ബെൻസേലം: മലങ്കര ഓർത്തോഡോക്‌സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായതും, ആ പുണ്യവാന്റെ തിരുശേഷിപ്പ് സ്ഥാപനത്താൽ അനുഗ്രഹീതവുമായ ബെൻസേലം സെന്റ് ഗ്രിഗോറിയോസ് ഓർത്തോഡോക്‌സ് ദേവാലയത്തിലെ പരിശുദ്ധ പരുമല തിരുമേനിയുടെ 122-ാം ഓർമപ്പെരുന്നാൾ. നവംബർ 1, 2, 3 (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ ഭക്ത്യാദരപൂർവ്വം നടത്തപ്പെടും.
ഓർമ്മ പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് ഒക്ടോബർ 27ന് ഞായറാഴ്ച വിശുദ്ധ കുർബ്ബാനയ്ക്ക് ശേഷം വെരി റവ.പ്രൊഫ ജോൺ പനാറയിൽ കോർ എപ്പീസ്‌ക്കോപ്പാ പെരുന്നാൾ കൊടിയേറ്റ് നടത്തി. നവംബർ ഒന്നിന് വെള്ളിയാഴ്ച വൈകിട്ട് 6:45ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയും, അതിനെത്തുടർന്ന് പള്ളിയിൽ നിന്നും കുരിശടിയിലേക്ക് പ്രദിക്ഷണവും, പരിശുദ്ധന്റെ മദ്ധ്യസ്ഥതയിൾ അഭയം തേടിയുള്ള മധ്യസ്ഥ പ്രാർത്ഥനയും, നേർച്ചവിളമ്പും ഉണ്ടായിരിക്കുന്നതാണ്.
നവംബർ രണ്ടിന് ശനിയാഴ്ച വൈകിട്ട് 4 മണി മുതൽ 6 മണി വരെ കൂദോശ് ഈത്തോ കോൺഫറൻസ്, 6:30 മുതൽ സന്ധ്യാ നമസ്‌കാരം, 7:00 മുതൽ റവ. ഫാ. ഐസക്ക് ബി പ്രകാശ് വചന പ്രഘോഷണം നടത്തും. അതിനെത്തുടർന്ന് അത്താഴ വിരുന്നും ഉണ്ടായിരിക്കും.
പെരുന്നാളിന്റെ സമാപന ദിവസമായ നവംബർ മൂന്നിന് ഞായറാഴ്ച 8:30ന് പ്രഭാത നമസ്‌കാരം, അതിനെത്തുടർന്ന് 9:30ന് വിശുദ്ധ കുർബ്ബാന.
11:30ന് മുത്തുക്കുടകളും, കുരിശുകളും, കാതോലിക്കേറ്റ് പതാകയും വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസ കുരിശടിയിലേക്ക് പുറപ്പെടും. 11:15ന് പരിശുദ്ധന്റെ മധ്യസ്ഥതയിൽ അഭയം തേടിയുള്ള മദ്ധ്യസ്ഥപ്രാത്ഥനയും, ആശീർവാദവും നടക്കും. 12:30ന് വന്നുചേർന്ന ഏവർക്കും വിഭവസമൃദ്ധമായ പെരുന്നാൾ സദ്യയോടുകൂടി ചടങ്ങുകൾക്ക് സമാപനം കുറിക്കും.
ഈ വർഷത്തെ പെരുന്നാളിന് റവ. ഫാ. വർഗീസ് എം. ഡാനിയേൽ, റവ. ഫാ.ഐസക്ക് ബി. പ്രകാശ്, റവ. ഫാ. റ്റോജോ ബേബി, റവ. ഫാ. എബി പൗലോസ് എന്നിവർ ആത്മീയ നേതൃത്വം നൽകും.
വികാരി റവ.ഫാ. ഷിബു വേണാട് മത്തായി, ട്രഷറാർ ബീന കോശി, സെക്രട്ടറി റെനി ബിജു, ജിനു എന്നിവർക്കൊപ്പം, ഈ വർഷത്തെ പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനായി തോമസ് പോൾ, സന്ദീപ്, ഷിജു എന്നിവർ പെരുന്നാൾ കോർഡിനേറ്റേഴ്‌സായുമുള്ള വിപുലമായ കമ്മറ്റികൾ പ്രവർത്തിക്കുന്നു.
രാജു ശങ്കരത്തിൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്