സൗദി അറേബ്യയുടെ രഹസ്യ മോഹം ഇന്ത്യയെ വെട്ടിലാക്കുമോ?

APRIL 24, 2024, 12:53 PM

പശ്ചിമേഷ്യയിലെ രാഷ്ട്രീയ സാഹചര്യം മാറുന്നതിനൊപ്പം സാമ്പത്തിക അന്തരീക്ഷവും മാറി മറിയകുയാണ്. ചില രാജ്യങ്ങള്‍ക്ക് ഈ മാറ്റം നേട്ടമാകുമെങ്കിലും മേഖലയ്ക്ക് പൊതുവെ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെയാണ് യുഎഇ അതിവേഗം ഇടപെട്ടതും ഇറാനുമായി ചര്‍ച്ച നടത്തിയതും. ഇസ്രായേലിന്റെ മിസൈല്‍ ഇറാനില്‍ പതിച്ചതിന് പിന്നാലെ യുഎഇ വിദേശകാര്യ മന്ത്രി ഇറാനുമായി ബന്ധപ്പെട്ടു.

ഏപ്രില്‍ ഒന്നിന് ഇസ്രായേല്‍ ആക്രമണത്തില്‍ ഇറാന്റെ മുതിര്‍ന്ന സൈനിക ഓഫീസര്‍മാര്‍ കൊല്ലപ്പെട്ട വേളയില്‍ തന്നെ സമവായ ശ്രമങ്ങള്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഊര്‍ജിതമാക്കിയിരുന്നു. ഇറാനെ ആക്രമിക്കാന്‍ തങ്ങളുടെ സ്ഥലം അനുവദിക്കില്ല എന്ന് കുവൈറ്റും സൗദി അറേബ്യയും ഖത്തറും അമേരിക്കയെ അറിയിച്ചുവെന്ന വാര്‍ത്തളും വന്നു. ഇറാന്‍ തിരിച്ചടിക്കുകയും ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്തുകയും ചെയ്തിരിക്കെ ഒമാന്‍ അപലപിച്ച് രംഗത്തെത്തി. ഇതെല്ലാം രാഷ്ട്രീയപരമായ നീക്കങ്ങളാണെങ്കില്‍ സാമ്പത്തികമായ വലിയ മാറ്റമാണ് മറുഭാഗത്ത് സംഭവിക്കുന്നത്.

അതില്‍ എണ്ണ വില കുതിക്കുന്നു എന്നതാണ് പ്രധാന മാറ്റം. ലോകത്തെ ചരക്ക് കടത്തിന്റെ പ്രധാന കടല്‍ പാതകളാണ് ചെങ്കടല്‍ വഴിയും ഹോര്‍മുസ് കടലിടുക്ക് വഴിയും. ഈ രണ്ട് പാതകളും ഇറാന്‍ വിചാരിച്ചാല്‍ തടയാന്‍ സാധിക്കും. ചെങ്കടലില്‍ ഹൂത്തി വിമതരെ ഉപയോഗിച്ച് അവര്‍ തടസം സൃഷ്ടിക്കുന്നുണ്ട്. ഹോര്‍മുസില്‍ ഇറാന് നേരിട്ട് തടയാനും സാധിക്കും.

ചരക്കുപാത ഇറാന്‍ തടഞ്ഞാല്‍ എണ്ണ വില കുതിച്ചുയരുമെന്ന് തീര്‍ച്ച. എണ്ണ വില ഉയരുക എന്ന് പറയുമ്പോള്‍ ആനുപാതികമായ വില വര്‍ധനവ് എല്ലാ രംഗത്തും പ്രകടമാകും. അവശ്യ വസ്തുക്കളുടെ വില ഉയരും. ഇതാകട്ടെ, എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളായ ചൈനയെയും ഇന്ത്യയെയുമാണ് കൂടുതല്‍ ബാധിക്കുക. ഇന്ത്യ ആവശ്യമുള്ള എണ്ണയുടെ 85 ശതമാനവും ഇറക്കുമതി ചെയ്യുകയാണ്. കൂടുതലും പശ്ചിമേഷ്യയില്‍ നിന്ന്.

ഈ വേളയിലാണ് എണ്ണവില സംബന്ധിച്ച സൗദി അറേബ്യയുടെ മോഹം അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) പുറത്തുവിട്ടിരിക്കുന്നത്. എണ്ണ വില ഇനിയും ഉയരണം എന്നാണ് സൗദി അറേബ്യ കൊതിക്കുന്നതത്രെ. ഇറാന്‍ എന്ത് നിലപാട് സ്വീകരിക്കുമെന്നതിന് അനുസരിച്ചാകും ഇനിയുള്ള വില മാറ്റം.

ബാരലിന് 96.20 ഡോളര്‍ എങ്കിലും എത്തണം എന്നാണ് സൗദി താല്‍പ്പര്യപ്പെടുന്നതെന്ന് ഐഎംഎഫ് പറയുന്നു. സൗദി അറേബ്യയുടെ ബജറ്റ് സന്തുലിതമാകണമെങ്കില്‍ എണ്ണവില ഉയരണം എന്നതാണ് കാര്യം. വില ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സൗദി അറേബ്യ എണ്ണ ഉല്‍പ്പാദനം കുറച്ചത്. ഒപെക് പ്ലസ് രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ സൗദിയുമായി സഹകരിച്ചതിന് പിന്നാലെയാണ് പശ്ചിമേഷ്യയില്‍ യുദ്ധമുണ്ടായത്.

ഉക്രെയിന്‍-റഷ്യ യുദ്ധത്തിന് പിന്നാലെ ഇസ്രായേല്‍-പാലസ്തീന്‍ യുദ്ധമുണ്ടായത് വിപണിയെ ആശങ്കയിലാക്കിയിരുന്നു. യുദ്ധം പശ്ചിമേഷ്യയില്‍ മൊത്തം വ്യാപിക്കുന്നതിനോട് അമേരിക്ക് താല്‍പ്പര്യമില്ല. യുദ്ധ വ്യാപനം തടയാന്‍ ജിസിസി രാജ്യങ്ങള്‍ ശ്രമിക്കുന്നുമുണ്ട്. അതേസമയം ഇറാന്‍ ഇനി തിരിച്ചടിക്ക് ഒരുങ്ങിയാല്‍ യുദ്ധം വ്യാപിക്കുമെന്ന് ഉറപ്പാണ്. അതാകട്ടെ, വിപണിയെ അസ്ഥിരപ്പെടുത്തുകയും എണ്ണവില ഉയരാന്‍ കാരണമാകുകയും ചെയ്യും.

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam