പഞ്ചാബ് മോഡൽ പ്രസംഗവും ബാലകൃഷ്ണപിള്ളയും പിന്ന, എം.ഡി നാലപ്പാടും സണ്ണിക്കുട്ടി എബ്രാഹാമും

APRIL 25, 2024, 12:00 PM

മുഖ്യമന്ത്രി കരുണാകരന്റെ അറിവോടു കൂടിയാണ് ജി. കാർത്തികേയൻ പഞ്ചാബ് മോഡൽ പ്രസംഗത്തിൽ വിവാദം ഉണ്ടാക്കിയതെന്നാണ് ആർ. ബാലകൃഷ്ണപിള്ള കരുതുന്നത്. അതിന് അദ്ദേഹം പറയുന്ന ന്യായം കരുണാകരന് ഒരു സ്വഭാവ സവിശേഷതയുണ്ട്. ആരെയും അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകൾക്ക് അപ്പുറത്തേക്ക് വളരാൻ അനുവദിക്കില്ല. അപ്പോൾ തന്നെ ഏതെങ്കിലും ഒരു ഉപായം കണ്ടെത്തി മലർത്തി അടിച്ചിരിക്കും. എന്നിട്ട് അയാളെ സ്വന്തം വരുതിയിലാക്കും. പിന്നെ അയാളെ സംരക്ഷിക്കുന്നതായി ഭാവിക്കും. അയാൾ ക്രമത്തിൽ അധികം വളരുന്നതായി കണ്ടാൽ വീണ്ടും ഒതുക്കും. കോൺഗ്രസ് പാർട്ടിക്ക് ഉള്ളിലും പുറത്തുമൊക്കെ അദ്ദേഹം ഈ തന്ത്രം വിജയകരമായി പരീക്ഷിച്ചു നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്. 

കേരളം ഏറെ പ്രതിസന്ധികളിലൂടെ കടന്നുപോയ വർഷങ്ങളായിരുന്നു 1985...,86. അതിലൊന്ന് ബാലകൃഷ്ണപിള്ളയുടെ പഞ്ചാബ് മോഡൽ പ്രസംഗമായിരുന്നു. ഒരുപാട് അനാവശ്യമായ വിവാദങ്ങളിൽ കുരുങ്ങിയ ഒരാളായിരുന്നു ആർ. ബാലകൃഷ്ണപിള്ള. ആ കാലയളവിൽ വൈദ്യുതി മന്ത്രിയായിരുന്ന ബാലകൃഷ്ണപിള്ളയ്ക്ക് അതിന്റെ പേരിൽ മന്ത്രിസ്ഥാനം ഒഴിയേണ്ടതായി വന്നു.  


vachakam
vachakam
vachakam

1985 മാർച്ച് മൂന്നിന് കെ.എം. മാണിയുടെയും പി.ജെ. ജോസഫിന്റെയും ആർ. ബാലകൃഷ്ണപിള്ളയുടെയും നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് ഗ്രൂപ്പുകൾ ലയിച്ച് ഒറ്റപ്പാർട്ടിയായി മാറി. പഞ്ചാബിൽ വിഘടനവാദവും സ്വതന്ത്ര ഖലിസ്ഥാൻ ആവശ്യവും ശക്തിപ്പെട്ടു വരുന്ന കാലമായിരുന്നു അത്. മെയ് 25ന് കേരളാ കോൺഗ്രസുകളുടെ ലയനവുമായി ബന്ധപ്പെട്ട് എറണാകുളം രാജേന്ദ്ര മൈതാനത്ത് വൻ പൊതുയോഗം സംഘടിപ്പിച്ചു.

കേരളത്തിന്റെ വികസനത്തിന് വേണ്ടിവന്നാൽ പഞ്ചാബ് മോഡൽ സമരം ആവാം എന്ന് യോഗത്തിൽ ബാലകൃഷ്ണപിള്ള പ്രഖ്യാപിച്ചു. മാതൃഭൂമി ദിനപത്രം അത് ഒന്നാം പേജിൽ ഏറെ പ്രാധാന്യത്തോടെ കൂടി പ്രസിദ്ധീകരിച്ചു. അത് പിന്നെ വലിയ പ്രശ്‌നങ്ങൾക്ക് വഴിവെച്ചു. ആർ. ബാലകൃഷ്ണപിള്ള നടത്തിയ പ്രസംഗം രാജ്യ വിരുദ്ധ പ്രസംഗമായിരുന്നു എന്നായിരുന്നു വിവാദം.

ഇതിനെതിരെ ആദ്യം രംഗത്തുവന്നത് യൂത്ത് കോൺഗ്രസായിരുന്നു. ഇങ്ങനെ ദേശവിരുദ്ധ നിലപാടുള്ള ഒരാൾ കോൺഗ്രസ് നേതൃത്വം നൽകുന്ന മന്ത്രിസഭയിൽ ഇരിക്കുന്നത് ആർക്കും ഭൂഷണമല്ല. ഈ അഭിപ്രായമാണ് യൂത്ത് കോൺഗ്രസ് പ്രസിഡന്റ് ജി. കാർത്തികേയൻ നടത്തിയത്.

vachakam
vachakam
vachakam

സമരം ചെയ്തു കൊണ്ട് ഭരിക്കാൻ എങ്ങനെ കഴിയും? കെ.പി.സി.സി പ്രസിഡന്റ് സി.വി. പത്മരാജൻ ജി. കാർത്തികേയന്റെ അഭിപ്രായത്തോട് ചേർന്നുനിന്നുകൊണ്ടുള്ള പ്രസ്താവനയാണ് ഇറക്കിയത്. ആ കാലഘട്ടത്തിലെ സാമ്പത്തിക കുഴപ്പത്തിന്റെ ഉത്തരവാദി ധനമന്ത്രി കെ.എം. മാണി മാത്രമാണെന്ന് കൂടി പത്മരാജൻ പറഞ്ഞു വച്ചതോടെ ഇരുകക്ഷികളും തമ്മിലുള്ള ബന്ധം ഏറെ മോശമായി തീർന്നു.

ഇതിനിടെ മറ്റൊന്നുകൂടി സംഭവിച്ചു. മുൻ കെ.പി.സി.സി പ്രസിഡന്റും ഗവർണറുമൊക്കെയായിരുന്ന കെ.എം. ചാണ്ടിയുടെ മകൻ കെ.സി. ചാണ്ടി ഹൈക്കോടതിയെ സമീപിച്ചു. ജസ്റ്റിസ് കെ.പി. രാധാകൃഷ്ണൻ തുറന്ന കോടതിയിൽ നടത്തിയ പ്രതികൂല പരാമർശത്തെ തുടർന്ന് 1985 ജൂൺ അഞ്ചിന് ആർ. ബാലകൃഷ്ണപിള്ളയ്ക്ക് രാജിവെക്കേണ്ടിവന്നു. മന്ത്രി ബാലകൃഷ്ണപിള്ളയുടെ ഭാഗം കേൾക്കാൻ കൂടി തയ്യാറാകാതെയാണ് ഹൈക്കോടതി ജഡ്ജി കെ.പി. രാധാകൃഷ്ണ മേനോൻ പരാമർശം നടത്തിയതെന്ന പരാതി ബാലകൃഷ്ണപിള്ളക്കുണ്ടായിരുന്നു. ജഡ്ജി കെ. കരുണാകരന്റെ ആളായിരുന്നുവെന്നാണ് ബാലകൃഷ്മപിള്ള പറഞ്ഞിരുന്നത്.

ബാറിൽ നിന്ന് ജഡ്ജിയായി വന്നയാൾ. ജഡ്ജിയാകുന്നതിന് സഹായിക്കമമെന്നാവശ്യപ്പെട്ട് പലപ്രാവശ്യവും തന്നെ സമീപിച്ചിരുന്നതായും ബാലകൃഷ്ണപിള്ള തന്നെ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. പൊതുമര്യാദയുടെ പേരിലെങ്കിലും തന്റെ ഭാഗം കേൾക്കാൻ ആ ജഡ്ജി തയ്യാറായില്ലെന്നും 25 സംവത്സരത്തോളം മന്ത്രിയും എം.പിയും എം.എൽ.എയുമൊക്കെയായിരുന്ന തന്നെ അവഗണിച്ചുകൊണ്ടാണ് തുറന്ന കോടതിയിൽ കേസ് പഠിക്കാതെ തന്നെ അങ്ങിനെയൊരു പരാമർശം നടത്തിയതെന്ന ആക്ഷേപവും അദ്ദേഹത്തിനുണ്ടായിരുന്നു.

vachakam
vachakam
vachakam

'മന്ത്രി നിരപരാധിത്വം തെളിയിക്കണം' അതായിരുന്നു പരാമർശം. എന്നാൽ കേസ് കേട്ട് ജഡ്ജിമെന്റ് വന്നപ്പോൾ അതായിരുന്നില്ല കോടതിയുടെ നിഗമനം.
അത് 'മന്ത്രി അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിരപരാധിത്വം തെളിയിക്കണം.' എന്നായി. പക്ഷേ, തുറന്ന കോടതിയിലെ പരാമർശം വന്നപ്പോൾ തന്നെ(1985 ജൂൺ 5) ബാലകൃഷ്ണപിള്ള രാജി സമർപ്പിച്ചിരുന്നു.

ഇതിന്റെയെല്ലാം പിന്നിൽ നിന്ന് കാര്യങ്ങൾ നിയന്ത്രിച്ചത് കെ. കരുണാകരൻ ആയിരുന്നു. അദ്ദേഹത്തിന്റെ ഉറച്ച നിലപാടാണ് ബാലകൃഷ്ണപിള്ളയുടെ രാജിക്ക് കാരണമായതെന്ന് രഹസ്യമായ പരസ്യമാണ്.

മുഖ്യമന്ത്രി കരുണാകരന്റെ അറിവോടു കൂടിയാണ് ജി. കാർത്തികേയൻ ഈ വിവാദം ഉണ്ടാക്കിയതെന്നാണ് ആർ. ബാലകൃഷ്ണപിള്ള കരുതുന്നത്. അതിന് അദ്ദേഹം പറയുന്ന ന്യായം കരുണാകരന് ഒരു സ്വഭാവ സവിശേഷതയുണ്ട്. ആരെയും അദ്ദേഹത്തിന്റെ കണക്കു കൂട്ടലുകൾക്ക് അപ്പുറത്തേക്ക് കടക്കാൻ അനുവദിക്കില്ല. അപ്പോൾ തന്നെ ഏതെങ്കിലും ഒരു ഉപായം കണ്ടെത്തി മലർത്തി അടിച്ചിരിക്കും. എന്നിട്ട് അയാളെ സ്വന്തം വരുതിയിലാക്കും. പിന്നെ അയാളെ സംരക്ഷിക്കുന്നതായി ഭാവിക്കും. അയാൾ ക്രമത്തിൽ അധികം വളരുന്നതായി കണ്ടാൽ വീണ്ടും ഒതുക്കും. കോൺഗ്രസ് പാർട്ടിക്ക് ഉള്ളിലും പുറത്തുമൊക്കെ അദ്ദേഹം ഈ തന്ത്രം വിജയകരമായി പരീക്ഷിച്ചു നടപ്പിലാക്കിയിട്ടുണ്ടെന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്. ജി. കാർത്തികേയൻ അന്ന് ശക്തമായി തന്നെ എതിർത്തെങ്കിലും പിന്നീട് തന്നോട് അതിനെപ്പറ്റി ക്ഷമാപണം നടത്തുകയുണ്ടായി എന്നും ബാലകൃഷ്ണപിള്ള പറഞ്ഞിരുന്നു. 

പഞ്ചാബ് മോഡൽ പ്രസംഗത്തിന് ഒരു പശ്ചാത്തലമുണ്ട് എന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്. അതുവരെയുള്ള 25 വർഷക്കാലം ഒരാൾ കേരള രാഷ്ട്രീയത്തിൽ വലിയ പോറലുകൾ ഒന്നും  ഏൽക്കാതെ പിടിച്ചുനിൽക്കുന്നതിൽ കോൺഗ്രസിലെ ഒരു വിഭാഗത്തിന് കടുത്ത അമർഷം ഉണ്ടായിരുന്നുവത്രേ. അതിൽ ഐ വിഭാഗം ആയിരുന്നു മുന്നിൽ. അത് പിന്നെ അസൂയയായി മാറി. അതിന്റെ ഇരയാവുകയായിരുന്നു താനെന്ന് ബാലകൃഷ്ണപിള്ള.

കേരളം ഒരു പ്രബുദ്ധ സംസ്ഥാനമാണ്. ഒട്ടേറെ വിദേശനാണ്യം ലഭിക്കുന്നു. മികച്ച വിദ്യാഭ്യാസമുള്ള ജനങ്ങൾ. ഇങ്ങനെയൊക്കെയുള്ള കേരളത്തെ കേന്ദ്രം തീരെ അവഗണിക്കുന്നു എന്നത് കേരള കോൺഗ്രസിന്റെ രൂപവൽക്കരണ മുദ്രാവാക്യം തന്നെയാണ്. എറണാകുളം രാജേന്ദ്ര മൈതാനത്ത് പ്രസംഗവേദിയിൽ ഇത് ഓർത്തെടുക്കാൻ അക്കാലത്ത് പ്രസക്തമായ ഒരു അനുഭവം ഉണ്ടായി.

മുഖ്യമന്ത്രി കരുണാകരനും ബാലകൃഷ്ണപിള്ളയും കൂടി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ കണ്ടപ്പോൾ കേരളത്തിന് റെയിൽവേ കോച്ച് ഫാക്ടറി പാലക്കാട്ട് തരാമെന്ന് പറഞ്ഞിരുന്നു. കേരള സർക്കാർ അതിനു വേണ്ടുന്ന സ്ഥലമെടുപ്പ് ഒക്കെ പൂർത്തിയാക്കി. ബാലകൃഷ്ണപിള്ളയ്ക്കാണ് സംസ്ഥാന സർക്കാരിൽ റെയിൽവേയുടെ ചുമതല. ഇന്ദിരാഗാന്ധിയെ കൊണ്ടുവന്നു ശിലാസ്ഥാപനം നടത്തിക്കാൻ തീരുമാനിക്കുകയും ചെയ്തു. ഇങ്ങനെ ഇരിക്കുകയാണ് 1984 ഒക്ടോബർ 31ന് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്. തുടർന്ന് രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.

പഞ്ചാബിലെ ഭീകര പ്രവർത്തകരെയും വിപ്ലവകാരികളെയും ഇന്ദിരാഗാന്ധിയെ ഇല്ലാതാക്കുന്ന തരത്തിലേക്കുള്ള പക വളർന്നവരെയും സമാധാനിപ്പിക്കാൻ വേണ്ടി രാജീവ് ഗാന്ധി ഈ കോച്ച് ഫാക്ടറി പഞ്ചാബിലെ കപൂർതലയിലേക്ക് മാറ്റി കൊണ്ടുപോയി.

സത്യത്തിൽ ആ പശ്ചാത്തലം വിശദീകരിച്ചുകൊണ്ട് ബാലകൃഷ്ണപിള്ള അവസാനമായി ഈ രണ്ടു വാചകങ്ങൾ ആശ്ചര്യ ഭാവത്തോടെ പറഞ്ഞു: ഇതിന്റെയൊക്കെ അർത്ഥം കേരളം അതുപോലെ പെരുമാറാത്തത് കൊണ്ടാണോ? പക്ഷേ നമ്മുടെ സാംസ്‌കാരത്തിനും നമ്മുടെ മര്യാദക്കും അതിന് കഴിയില്ലല്ലോ!

ബാലകൃഷ്ണപിള്ളയുടെ ഈ പ്രസംഗം മലയാളത്തിലെ എല്ലാ പത്രം മാധ്യമങ്ങളും അച്ചടിച്ചു. എന്നാൽ മാതൃഭൂമിയിൽ വന്ന വാർത്ത ഒന്നു വളച്ചൊടിച്ചു എന്നാണ് ബാലകൃഷ്ണപിള്ള പറയുന്നത്. അന്ന് അതിന്റെ പരാധിപർ മാധവിക്കുട്ടിയുടെ മകനായ എം.ടി നാലപ്പാട്ടായിരുന്നു. സണ്ണിക്കുട്ടി എബ്രഹാം ആയിരുന്നു അന്ന് കൊച്ചി എഡിഷനിലെ റിപ്പോർട്ടർ. തന്റെ പ്രസംഗത്തിലെ വാചകങ്ങൾ മുറിച്ചെടുത്താണ് മാതൃഭൂമി പ്രസിദ്ധീകരിച്ചത് കോൺഗ്രസ് സഹയാത്രികനായിരുന്ന സണ്ണിക്കുട്ടി ആയിരുന്നു അത് ചെയ്തതെന്ന് ബാലകൃഷ്ണപിള്ള വിശ്വസിച്ചിരുന്നില്ല.എന്നാൽ ദേശാഭിമാനി പോലും അച്ചടിക്കാത്ത തരത്തിലുള്ള വാർത്തയാണ് മാതൃഭൂമിയിൽ വന്നത്.

അഗ്രസീവ് ജേണലിസത്തിന്റെ വക്താവായിരുന്ന നാലപ്പാട്ട് മാതൃഭൂമിയുടെ പത്രാധിപരായപ്പോൾ അത് പരീക്ഷിച്ചു പത്രത്തെ പ്രചാരത്തിൽ ഒന്നാമതാക്കാൻ വേണ്ടി ചെയ്ത, കടും കൈ ആയിരിക്കണം പഞ്ചാബ് മോഡൽ പ്രസംഗം എന്നു വിശ്വസിക്കാനാണ് ബാലകൃഷ്ണപിള്ളക്ക് താല്പര്യം. അല്ലാതെ ഒറ്റൊരു തരത്തിലുമുള്ള വിരോധത്തിനും ഇടയില്ലായെന്നും ബാലകൃഷ്ണപിള്ള വിശ്വസിക്കുന്നു. നാലപ്പാട് മാതൃഭൂമി ദിപത്രത്തിലുണ്ടായിരുന്ന കാലമത്രയും ഉപദ്രവം ഉണ്ടായിരുന്നെന്നു പറയാനും അദ്ദേഹം മടിച്ചിരുന്നില്ല.

(തുടരും)

ജോഷി ജോർജ്

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam