ഓസ്ട്രേലിയയ്ക്കെതിരായ സെമിഫൈനലില്‍ താന്‍ കളിക്കരുതായിരുന്നെന്ന വിമര്‍ശനം വിചിത്രമാണെന്ന് ദക്ഷിണാഫ്രിക്കന്‍ നായകന്‍ ടെംബ ബാവുമ. പൂര്‍ണമായി കായികക്ഷമതയില്ലാത്തതിനാല്‍ ബവുമ ഈ മല്‍സരത്തില്‍ ടീമിന്റെ ഭാഗമാകാന്‍ പാടില്ലായിരുന്നെന്ന വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ടീം സെമിയില്‍ 3 വിക്കറ്റിന് തോറ്റതോടെയാണ് ബവുമക്കെതിരായി വിമര്‍ശനം ശക്തമായത്.
സെമിഫൈനലിന് മുമ്പ്, ഹാംസ്ട്രിംഗിന്റെ പരിക്ക് കാരണം 100 ശതമാനം ഫിറ്റല്ലെന്ന് സമ്മതിച്ച ബാവുമയുടെ ഫിറ്റ്‌നസ് സംബന്ധിച്ച് ആശങ്കകള്‍ ഉണ്ടായിരുന്നു. സെമി-ഫൈനലിന് തലേ ദിവസമാണ് താന്‍ പൂര്‍ണമായി ഫിറ്റല്ലെന്ന് ബവുമ അറിയിക്കുന്നത്. മത്സരത്തിലെ അദ്ദേഹത്തിന്റെ പ്രകടനം വിമര്‍ശനത്തിന്റെ ശക്തി കൂട്ടി. പൂജ്യം റണ്‍സിനാണ് ബവുമ പുറത്തായത്.
എട്ട് മത്സരങ്ങളില്‍ നിന്ന് 18.13 ശരാശരിയില്‍ 145 റണ്‍സ് മാത്രമേ ബവുമ ഈ ലോകകപ്പില്‍ നേടിയിട്ടുള്ളൂ. ടൂര്‍ണമെന്റിലുടനീളം ഫോമുമായി മല്ലിടുന്ന ബാവുമയുടെ നേതൃത്വത്തെയും തീരുമാനങ്ങള്‍ എടുക്കുന്നതിനെയും വിമര്‍ശകര്‍ ചോദ്യം ചെയ്തു.
''ഒരാള്‍ നന്നായി ടീമിനെ നയിക്കുന്നുണ്ടെങ്കില്‍ അവരെ വിലയിരുത്താനുള്ള അളവുകോല്‍ എന്താണെന്ന് എനിക്കറിയില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ ഞങ്ങള്‍ വിജയിച്ചു. ലോകകപ്പില്‍ കുറച്ചുകാലമായി തോല്‍ക്കാത്ത ടീമുകളെയാണ് ഞങ്ങള്‍ തോല്‍പ്പിച്ചത്. അതിനാല്‍ ഒരാള്‍ ക്യാപ്റ്റനെന്ന നിലയില്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് നിര്‍ണ്ണയിക്കാന്‍ എന്ത് മാനദണ്ഡം ഉപയോഗിക്കും?' ബവുമ ചോദിച്ചു.
പ്രതികൂല സാഹചര്യങ്ങളില്‍ താന്‍ പിന്മാറില്ലെന്നും ബവുമ പറഞ്ഞു. 'ഞാന്‍ പ്രതികൂല സാഹചര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ പോകുന്ന ആളല്ല, ട്വിറ്ററിലോ ഫേസ്ബുക്കിലോ ആളുകളുടെ വാദങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പോകുന്ന ആളല്ല ഞാന്‍. ഞാന്‍ എടുക്കുന്ന തീരുമാനങ്ങള്‍ എല്ലായ്‌പ്പോഴും ടീമിന്റെ പുരോഗതിക്ക് വേണ്ടിയായിരിക്കും.' ബവുമ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്