കാലിഫോര്‍ണിയ: യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കമലാ ഹാരിസിനെ പിന്തുണച്ച് നടന്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍. റിപ്പബ്ലിക്കന്‍ പാര്‍ട്ടി അംഗവും മുന്‍ കാലിഫോര്‍ണിയ ഗവര്‍ണറുമായ ഷ്വാസ്‌നെഗറുടെ പിന്തുണ അപ്രതീക്ഷിതമായാണ് കമലയ്ക്ക് ലഭിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കക്കാരനല്ലെന്നും ടെര്‍മിനേറ്റര്‍ സിനിമകളിലൂടെ പ്രശസ്തനായ നടന്‍ വിമര്‍ശിച്ചു. ബുധനാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു നീണ്ട പ്രസ്താവനയിലാണ് നടന്‍ നിലപാട് വ്യക്തമാക്കിയത്.
രാഷ്ട്രീയത്തെ വെറുക്കുന്നെന്നും മിക്ക രാഷ്ട്രീയക്കാരെയും വിശ്വസിക്കുന്നില്ലെന്നും അര്‍നോള്‍ഡ് കുറിച്ചു. എന്നാല്‍ ഒരു സെലിബ്രിറ്റിയെന്ന നിലയിലും മുന്‍ റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ എന്ന നിലയിലും തന്റെ അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. 'രണ്ടു പാര്‍ട്ടികളെയും ഇഷ്ടമല്ലെങ്കിലും താന്‍ ഒരു ഭാഗം പിടിക്കുകയാണ്. കാരണം തെരഞ്ഞെടുപ്പ് ഫലത്തെ നിഷേധിക്കുന്നത് അമേരിക്കന്‍ വിരുദ്ധതയാണ്,' അര്‍നോള്‍ഡ് വ്യക്തമാക്കി.
നയത്തെ സ്‌നേഹിക്കാനും രാഷ്ട്രീയത്തെ അവഗണിക്കാനുമാണ് കാലിഫോര്‍ണിയ ഗവര്‍ണര്‍ സ്ഥാനം തന്നെ പഠിപ്പിച്ചത്. ''ഞാന്‍ നിങ്ങളോട് സത്യസന്ധത പുലര്‍ത്തട്ടെ: എനിക്ക് ഇപ്പോള്‍ ഒരു പാര്‍ട്ടിയെയും ഇഷ്ടമല്ല. എന്റെ റിപ്പബ്ലിക്കന്‍മാര്‍ സ്വതന്ത്ര വിപണിയുടെ സൗന്ദര്യം മറന്നു, തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നിരസിച്ചു. ഡെമോക്രാറ്റുകളും ഒട്ടും മെച്ചമല്ല, വര്‍ദ്ധിച്ചുവരുന്ന കുറ്റകൃത്യങ്ങളാല്‍ നമ്മുടെ നഗരങ്ങള്‍ വേദനിപ്പക്കുന്നു, അതിനാല്‍ അവരുടെ പ്രാദേശിക നയങ്ങളെക്കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നു,' ഷ്വാസ്‌നെഗര്‍ കുറ്റപ്പെടുത്തി.
'ലോകമെമ്പാടുമുള്ള ആളുകളുമായി സംസാരിക്കുകയും അമേരിക്ക ഒരു കുന്നിന്‍ മുകളിലുള്ള തിളങ്ങുന്ന നഗരമാണെന്ന് ഇപ്പോഴും അറിയുകയും ചെയ്യുന്ന എന്നെപ്പോലുള്ള ഒരാളെ, അമേരിക്കയെ ഒരു ചവറ്റുകുട്ടയെന്ന് പറയുന്ന ദേശസ്‌നേഹമില്ലായ്മ രോഷാകുലനാക്കുന്നു,' ട്രംപിന്റെ പരാമര്‍ശം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. 'ഞാന്‍ ഒരു റിപ്പബ്ലിക്കന്‍ ആകുന്നതിന് മുമ്പ് ഞാന്‍ എല്ലായ്‌പ്പോഴും ഒരു അമേരിക്കക്കാരനായിരിക്കും. അതുകൊണ്ടാണ്, ഈ ആഴ്ച, ഞാന്‍ കമലാ ഹാരിസിനും ടിം വാള്‍സിനും വോട്ട് ചെയ്യുന്നത്.' ഷ്വാസ്‌നെഗര്‍ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്