ആ മനുഷ്യൻ കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ കോൺഗ്രസിന്റെ ഭാവി മറ്റൊന്നായേനെ..!

JUNE 19, 2021, 11:05 AM

ഈ ജൂൺ 23ന് സഞ്ജയ് ഗാന്ധി വിമാനാപകടത്തിൽ കൊല്ലപ്പെട്ടിട്ട് 41 വർഷം തികയുകയാണ്

1980 ജൂൺ 23. ഒരു സാധാരണ പ്രഭാതം. പൊടുന്നനെ ഡൽഹിയുടെ അന്തരീക്ഷമാകെ മാറി. അന്നാണ് സഞ്ജയ് ഗാന്ധി ഒരു വിമാനാപകടത്തിൽ മരിച്ചത്. ഇന്ത്യയുടെ അനിഷേധ്യ നേതാവും പ്രധാനമന്ത്രിയും ആയിരുന്ന ജവഹർലാൽ നെഹ്രുവിന്റെ പുത്രി ഇന്ദിരയുടെ രണ്ടാമത്തെ പുത്രൻ. നെഹ്രു കുടുംബത്തിന്റെ തുടർ വാഴ്ച്ചയിൽ അടുത്ത അവകാശി, ജനസംഖ്യയെ നിയന്ത്രിക്കാൻ നിർ്ബന്ധിത വന്ധ്യംകരണം അത്യാവശ്യം എന്ന് തീരുമാനിച്ചു നടപ്പാക്കാൻ ശ്രമിച്ചയാൾ, ന്യുഡെൽഹിയിലെ ചേരികൾ നിഷ്‌കരുണം ബുൾ ഡോസർ കൊണ്ടു ഇടിച്ചു പൊളിച്ചു മാറ്റാൻ ശ്രമിച്ചയാൾ... അങ്ങനെ പല രീതിയിലും സുപ്രശസ്തനും കുപ്രശസ്തനും ആയ വ്യക്തി.

രാവിലെ അമ്മയുമായുണ്ടായ വാക്ക് തർക്കത്തെതുടർന്ന് ദ്വേഷ്യപ്പെട്ടു തന്റെ വീടിനു തൊട്ടടുത്തുള്ള സഫ്ദര്ജന്ഗ് വിമാനത്താവളത്തിലേക്ക് പോയ സഞ്ജയ്. പിന്നെ ഫ്‌ളയിംഗ് ക്ലബ്ബിന്റെ പുതിയ വിമാനത്തിൽ കയറി സഹ പൈലറ്റായ സുഭാഷ് സക്‌സേനയുമായി വിമാനം തിരിച്ചും മറിച്ചും കളിക്കുന്നതിനിടയിൽ നിയന്ത്രണം നഷ്ടപ്പെട്ടു ഭൂമിയിൽ തലകുത്തി വീഴുകയായിരുന്നു. സഹ പൈലറ്റിനോടൊപ്പം തലയ്ക്കു ഗുരുതരമായ പരുക്ക് പറ്റി നിമിഷങ്ങല്ക്കകം ഇരുവരും മരണമടഞ്ഞു.

vachakam
vachakam
vachakam


സഞ്ജയിനെ കിടത്തിയിരുന്ന ആംബുലൻസിലേക്ക് ഇന്ദിരയെ അവിടുള്ളവർ നയിച്ചു. അവർ ആ മൃതദേഹം മൂടിയിരുന്ന ചുവന്ന തുണി മാറ്റി. മകന്റെ ചേതനയറ്റ മുഖത്തേക്കൊന്നു നോക്കി. അത്രയും നേരം പിടിച്ചുനിർത്തിയിരുന്ന ദു:ഖം അണപൊട്ടിയൊഴുകുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.
മകന്റെ ജഡത്തെ കെട്ടിപ്പിടിച്ച് ഒരു കൊച്ചു കുഞ്ഞിനെപ്പോലെ ഏങ്ങലടിച്ച് കരഞ്ഞു ഇന്ദിര. ഒരുപക്ഷേ,ഇന്ത്യയുടെ അയേൺ ലേഡിയെ ഇത്രക്ക് വികാരവിവശയായി ആരും അതിനുമുമ്പും പിമ്പും കണ്ടിട്ടുണ്ടാവില്ല.

ഡൽഹിയിൽ നടന്ന സഞ്ജയിന്റെ ശവസംസ്‌കാര വിലാപയാത്രയിൽ അന്ന് മൂന്നുലക്ഷത്തോളം പേർ പങ്കെടുത്തു. ശാന്തിവനത്തിലേക്ക് നീണ്ട ക്യൂവിന് 12 കിലോമീറ്റർ നീളമുണ്ടായിരുന്നു. അന്ന് ആ ക്യൂവിലെ ജനങ്ങൾ സഞ്ജയ് ഗാന്ധിക്കുവേണ്ടി ഇങ്ങനെ മുദ്രാവാക്യം വിളിച്ചു, 'ജബ് തക് സൂരജ് ചാന്ദ് രഹേഗാ, സഞ്ജയ് തേരാ നാം രഹേഗാ..!'

vachakam
vachakam
vachakam


എന്നാലിന്ന് കോൺഗ്രസ്‌കാർ പോലും ആ ചരമദിനം ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്നില്ല എന്നത് വേറേ കാര്യം! സഞ്ജയ് ഗാന്ധി കൊല്ലപ്പെടുമ്പോൾ ഇന്ദിരാ ഗാന്ധി വീണ്ടും ഭരണത്തിൽ തിരിച്ചെത്തിയിട്ട് മാസങ്ങൾ തികയുന്നതേ ഉണ്ടായിരുന്നുയുള്ളൂ. അടിയന്തരാവസ്ഥകാലത്തെ ക്രൂരപ്രവൃത്തികൾ മൂലമുണ്ടായ ദുരിതങ്ങൾക്ക് കണക്കില്ലയിരുന്നു. അതുകൊണ്ടുതന്നെ കോൺഗ്രസും ഇന്ദിരയും തോറ്റുതുന്നം പാടി. പിന്നീട് വന്ന ജനതാപാർട്ടി ഇന്ദിരാവിരോധം മാത്രം ലക്ഷ്യമിട്ടതുകൊണ്ട് ഭരിക്കാൻനേരം കിട്ടിയതുമില്ല. മാസങ്ങൾക്കുള്ളിൽ ജനം അത് തിരിച്ചറിഞ്ഞു. 1980 ൽ നടന്ന പൊതുതെരഞ്ഞെടുപ്പിൽ ഇന്ദിര വൻ ഭൂരിപക്ഷത്തോടെ തിരിച്ചുവന്നു.

ഇന്ദിരഗാന്ധിയുടെ ശക്തമായ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് സഞ്ജഗാന്ധിയായിരുന്നു. അദ്ദേഹം യുവാക്കൾക്ക് മുൻതൂക്കം നൽകി. അവരെല്ലാം വിജയിച്ചുവന്നപ്പോൾ പാർലമെന്റ് സഞ്ജയുടെ നിയന്ത്രണത്തിലായി. തീർന്നില്ല, സഞ്ജയുടെ ഉപദേശപ്രകാരം കോൺഗ്രസ് ഇതര പാർട്ടികൾ അധികാരത്തിലിരുന്ന സംസ്ഥാനങ്ങളെ ഇന്ദിര പിരിച്ചുവിട്ടു. അവിടങ്ങളിലൊക്കെ കോൺഗ്രസ് ജയിക്കുകയും ചെയ്തു എന്നതാണ് കൗതുകം.

vachakam
vachakam


സഞ്ജയ് ഗാന്ധി തന്നെയാണ് ഇനി എഐസിസി പ്രസിഡന്റാവുക എന്നും 80 ൽ ഇന്ദിര പ്രഖ്യാപിച്ചിരുന്നു. അമേഠിയിൽ നിന്നുള്ള എംപി ആയിരുന്നു സഞ്ജയ്ഗാന്ധി് അന്ന്. ആദ്യശ്രമത്തിൽ, അതായത് 1977 ൽ അതേ സീറ്റിൽ നിന്ന് ജനതാപാർട്ടി സ്ഥാനാർത്ഥിയോട് 65,000 ത്തിലധികം വോട്ടുകൾക്കാണ് തോറ്റത്. വീണ്ടും മൂന്നുവർഷത്തിനുള്ളിൽ നടന്ന തെരഞ്ഞെടുപ്പിൽ പോൾ ചെയ്യപ്പെട്ടതിന്റെ പകുതിയിലധികം വോട്ടുകളും നേടി സിങിനോട് മധുരപ്രതികാരം ചെയ്യുകയുണ്ടായി സഞ്ജയ്.

41ാം ചരമവാർഷിക ദിനത്തിൽ ലോകം ഓർമ്മിക്കുമ്പോൾ, അറിയപ്പെടാത്ത ചില വിശേഷങ്ങൾ നോക്കാം. 1946 ഡിസംബർ 14 ന് ആണ് സഞ്ജയ് ഗാന്ധിയുടെ ജനനം. സഞ്ജയ് ഗാന്ധിയുടെ ജ്യേഷ്ഠനായിരുന്നു രാജീവ് ഗാന്ധി. സഞ്ജയ് ഗാന്ധി ഒരിക്കലും കോളേജിൽ പോയിട്ടില്ല. വെൽഹാം ബോയിസിലും ഡൂൺ സ്‌ക്കുളിലുമായി വിദ്യാഭ്യാസം മതിയാക്കി. പിന്നെ, ഇംഗ്ലണ്ടിലെ ക്രീവയിൽ റോൾസ് റോയ്‌സ് കമ്പനിയിൽ മൂന്നുവർഷം പരിശീലനം നേടി. ചെറിയ കാർ എന്ന വലിയ സ്വപ്‌നവുമായാണ് അവിടെ നിന്നും തിരിക്കുന്നത്. അതായിരുന്നു പിന്നീട് നാം കണ്ട മാരുതി കാർ.

1976 ൽ പൈലറ്റായി ലൈസൻസ് നേടി. വിമാന അക്രോബാറ്റിക്‌സിൽ നിരവധി സമ്മാനങ്ങളും നേടിയിട്ടുണ്ട്. 1977 മാർച്ചിൽ സഞ്ജയ് ഗാന്ധി ഒരു കൊലപാതക ശ്രമത്തിൽ നിന്ന് രക്ഷപ്പെട്ടു. ന്യൂഡൽഹിക്ക് സമീപം നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അജ്ഞാത അക്രമികൾ അദ്ദേഹത്തിന്റെ കാറിന് നേരെ വെടിയുതിർത്തപ്പോൾ തലനാരിഴയ്ക്കാണ് രക്ഷപെട്ടത്. പിടിവാശിയും നിർബന്ധ ബുദ്ധിക്കാരനുമായിരുന്നു കക്ഷി.

അതിനൊരു ഉദാഹരണം കേട്ടോളു: പ്രശസ്ത നടനും ഗായകനുമായ കിഷോർ കുമാർ അടിയന്തരാവസ്ഥയിൽ മുംബൈയിൽ നടന്ന കോൺഗ്രസ് റാലിയിൽ പാടാൻ വിസമ്മതിച്ചപ്പോൾ സഞ്ജയ് ഗാന്ധി അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും ഓൾ ഇന്ത്യ റേഡിയോയിലും ദൂരദർശനിലും നിരോധിച്ചു. 1980 മെയ് മാസത്തിൽ സഞ്ജയ് ഗാന്ധിക്കെതിരെ മൂന്ന് കൊലപാതകശ്രമങ്ങൾ നടന്നതായി അവകാശപ്പെട്ടു, കോൺഗ്രസ് പാർട്ടി സെക്രട്ടറി ജനറലായി സഞ്ജയിയെ നിയമിച്ച് ഒരു മാസത്തിനുശേഷമായിരുന്നു കൊല്ലപ്പെട്ടത്.

2017ൽ മറ്റൊരു സംഭവം ഉണ്ടായി. അടിയന്തരാവസ്ഥക്കാലത്തെ സംഭവങ്ങൾ പ്രമേയമാക്കിക്കൊണ്ട് മധുർ ഭണ്ഡാർക്കർ 'ഇന്ദു സർക്കാർ' എന്നൊരു സിനിമയെടുത്തു. ആ സിനിമയ്‌ക്കെതിരെ സ്വഭാവികമായും കോൺഗ്രസ് നേതാക്കൾ പ്രതിഷേവുമായി എത്തി. അതിനിടെ, സിനിമ തടയണമെന്ന് വശ്യപ്പെട്ട് സഞ്ജയ് ഗാന്ധിയുടെ മകൾ എന്നവകാശപ്പെട്ടുകൊണ്ട് ഒരു സ്ത്രീ രംഗത്തുവന്നു. ഗുരുഗ്രാം സ്വദേശിയായ പ്രിയ സിങ് പോൾ.


പ്രിയ സിങ് പോൾ

നെഹ്രുഗാന്ധി കുടുംബത്തിൽ നിന്ന് സ്വത്തിനു വേണ്ടി സമ്മർദ്ദം ചെലുത്താൻ തനിക്ക് താൽപ്പര്യമില്ലെന്നും തന്റെ അവകാശവാദം കണ്ടെത്താനായി ഡിഎൻഎ പരിശോധനയുമായി മുന്നോട്ട് പോകാൻ കോടതികളിൽ നിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്നും വാർത്താ സമ്മേളനത്തിൽ സിംഗ് പറഞ്ഞു. 'ഇന്ദു സർക്കാർ' എന്ന സിനിമ അന്തരിച്ച കോൺഗ്രസ് നേതാവും തന്റെ പിതാവുമായ സഞ്ജയ് ഗാന്ധിയെ കരിവാരി തേയ്ക്കാനാണെന്നും അവർ ആരോപിച്ചു.
അതൊരു രാഷ്ട്രീയ വിവാദത്തിന് കാരണമായി.

മുൻ പ്രധാനമന്ത്രി ഐ.കെ ഗുജറാളിന്റെ സഹോദരി വിംല ഗുജ്രാലാണ് ഇക്കാര്യം അറിയിച്ചതെന്നാണ് പ്രിയ സിംഗ് പറഞ്ഞത്. സഞ്ജയ് ഗാന്ധിയാണ് അവളുടെ അച്ഛൻ. വളർത്തമ്മയുടെ മരണത്തെത്തുടർന്ന് അവൾ വേരുകൾ തേടാൻ തുടങ്ങി. തുടർന്ന് ദത്തെടുക്കുന്നതിനുള്ള വംശപരമ്പരയുടെ രേഖകളും സ്ഥാപിച്ചു കിട്ടാൻ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുമുണ്ടത്രെ..!

പ്രിയ സിംഗ് പോളിന്റെ ആരോപണങ്ങളോട് കോൺഗ്രസോ, ഗാന്ധി കുടുംബമോ പ്രതികരിച്ചില്ല. മനേക ഗാന്ധിയെയാണ് സഞ്ജയ് ഗാന്ധി വിവാഹം കഴിച്ചത്. അവരുടെ മകനാണ് വരുൺ ഗാന്ധി.


സഞ്ജയ് ഗാന്ധിയുമായും ഇന്ദിരാ ഗാന്ധിയുമായും ചരിത്രപരമായ രേഖകളുടെ പിൻബലമില്ലാതെ, വസ്തുതാവിരുദ്ധവുമായി അവതരിപ്പിക്കുന്നതാണ് സിനിമ എന്നതായിരുന്നു ആക്ഷേപം. എന്നാൽ, സഞ്ജയ് ഗാന്ധിക്ക് ഇങ്ങനെയൊരു മകൾ ഉണ്ടെന്ന് അറിയില്ലെന്നും അങ്ങനെയൊരാളുടെ പരാതിയിൽ നടപടി സാധ്യമല്ലെന്നും സെൻസർ ബോർഡ് അഭിപ്രായപ്പെട്ടു. അതിനെ തുടർന്ന് ആ ഹിന്ദി സിനിമ റിലീസാകാകുകയും ചെയ്തു.

എന്തായാലും 41 വർഷം മുമ്പുനടന്ന വിമാനാപകടത്തിൽ സഞ്ജയ് ഗാന്ധി കൊല്ലപ്പെട്ടില്ലായിരുന്നുവെങ്കിൽ, കോൺഗ്രസ് പാർട്ടിയുടെ രാഷ്ട്രീയ ഭാഗധേയം ഒരു പക്ഷേ മറ്റൊരുവിധത്തിലാകുമായിരുന്നു.

ജോഷി ജോർജ്‌

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam