന് മാധ്യമവാർത്തകൾതന്നെ സാക്ഷി.

കമ്മീഷണർ പച്ച മലയാളിയാണ് കേട്ടോ....

vachakam
vachakam
vachakam

അങ്കിത് അശോകൻ എന്ന പോലീസ് കമ്മീഷണറാണ് ഈ വർഷത്തെ പൂരം കലക്കിയതെന്ന് പൊതുജനം പറയുന്നു. പേരുകേട്ടാൽ ഏതോ ഉത്തരേന്ത്യക്കാരനാണെന്ന് തെറ്റിദ്ധരിക്കാം. പക്ഷെ, കൊല്ലം സ്വദേശിയാണ് ഈ പോലീസ് കമ്മീഷണർ. അപ്പോൾ പൂരത്തിന്റെ പ്രാധാന്യം അറിയാത്ത ആളല്ല ഈ ഉദ്യോഗസ്ഥനെന്നു ചുരുക്കം.

വെളുപ്പിന് മൂന്നുമണിക്ക് നടക്കേണ്ട പൂരം വെടിക്കെട്ട് തർക്കങ്ങൾ നിരത്തി രാവിലെ 7 മണിവരെ ദീർഘിപ്പിച്ചതാണ് തൃശൂർക്കാരെ കലിപ്പിലാക്കിയത്. വൈകുന്നേരം 7 മണി മുതലേ തൃശൂർ സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ റോഡുകളും പോലീസ് അടച്ചു. ഇതോടെ റൗണ്ടിലെ ഹോട്ടലുകളും ശീതളപാനീയ കടകളുമെല്ലാം ലക്ഷങ്ങൾ മുടക്കി വിൽപ്പനയ്ക്കായി കരുതിവച്ചവയെല്ലാം നാശമായി. തൃശൂരിലെ കച്ചവടക്കാർ ഇതാദ്യമായി വൻനഷ്ടത്തിന്റെ രുചിയറിഞ്ഞുകഴിഞ്ഞിരിക്കുകയാണ്.

പോലീസ് ഉന്നതരുണ്ടായിരുന്നിട്ടും...?

vachakam
vachakam
vachakam

കമ്മീഷണർക്ക് ഒരബദ്ധം പറ്റിയതാണെങ്കിൽ അത് തിരുത്താൻ അധികാരമുള്ള ജില്ലാ കളക്ടർ, ഡി.ജി.പി., ക്രമസമാധാന ചുമതലയുള്ള സർവശക്തനായ എ.ഡി.ജി.പി. എന്നിവർ തൃശൂരിലുണ്ടായിരുന്നു. രാത്രി മുഴുവൻ നീണ്ട പോലീസിന്റെ ഈ ആക്ഷൻ ഡ്രാമയിൽ ഇടപെടാൻ എന്തുകൊണ്ട് ഉന്നതർ മുതിർന്നില്ലെന്നത് ഇന്നും കടങ്കഥയാണ്. ജന്മഭൂമി പത്രം പൂരം കലക്കിയത് ആസൂത്രിതമാണെന്നും പൂരത്തലേന്ന് ഇതിനായുള്ള ആലോചനകൾ നടന്നിരുന്നുവെന്നും റിപ്പോർട്ട് ചെയ്യുകയുണ്ടായി.

കൊല്ലത്ത് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനു മുൻപുള്ള റിഹേഴ്‌സൽ രാവിലെ 9 മണിക്ക് വച്ചത് 7 മണിയിലേക്ക് മാറ്റിയ അന്നത്തെ പോലീസ് കമ്മീഷണറെത്തന്നെയാണ് രണ്ടാം വർഷവും തുടർച്ചയായി തൃശൂർ പൂരനാളിൽ ക്രമസമാധാനത്തിന്റെ ചുമതലയേൽപ്പിച്ചതെന്ന് ഒരു മുഖ്യധാരാ പത്രത്തിന്റെ മുഖപ്രസംഗത്തിൽ സൂചനയുണ്ട്. ഇതെല്ലാം ഊഹങ്ങൾ മാത്രമാണെന്നും ചിലപ്പോൾ സർക്കാരിന്റെ മനസ്സിൽ പൂരത്തിനെതിരെ ഒരു മനോഭാവവും ഉണ്ടായിരുന്നില്ലെന്നും ചിലർ പറയുന്നുണ്ട്. സത്യമാണോ എന്തോ?

കോടികളാണ് ചെലവ്, എല്ലാം കണ്ടെത്തണം

vachakam
vachakam
vachakam

തൃശൂർ പൂരം നടത്തിപ്പ് ദേവസ്വങ്ങൾ ഉൾപ്പെട്ട പൂരം കമ്മിറ്റിക്കാണ്. പൂരത്തിനായുള്ള ചെലവ് കോടികൾ കവിയും. പൂരപ്പറമ്പിലെ സ്ഥലം കടകൾക്ക് തറവാടക വാങ്ങി പതിച്ചുകൊടുക്കുകവഴി കുറേ പണം കിട്ടും. പിന്നെയുള്ള വരുമാനം പൂരം എക്‌സിബിഷനിൽനിന്നാണ്. സർക്കാർ ഇടപെട്ട് ഇത്തവണ തറവാടക അമിതമായി കൂട്ടിയതുമൂലം ഈ ഇനത്തിൽ വരവ് കുറഞ്ഞതായി കമ്മിറ്റിക്കാർ നേരത്തേ പരാതിപ്പെട്ടിരുന്നു. സർക്കാർ ആ പരാതി പരിഗണിച്ചതേയില്ല. പൂരം എക്‌സിബിഷനിലേക്കുള്ള പ്രവേശനവും പോലീസ് ഇടയ്ക്ക് തടഞ്ഞതുമൂലം ആ വഴിക്കുള്ള വരുമാനത്തിലും ഇടിവുണ്ടായി. പൂര ദിനത്തിലെ പോലീസ് നിയന്ത്രണം കടുത്തതോടെ പൂരം കമ്മിറ്റിക്കാർ നെട്ടോട്ടത്തിലായി. തൃശൂരുകാരനായ മന്ത്രി കെ. രാജനോടൊപ്പം മറ്റൊരു മന്ത്രിയും തൃശൂരിലുണ്ടായിരുന്നു. അവർക്കും പോലീസിനെ വരുതിയിൽ കൊണ്ടുവരാൻ കഴിഞ്ഞില്ല. 3500 പോലീസുകാരെയായിരുന്നു പൂരം നടത്തിപ്പിനായി നിയോഗിച്ചിരുന്നത്. പൂരം സംബന്ധിച്ച പരിപാടികളെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരു ക്ലാസ് സംഘടിപ്പിച്ച് പോലീസുകാരെ ബോധവൽക്കരിക്കുന്ന ഏർപ്പാട് കഴിഞ്ഞവർഷം വരെയുണ്ടായിരുന്നു. ഇത്തവണ അതുമുണ്ടായില്ല.

പൂരത്തെക്കുറിച്ച് അറിവും പരിചയവുമുള്ള പോലീസുകാർ പലരെയും ഇത്തവണ തൃശൂരിലേക്ക് അയച്ചതുമില്ല. പൂരം കലക്കണമെന്ന അജൻഡ പോലീസ് നടപ്പാക്കിയത് എന്തായാലും തൃശൂരിൽ ഇടതുമുന്നണി സ്ഥാനാർത്ഥിയുടെ വിജയസാധ്യത കുറച്ചിട്ടുണ്ട്.
പൂരം കലങ്ങിയതുമൂലമുള്ള ജനത്തിന്റെ കലിപ്പ് ബി.ജെ.പി.യുടെ പെട്ടിയിൽ വോട്ട് വീഴുന്നതിന് കാരണമാകുമെന്ന് ചിലർ പറയുമ്പോൾ, അതല്ല, കൈപ്പത്തിക്കായിരിക്കും ഗുണമെന്ന് മറ്റു ചിലർ കണക്കുകൂട്ടുന്നു. രാത്രി മുഴുവൻ ഉറക്കമിളച്ച് പൂരപ്പറമ്പിൽ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചത് സുരേഷ് ഗോപിയാണെന്ന് ചാനലുകൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. തൃശൂരുകാരുടെ മനസ്സും പൂരം വെടിക്കെട്ടും ഒരുപോലെയാണ്. ഏത് കളറാണോ ആകാശത്ത് മിന്നാൻ പോകുന്നതെന്ന് കുറ്റി നിറച്ചവനല്ലാതെ മറ്റാർക്കും ഗണിച്ചെടുക്കാനാവില്ലെന്നു ചുരുക്കം.

ട്വന്റി ട്വന്റിയിൽ ആർക്കായിരിക്കും ഗപ്പ്?

ലോക്‌സഭയിലേക്കുള്ള 20 സീറ്റിലും ജയിക്കുമെന്ന് യു.ഡി.എഫിന്റെ പ്രചാരണ ചുമതലയുള്ള രമേശ് ചെന്നിത്തല ഇന്നലെ അവകാശപ്പെടുകയുണ്ടായി. ഭരണ വിരുദ്ധ വികാരം കേരളത്തിലില്ലെന്നും  ഇടതുമുന്നണി പല സീറ്റുകളും തൂത്തുവാരുമെന്നുമാണ് സി.പി.എം. പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ ഡയലോഗ്. പി.വി. അൻവറിനെപ്പോലെയുള്ള പ്രാദേശിക നേതാക്കൾ രാഹുൽഗാന്ധിക്കെതിരെ അപകീർത്തിപരമായി പ്രസംഗിച്ചതിനെ മുഖ്യമന്ത്രി ന്യായീകരിച്ചതും ചാനലിൽ കണ്ടു.
തിരുവനന്തപുരം ലോക്‌സഭാ സീറ്റിൽ രാജീവ് ചന്ദ്രശേഖറിനും പന്ന്യൻ രവീന്ദ്രനുമെതിരെയെന്നു വേണമെങ്കിൽ പറയാവുന്ന ഒരു  ഇടയലേഖനം ലത്തീൻ ആർച്ച് ബിഷപ്പ് പുറപ്പെടുവിച്ചത് തീർച്ചയായും ഇരുവരുടെയും വിജയസാധ്യത കുറച്ചിട്ടുണ്ട്.

സർക്കാരിനെതിരെയല്ല ഒരു കുത്തക കമ്പനിയുടെ കൊള്ളരുതായ്മയ്‌ക്കെതിരെ സമരം നടത്തിയാൽ, ആ സമരം തകർക്കാൻ ബി.ജെ.പി.യുടെ കേന്ദ്ര സർക്കാരും ഇടതുമുന്നണിയുടെ സംസ്ഥാന സർക്കാരും കൈകോർക്കുമെന്നത് ഞെട്ടിക്കുന്ന അറിവായി. ചങ്ങാത്ത മുതലാളിത്തത്തിന്റെ ചങ്ങലകൾ എവിടെവരെ നീണ്ടുകഴിഞ്ഞുവെന്നതിന് തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതുതന്നെ തെളിവ്. വിഴിഞ്ഞം തുറമുഖ ഗെയ്റ്റിനുമുമ്പിൽ സമരം ചെയ്ത വൈദികർക്കും സാധാരണക്കാർക്കുമെതിരെയുള്ള കേസുകൾ ഇനിയും പിൻവലിക്കാത്തതും, തുറമുഖത്തേക്കുള്ള ടിപ്പർ ലോറികൾ വരുത്തുന്ന അപകട പരമ്പരയും ഗുരുതരമായ പ്രാദേശിക പ്രശ്‌നങ്ങളായി മാറിയിട്ടുണ്ട്. ഈ പ്രശ്‌നങ്ങൾ സർക്കാർ വിരുദ്ധ നിലപാടെടുക്കാൻ വോട്ടർമാരെ പ്രേരിപ്പിച്ചേക്കാം.

പുതിയ പബ്ലിസിറ്റി ശൈലി പൊളിയാണ്

നിവിൻ പോളി നായകനായ 'മലയാളി ഫ്രം ഇന്ത്യ'യുടെ പ്രൊമോഷൻ വീഡിയോകൾ അടിപൊളിയാണ്. പ്രേമലു സിനിമ മുതൽ തുടങ്ങിയ ട്രെൻഡാണിത്. പ്രേമലുവിലെ നടീനടന്മാർ കേരളത്തിലെ ഒട്ടുമിക്ക കോളേജുകളിലും പടം റിലീസ് ചെയ്യുംമുമ്പേ കയറിയിറങ്ങുകയായിരുന്നു. ഏഴരക്കോടി രൂപമാത്രം നിർമ്മാണച്ചെലവ് വന്ന സിനിമയുടെ ഗ്രോസ് കളക്ഷൻ 150 കോടി കവിഞ്ഞിട്ടുണ്ട്. 'മലയാളി ഫ്രം ഇന്ത്യ'യുടെ സംവിധായകൻ ഡിജോ ജോസ് ആന്റണിയും നായകൻ നിവിനും പ്രത്യക്ഷപ്പെടുന്ന ചിത്രത്തിന്റെ പ്രൊമോഷണൽ വീഡിയോകൾ നവമാധ്യമങ്ങളിൽ വൈറലാണ്. 'കൃഷ്ണാ' എന്നു തുടങ്ങുന്ന ചിത്രത്തിലെ ഗാനവും ലക്ഷങ്ങൾ കണ്ടുകഴിഞ്ഞു. മേയ് ഒന്നിന് നിവിൻപോളിയുടെ ഈ ചിത്രം തീയറ്ററുകളിലെത്തും.

വാട്ടർ മെട്രോയിൽ കയറാൻ മറക്കല്ലേ

കൊച്ചിയിൽ ഏറ്റവും അധികം വിജയകരമായ ടൂറിസം പദ്ധതിയായി വാട്ടർ മെട്രോ മാറിക്കഴിഞ്ഞു. ഇക്കഴിഞ്ഞ ഞായറാഴ്ച (ഏപ്രിൽ 21)യാണ് ഫോർട്ടുകൊച്ചിയിലേക്കുള്ള മെട്രോ സർവീസ് തുടങ്ങിയത്. വൈറ്റില ഹബ്ബിൽനിന്നും കാക്കനാട്ടേയ്ക്ക് ഇപ്പോൾത്തന്നെ വാട്ടർ മെട്രോയുണ്ട്. എറണാകുളം -ഫോർട്ടുകൊച്ചി റൂട്ടിലെ വാട്ടർമെട്രോ പൊളിയാണ്. കപ്പൽച്ചാലിലൂടെയുള്ള ജലയാത്രയിൽ പശ്ചിമകൊച്ചിയുടെയും വില്ലിങ്ടൺ ഐലൻഡിന്റെയും വല്ലാർപാടം ടെർമിനലിന്റെയും ദൃശ്യഭംഗി ആസ്വദിക്കാനാകും. രാവിലെ 8 മണിമുതൽ രാത്രി 8 മണിവരെയാണ് സർവ്വീസ്. 25 മിനിറ്റ് ഇടവിട്ടാണ് സർവീസുള്ളത്. 40 രൂപ മാത്രമാണ് ടിക്കറ്റ് ചാർജ്. ഹൈക്കോർട്ട് ജംഗ്ഷനിൽനിന്നാണ് ബോട്ട് പുറപ്പെടുക. ഫോർട്ടുകൊച്ചിയുടെ പൈതൃകത്തിന് കോട്ടംവരാത്ത വിധത്തിലാണ് അവിടെയുള്ള ടെർമിനൽ സ്ഥാപിച്ചിട്ടുള്ളതും. പ്രധാനപ്പെട്ട വിദേശ ഭാഷകളിൽപോലും ഇവിടെ അറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളതും മറ്റൊരു സവിശേഷതയാണ്.

ആന്റണി ചടയംമുറി

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam