സമുദ്രനിരപ്പില്‍ നിന്നു 18380 അടി ഉയരെ ഒരു നിരാഹാര സമരം, എന്തിന്?

FEBRUARY 1, 2023, 6:29 AM

എന്‍ജിനീയറും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമാണ് ലഡാക്ക് സ്വദേശിയായ സോനം വാങ്ചുക്ക്. അദ്ദേഹം ഒരു ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്നു. ലഡാക്കില്‍ കൂടുതല്‍ സ്വയംഭരണം ആവശ്യപ്പെട്ട് അഞ്ച് ദിവസത്തെ നിരാഹാര സമരം നടത്തി. സമരത്തിന്റെ മൂന്നാം ദിവസമായ ജനുവരി 27 നാണ് വാങ്ചുക്ക് ഒരു കാര്യം വ്യക്തമാക്കിയിരുന്നു- ''സമാധാനമുള്ള ലഡാക്കില്‍ തീവ്രവാദത്തിന്റെ വിത്ത് പാകിയെന്നും ഇന്നത്തെ കേന്ദ്ര ഭരണപ്രദേശത്തെക്കാള്‍ ജമ്മു കാശ്മീരില്‍ തങ്ങള്‍ മെച്ചമായിരുന്നുവെന്ന്'' ലഫ്റ്റനന്റ് ഗവര്‍ണര്‍ കരുതിയെന്നും ഒരു യൂട്യൂബ് വീഡിയോയില്‍ വാങ്ചുക്ക് കുറ്റപ്പെടുത്തി.

ലഡാക്കിലെ പരിസ്ഥിതിനാശം അടക്കമുള്ള പ്രശ്‌നങ്ങളിലേക്കു കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിക്കാനായി അഞ്ച് ദിവസം ഖര്‍ദുങ് ലാ ചുരത്തില്‍ നിരാഹാരം വാങ്ചുക്ക് പ്രഖ്യാപിച്ചിരുന്നു. സമുദ്രനിരപ്പില്‍ നിന്നു 18380 അടി ഉയരെയാണ് ഖര്‍ദുങ് ലാ ചുരം സ്ഥിതി ചെയ്യുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജനുവരി 21 ന്, ഖാര്‍ദുങ് ലായില്‍ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിസംബോധന ചെയ്യുന്ന ഒരു വീഡിയോ വാങ്ചുക്ക് യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. ഉത്തരധ്രുവത്തിനും ദക്ഷിണധ്രുവത്തിനും ശേഷം ലഡാക്കിനെയും ഹിമാലയത്തെയും മൂന്നാം ധ്രുവം എന്ന് വിശേഷിപ്പിച്ച്, ഈ പ്രദേശത്തിന്റെ പരിസ്ഥിതിയും തദ്ദേശീയരുടെ അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ഭരണഘടനയുടെ ആറാം പട്ടികയില്‍ പ്രദേശം ഉള്‍പ്പെടുത്തണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം വാങ്ചുക്ക് ആവര്‍ത്തിക്കുകയുണ്ടായി.

ആരാണ് സോനം വാങ്ചുക്ക്?

ലഡാക്കി എന്‍ജിനീയറും പരിഷ്‌കര്‍ത്താവുമാണ് സോനം വാങ്ചുക്ക്. 1987ല്‍ ശ്രീനഗറിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദം നേടിയ വാങ്ചുക്ക് ഫ്രാന്‍സിലെ ഗ്രെനോബിളിലെ ക്രേറ്റര്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രണ്ട് വര്‍ഷം എര്‍ത്ത് ആര്‍ക്കിടെക്ചര്‍ പഠിച്ചു. ബിരുദപഠനത്തിനു ശേഷം, 1988ല്‍ വാങ്ചുക്കും സഹോദരനും മറ്റ് അഞ്ച് പേരും ചേര്‍ന്ന് സ്റ്റുഡന്റ്സ് എഡ്യൂക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ മൂവ്മെന്റ് ഓഫ് ലഡാക്ക് (എസ് ഇ സി എം ഒ എല്‍) ആരംഭിച്ചു. പൂര്‍ണമായും സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ഇ.സി.എം.ഒ.എല്‍ കാമ്പസ് അതിന്റെ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്കു പേരുകേട്ടതാണ്.

ഇവയിലൊന്നാണ് ഐസ് സ്തൂപ. ശീതകാലത്ത് ജലം സംഭരിക്കുന്ന കോണാകൃതിയിലുള്ള ഈ ഐസ് പര്‍വതങ്ങള്‍, വേനല്‍ക്കാലത്ത് ക്രമേണ ഉരുകി കാര്‍ഷിക ആവശ്യങ്ങള്‍ക്കു വെള്ളം വിതരണം ചെയ്യുന്നു. 2009ല്‍ പുറത്തിറങ്ങിയ ഹിന്ദി ചിത്രമായ '3 ഇഡിയറ്റ്സില്‍' ആമിര്‍ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിനു പ്രചോദനമായത് വാങ്ചുക്കാണെന്ന് കരുതപ്പെടുന്നു. ഇത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനു കൂടുതല്‍ അംഗീകാരം നല്‍കി.

2018ല്‍ വാങ്ചുക്കിന് രമണ്‍ മഗ്സസെ അവാര്‍ഡ് ലഭിച്ചു. ' ലഡാക്കി യുവാക്കളുടെ ജീവിത അവസരങ്ങള്‍ മെച്ചപ്പെടുത്തുന്ന വിദൂര വടക്കേ ഇന്ത്യയിലെ പഠന സമ്പ്രദായങ്ങളിലെ അദ്ദേഹത്തിന്റെ അതുല്യമായ വ്യവസ്ഥാപിതവും സഹകരണപരവും സാമൂഹ്യപ്രേരിതവുമായ പരിഷ്‌കരണവും പ്രാദേശിക സമൂഹത്തിലെ എല്ലാ മേഖലകളിലുമുള്ള അദ്ദേഹത്തിന്റെ ക്രിയാത്മക ഇടപെടലും ലോകത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് ഒരു മാതൃകയായി,'' രമണ്‍ മഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ പറഞ്ഞു.

എന്തിനാണു സോനം വാങ്ചുക്ക് പ്രതിഷേധിക്കുന്നത്?

ഭരണഘടനയുടെ ആറാം പട്ടികയില്‍ ലഡാക്കിനെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഉന്നയിക്കുന്നതായി തന്റെ സമീപകാല വീഡിയോയില്‍ വാങ്ചുക്ക് പറഞ്ഞു. 2020ന്റെ തുടക്കത്തില്‍ കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ട തന്റെ കത്തിനോട് പ്രതികരിച്ചത് എങ്ങനെയെന്ന് അദ്ദേഹം പറഞ്ഞു. പ്രശ്‌നം മനസിലാക്കിയെന്നും എന്നും ലഡാക്കിനെ ആറാം പട്ടിക പ്രദേശമായി പ്രഖ്യാപിക്കുന്നതിനുള്ള നിര്‍ദേശം ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചതായി വാങ്ചുക്ക് പറഞ്ഞു.

''അതിനാല്‍ ലഡാക്ക് സംരക്ഷിക്കപ്പെടുമെന്ന് എനിക്ക് ഉറപ്പുണ്ടായി. എന്നാല്‍ ലഡാക്കിലെ എല്ലാ ജനങ്ങളുടെയും ഈ സന്തോഷം, മാസങ്ങള്‍ കടന്നുപോകുകയും ചര്‍ച്ചകളൊന്നും നടക്കാതിരിക്കുകയും ചെയ്തപ്പോള്‍ സങ്കടമായി മാറി,'' വാങ്ചുക്ക് തന്റെ വീഡിയോയില്‍ പറഞ്ഞു. ഇത് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനും മുന്‍ എംപി തുപ്സ്റ്റാന്‍ ഛേവാങ് ഈ ആവശ്യത്തെ പിന്തുണയ്ക്കുന്നതിനും കാരണമായി. ആറാം പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനായി തുപ്സ്റ്റാന്‍ ലേ അപെക്‌സ് ബോഡി ഓഫ് പീപ്പിള്‍സ് മൂവ്മെന്റ് സൃഷ്ടിച്ചു. കാര്‍ഗിലിലെ സംഘടനകള്‍ ചേര്‍ന്ന് കാര്‍ഗില്‍ ഡെമോക്രാറ്റിക് അലയന്‍സ് (കെ.ഡി.എ) രൂപീകരിച്ചു.

2020 ല്‍ ലഡാക്ക് ഹില്‍ കൗണ്‍സില്‍ തിരഞ്ഞെടുപ്പ് നടന്നപ്പോള്‍, ലഡാക്കി നേതാക്കള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ അന്ന് ചര്‍ച്ചയ്ക്ക് ആഭ്യന്തര മന്ത്രാലയം ഉറപ്പുനല്‍കിയതായി വാങ്ചുക്ക് ഈ വീഡിയോയില്‍ അവകാശപ്പെട്ടു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെന്നപോലെ സംസ്ഥാന തിരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയിലും ബി.ജെ.പി ആറാം പട്ടിക വിഷയം ഉള്‍പ്പെടുത്തി. എന്നാല്‍ ചര്‍ച്ചകള്‍ നടന്നില്ലെന്നു വാങ്ചുക്ക് പറഞ്ഞു.

ഇവിടെയുള്ള എല്ലാ താഴ്വരകളിലും ഖനനം നടക്കണമെന്ന് ആഗ്രഹിക്കുന്ന വ്യാവസായിക ശക്തികളും ബിസിനസ് സ്ഥാപനങ്ങളും താഴെ തട്ടിലുള്ള ഉദ്യാഗസ്ഥരെ സ്വാധീനിച്ചിരിക്കാം എന്ന് ലഡാക്കിലെ ജനങ്ങള്‍ കരുതുന്നതായി വാങ്ചുക്ക് പറഞ്ഞു. ടിബറ്റില്‍ ചൈന സമാനമായ ഒരു ചൂഷണം നടത്തിയെന്ന് പറഞ്ഞ വാങ്ചുക്ക്, വര്‍ധിച്ചുവരുന്ന വ്യാവസായിക വല്‍ക്കരണത്തില്‍ പര്‍വത ശിഖരങ്ങള്‍ ഉരുകുന്നതിനാല്‍ ജലക്ഷാമത്തിന്റെ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരുമെന്നും ഗോത്ര വര്‍ഗക്കാരുടെ ഉപജീവനത്തിനും നിലനില്‍പ്പിനും ഭീഷണിയുണ്ടെന്നും ആശങ്കയറിച്ചു.

സൈനിക വീക്ഷണത്തില്‍ നിന്നു നോക്കിയാല്‍ ലഡാക്ക് ഒരു സെന്‍സിറ്റീവ് പ്രദേശമാണെന്നും ഇവിടെ സുരക്ഷ ആവശ്യമാണെന്നും വാങ്ചുക്ക് എടുത്തു പറഞ്ഞു. ഈ മാസം ആദ്യം, ഈ വിഷയത്തില്‍ കേന്ദ്രം രൂപീകരിച്ച ഉന്നതാധികാര സമിതിയുടെ യോഗങ്ങളില്‍ പങ്കെടുക്കില്ലെന്ന് ആവശ്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രധാന സംഘടനകള്‍ അറിയിച്ചിരുന്നു. വ്യക്തമായ ഉത്തരവിന്റെ അഭാവത്തില്‍ കെ.ഡി.എ, അപെക്‌സ് ബോഡി ലേ (എബിഎല്‍) അംഗങ്ങള്‍ കേന്ദ്ര സമിതിയെ തള്ളി.

എന്താണ് ആറാം പട്ടിക?

ഭരണഘടനയുടെ 244-ാം അനുച്ഛേദം പ്രകാരമുള്ള ആറാം പട്ടിക, സ്വയംഭരണാധികാരമുള്ള ഭരണ പ്രദേശങ്ങള്‍ രൂപീകരിക്കുന്നതിന് സ്വയംഭരണ ജില്ലാ കൗണ്‍സിലുകള്‍ (എ.ഡി.സി) സ്ഥാപിക്കാന്‍ വ്യവസ്ഥ ചെയ്യുന്നു. ഒരു സംസ്ഥാനത്തിനുള്ളിലെ നിയമനിര്‍മാണ, ജുഡീഷ്യല്‍, ഭരണപരമായ കാര്യങ്ങളില്‍ ഇവയ്ക്ക് ചില സ്വയംഭരണാധികാരമുണ്ട്.

അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള എ.ഡി.സികളില്‍ 30 അംഗങ്ങള്‍ വരെ ആവാം. ഭൂമി, വനം, ജലം, കൃഷി, ഗ്രാമ കൗണ്‍സിലുകള്‍, ആരോഗ്യം, ശുചിത്വം മുതലായവയുമായി ബന്ധപ്പെട്ട് നിയമങ്ങളും ചട്ടങ്ങളും രൂപീകരിക്കാന്‍ എ.ഡി.സിയ്ക്ക് കഴിയും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ അസം, മേഘാലയ, മിസോറാം (മൂന്ന് കൗണ്‍സിലുകള്‍ വീതം), ത്രിപുര (ഒരു കൗണ്‍സില്‍) എന്നിവയ്ക്കാണ് ഇപ്പോള്‍ ഇത് ബാധകം.

വാങ്ചുക്കിന്റെ വീട്ടുതടങ്കല്‍

ലേ ഭരണകൂടം തന്നെ വീട്ടുതടങ്കലിലാക്കിയിരിക്കുകയാണെന്നും മോചനത്തിനായി കരാറില്‍ ഒപ്പിടാന്‍ തന്നോട് ആവശ്യപ്പെടുകയാണെന്നും വാങ്ചുക്ക് പറഞ്ഞു. തന്റെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ അവര്‍ ചൂണ്ടിക്കാട്ടിയതായി അദ്ദേഹം അവകാശപ്പെട്ടു. നിരാഹാരം ഖാര്‍ദുങ് ലായില്‍ നിന്ന് ഹിമാലയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആള്‍ട്ടര്‍നേറ്റീവ്‌സ് ലഡാക്ക് (എച്ച് ഐ എ എല്‍) എന്ന തന്റെ സ്‌കൂളിന്റെ കാമ്പസിലേക്കു മാറ്റാന്‍ അവര്‍ ആവശ്യപ്പെട്ടു.

നിലവില്‍ ലേ ജില്ലയുമായി ബന്ധപ്പെട്ട ഏതെങ്കിലും പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം അഭിപ്രായം പറയുകയോ പൊതു പ്രസ്താവനകള്‍ നടത്തുകയോ പ്രസംഗങ്ങള്‍ നടത്തുകയോ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയോ ചെയ്യാന്‍ പാടില്ലെന്നതും കരാര്‍ നിബന്ധനകളില്‍ ഉള്‍പ്പെടുന്നു.

പ്രധാനമന്ത്രിയുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതുവഴി നേതാക്കള്‍ക്ക് അവരുടെ ആശങ്കകളും ആവശ്യങ്ങളും അദ്ദേഹത്തെ അറിയിക്കുകയായിരുന്നു ഉപവാസത്തിന്റെ ലക്ഷ്യമെന്ന് വാങ്ചുക്ക് മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ വാങ്ചുക്കിന്റെ അവകാശവാദങ്ങള്‍ ലേ സീനിയര്‍ പൊലീസ് സൂപ്രണ്ട് പി.ഡി നിത്യ നിഷേധിച്ചു. വാങ്ചുക്ക് പ്രതിഷേധിക്കാന്‍ പോകുന്ന പ്രദേശത്തെ താഴ്ന്ന താപനില കണക്കിലെടുത്ത് വാങ്ചുക്കിനും അനുയായികള്‍ക്കും ഇത് ഉയര്‍ന്ന അപകടസാധ്യതയുള്ളതിനാലാണ് ഭരണകൂടം പ്രതിഷേധിക്കാന്‍ അനുവദിക്കാത്തതെന്നു നിത്യ വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് വ്യക്തമാക്കിയിരുന്നു.

വാങ്ചുക്ക് ഇനി എന്താണ് ചെയ്യുന്നത്?

ആവശ്യമെങ്കില്‍ പ്രതിഷേധം ശക്തമാക്കുമെന്ന് വാങ്ചുക്ക് അറിയിച്ചു. ഇതൊരു പ്രതീകാത്മക പ്രതിഷേധം മാത്രമായിരുന്നു, പ്രതികരണമുണ്ടായില്ലെങ്കില്‍ 10 ദിവസം, പിന്നീട് 15 ദിവസം, അങ്ങനെ അവസാന ശ്വാസം വരെ നിരാഹാര സമരം നടത്തുമെന്നും വാങ്ചുക്ക് പറയുന്നു...

vachakam
vachakam
vachakam

ഫേസ്ബുക്കിൽ വാർത്തകൾ അറിയാൻ പേജ് ലൈക്ക് ചെയ്യുക Facebook ലിങ്ക് 👇
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്തിട്ട് ലൈക്ക് / Follow ബട്ടൺ ക്ലിക്ക് ചെയ്യുക. ഒപ്പം vachakam.com ന്റെ YouTube ചാനൽ സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ...
ചാനൽ ലിങ്ക്: https://www.youtube.com/channel/UCXRVmXRlpFL8TzgXtb8IIyw?sub_confirmation=1

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam