വാഷിംഗ്ടൺ: യുഎസ് ട്രഷറി വകുപ്പിന്റെ കംപ്യൂട്ടർ ശൃംഖലയില്‍ കടന്നുകയറി ചൈനീസ് ഹാക്കർമാർ രേഖകൾ മോഷ്ടിച്ചതായി റിപ്പോർട്ട്.
പേര് വെളിപ്പെടുത്താത്ത യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹാക്കർമാർ ഓഫീസ് ഓഫ് ഫോറിൻ അസറ്റ് കൺട്രോൾ, ഓഫീസ് ഓഫ് ഫിനാൻഷ്യൽ റിസർച്ച് എന്നി സെക്ഷനിൽ നുഴഞ്ഞ് കയറിയതായും യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലൻ്റെ ഓഫീസും ലക്ഷ്യമിടുന്നതായും വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു.
ട്രഷറിക്ക് സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറിയത്. ഈ മാസം ആദ്യം യുഎസിലെ ഏറ്റവും വലിയ 3 ടെലികമ്യൂണിക്കേഷൻ കമ്പനികളിലേക്കും കടന്നുകയറാൻ ചൈനീസ് ഹാക്കർമാർ ശ്രമം നടത്തിയിരുന്നു.
സാൾട്‌ടൈഫൂൺ എന്നു പേരിട്ടിരുന്ന ആ ഹാക്കിങ്ങിൽ ജനപ്രതിനിധി സഭാംഗങ്ങളുടെ ഫോൺ കോളുകൾ, ടെക്സ്റ്റ് മെസേജുകൾ തുടങ്ങിയവ നിരീക്ഷിക്കാൻ സൈബർ ക്രിമിനലുകൾക്കു കഴിഞ്ഞിരുന്നു.
ഈ ആഴ്ച ആദ്യം ട്രഷറി വകുപ്പ് ജനപ്രതിനിധി സഭാംഗങ്ങൾക്ക് അയച്ച കത്തിൽ രഹസ്യസ്വഭാവമില്ലാത്തതും നിലവിൽ പൊതുജനങ്ങൾക്ക് ലഭ്യമായിട്ടുള്ളതുമായ (അൺക്ലാസിഫൈഡ്) രേഖകളാണ് ഹാക്കർമാർക്കു ലഭിച്ചതെന്നും പറയുന്നു.
അതേസമയം തീർത്തും യുക്തിരഹിതമായ അവകാശവാദമാണിതെന്ന് വാഷിംഗ്ടണിലെ ചൈനീസ് എംബസിയുടെ വക്താവ് ലിയു പെൻഗ്യു പറഞ്ഞു. ചൈന എല്ലാത്തരം സൈബർ ആക്രമണങ്ങളെയും ചെറുക്കുന്നുവെന്നും അടിസ്ഥാനമില്ലാത്ത വസ്തുതകൾ ചൂണ്ടിക്കാട്ടി ചൈനയ്‌ക്കെതിരെ യുഎസ് നടത്തുന്ന ആക്രമണങ്ങളെ ശക്തമായി എതിർക്കുന്നുവെന്ന് ചൈനീസ് എംബസി വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്