ഇന്ത്യയിൽ ഉറക്കം മൗലിക അവകാശമോ? 

APRIL 24, 2024, 1:24 PM

ഒരു വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് ഉറക്കം. ഇന്ത്യയിൽ ഉറക്കം മൗലിക അവകാശമായി പരിഗണിക്കപ്പെടുന്നുണ്ടോ? കാരണം ഒരു വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങളിൽ ഒന്നാണ് ഉറക്കം എന്ന് പ്രഖ്യാപിച്ച് ബോംബെ ഹൈക്കോടതി രംഗത്തെത്തിയിരുന്നു. രാം ഇസ്രാനി എന്ന 64കാരന്റെ പരാതി പരിഗണിക്കവെയാണ് ബോംബെ ഹൈക്കോടതി ഇത്തരത്തിൽ പരാമർശം നടത്തിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഇദ്ദേഹത്തെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇഡി) അറസ്റ്റ് ചെയ്തിരുന്നു.

എന്താണ് ബോംബെ ഹൈക്കോടതി പറഞ്ഞത്?


അറസ്റ്റിലായ ഇസ്രാനിയെ പുലർച്ചെ 3.30 വരെയാണ് ഇഡി ചോദ്യം ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റിലാണ് സംഭവം നടന്നത്. ഇതിനെ കോടതി ശക്തമായി എതിർക്കുകയായിരുന്നു. അറസ്റ്റിനിടെ തന്റെ വ്യക്തി സ്വാതന്ത്ര്യം ഹനിക്കപ്പെട്ടുവെന്ന് ഇസ്രാനി കോടതിയെ ബോധിപ്പിച്ചു. 2023 ആഗസ്റ്റ് 7ന് രാവിലെ 10.30 യ്ക്കാണ് ഇഡി ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. തന്റെ മൊബൈൽ അപ്പോൾ തന്നെ ഇഡി കണ്ടുകെട്ടിയെന്നും ബാത്ത് റൂമിൽ വരെ ഇഡി ഉദ്യോഗസ്ഥരുടെ നിരീക്ഷണമുണ്ടായിരുന്നുവെന്നും ഇസ്രാനി ആരോപിച്ചു.

അറസ്റ്റ് ചെയ്ത ശേഷം പുലർച്ചെ മൂന്ന് വരെ തന്നെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവെന്നും ഇദ്ദേഹം പറഞ്ഞു. തന്റെ കക്ഷിയുടെ ഉറങ്ങാനുള്ള അവകാശം നിഷേധിക്കപ്പെട്ടുവെന്ന് ഇസ്രാനിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ വിജയ് അഗർവാൾ കോടതിയെ അറിയിച്ചു. ഉറങ്ങാൻ അനുവദിക്കാതെ രാത്രിമുഴുവൻ തന്റെ കക്ഷിയെ ഇഡി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തെന്ന് അഭിഭാഷകൻ പറഞ്ഞു.

ആരോഗ്യപ്രശ്നങ്ങളുള്ളയാളാണ് ഇസ്രാനി. അർദ്ധരാത്രി തന്നെ അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്തേണ്ട ഒരു ആവശ്യവുമുണ്ടായിരുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. എന്നാൽ ചോദ്യം ചെയ്യലിനെ ഇസ്രാനി എതിർത്തില്ലെന്നും അതുകൊണ്ടാണ് നടപടി നീണ്ട് പോയതെന്നുമാണ് ഇഡിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകർ പറഞ്ഞത്. ജസ്റ്റിസ് രേവതി മൊഹിതെ- ഡെരെ, മഞ്ജുഷ ദേശ്പാണ്ഡെ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇസ്രാനിയുടെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന ഹർജി കോടതി തള്ളി. എന്നാൽ അർദ്ധ രാത്രി വരെ പരാതിക്കാരനെ ചോദ്യം ചെയ്തതിനെ കോടതി അപലപിക്കുകയും ചെയ്തു. '' വൈകിയ സമയങ്ങളിൽ പ്രതിയുടെ മൊഴി രേഖപ്പെടുത്തുന്നതിലൂടെ ആ വ്യക്തിയുടെ ഉറക്കം നിഷേധിക്കപ്പെടും. വ്യക്തിയുടെ അടിസ്ഥാന അവകാശമാണ് ഉറക്കം. ഈ രീതി അംഗീകരിക്കാൻ കഴിയില്ല,'' എന്ന് ബെഞ്ച് വ്യക്തമാക്കി.

ഉറക്കം നിഷേധിക്കപ്പെടുന്നതിലൂടെ വ്യക്തിയുടെ മാനസിക-ശാരീരിക ആരോഗ്യത്തിന് ഉണ്ടാകുന്ന വെല്ലുവിളികളെപ്പറ്റിയും കോടതി ചൂണ്ടിക്കാട്ടി. പ്രസ്തുത വ്യക്തിയുടെ അടിസ്ഥാന അവകാശമായ ഉറക്കം അന്വേഷണ എജൻസി നിഷേധിച്ചത് ശരിയായില്ല. പ്രതിയുടെ മൊഴി പകൽ രേഖപ്പെടുത്തണമായിരുന്നു. രാത്രി പുലരുവോളം ചോദ്യം ചെയ്യാൻ പാടില്ലായിരുന്നു എന്നും കോടതി ചൂണ്ടിക്കാട്ടി.

ഉറക്കം മൗലിക അവകാശമോ?

ഉറക്കം ഒരു പൗരന്റെ മൗലിക അവകാശമാണെന്ന് 12 വർഷം മുമ്പ് സുപ്രീം കോടതി പ്രഖ്യാപിച്ചിരുന്നതാണ്. 2012ലാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇന്ത്യൻ ഭരണഘടനയിലെ അനുഛേദം 21 പ്രകാരമുള്ള ജീവിക്കാനുള്ള അവകാശത്തിൽ സമാധാനപരമായി ഉറങ്ങാനുള്ള അവകാശവും കോടതി ഉൾപ്പെടുത്തുകയായിരുന്നു. രാംലീല മൈതാനിയിൽ ബാബാ രാംദേവിന്റെ നേതൃത്വത്തിൽ നടന്ന റാലിയിൽ ഉറങ്ങിക്കിടന്ന പ്രവർത്തകർക്ക് നേരെയുണ്ടായ പൊലീസ് നടപടിയെ വിമർശിച്ചാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ജനങ്ങളുടെ സ്വകാര്യതയ്ക്ക് മേലുള്ള കടന്നുകയറ്റമാണിതെന്നാണ് കോടതി അന്ന് വ്യക്തമാക്കിയത്.

ഒരു മനുഷ്യന്റെ ആരോഗ്യകരമായ നിലനിൽപ്പിനും ജീവിതത്തിന്റെ സന്തുലിതാവസ്ഥ നിലനിർത്താനും ഉറക്കം അത്യാവശ്യമാണ്. ഉറക്കം അടിസ്ഥാന ആവശ്യങ്ങളിൽ ഒന്നാണ്. അതില്ലെങ്കിൽ ജീവന്റെ നിലനിൽപ്പ് തന്നെ അപകടത്തിലാകും എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. ഭക്ഷണം കഴിക്കാനും, ശ്വസിക്കാനും, വെള്ളം കുടിക്കാനും, കണ്ണ് ചിമ്മാനുമുള്ള അവകാശവും പോലെ ഉറങ്ങാനുള്ള അവകാശവും മൗലിക അവകാശമായി കണക്കാക്കപ്പെടുന്നു എന്ന് കോടതി വ്യക്തമാക്കി.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam