സിംഗപ്പൂർ സിറ്റി : ആദ്യ റൗണ്ടിലെ തോൽവിയിൽ നിന്ന് പഠിച്ച കരുനീക്കങ്ങൾ രണ്ടാം റൗണ്ടിൽ പ്രയോഗിച്ച ഇന്ത്യൻ ഗ്രാൻഡ്മാസ്റ്റർ ഡി.ഗുകേഷ് ലോക ചെസ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം റൗണ്ടിൽ കരുതലോടെ കളിച്ച് നിലവിലെ ലോകചാമ്പ്യൻ ഡിംഗ് ലിറെനെ സമനിലയിൽ തളച്ചു. കറുത്ത കരുക്കളുമായി കളിച്ച ഗുകേഷ് 23ാം നീക്കത്തിലാണ് സമനില പിടിച്ചെടുത്തത്. സിംഗപ്പൂരിലെ സെന്റോസ റിസോർട്ടിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലെ ആദ്യ മത്സരത്തിൽ വെള്ളക്കരുക്കളുമായി കളിച്ച ഗുകേഷിനെ ചൈനീസ് ഗ്രാൻഡ്മാസ്റ്റർ 42 നീക്കങ്ങൾക്ക് ഒടുവിൽ തോൽപ്പിച്ചിരുന്നു. ഏറ്റവും പ്രായം കുറഞ്ഞ ചലഞ്ചറായ 18കാരനായ ഗുകേഷിനെ തന്റെ പരിചയസമ്പത്തും ചടുലമായ നീക്കങ്ങളും കൊണ്ടാണ് 32കാരനായ ലിറെൻ കീഴടക്കിയത്.എന്നാൽ ആ തോൽവിയിൽ തളർന്നുപോകുന്നയാളല്ല താനെന്ന വ്യക്തമായ സൂചനയാണ് രണ്ടാം റൗണ്ടിലെ ഗുകേഷിന്റെ പ്രകടനം നൽകുന്നത്.
ആകെ 14 റൗണ്ടാണ് ലോകചാമ്പ്യൻഷിപ്പിലുള്ളത്. ഇതിൽ ജയത്തിന് ഒരുപോയിന്റും സമനിലയ്ക്ക് അരപോയിന്റുമാണ്. ആദ്യം ഏഴരപോയിന്റിലെത്തുന്നയാൾ കിരീടം നേടും. രണ്ട് റൗണ്ടുകൾ പിന്നിടുമ്പോൾ ഡിംഗ് ലിറെൻ ഒന്നര പോയിന്റുമായി മുന്നിട്ടുനിൽക്കുകയാണ്. അരപോയിന്റുമായി ഗുകേഷ് സ്‌കോർ ബോർഡ് ഓപ്പൺ ചെയ്തു. ഇന്ന് ഉച്ചയ്ക്ക് രണ്ടരമുതലാണ് മൂന്നാം റൗണ്ട് പോരാട്ടം. വെള്ളക്കരുക്കളുമായാണ് ഗുകേഷ് മൂന്നാം റൗണ്ടിൽ കളിക്കുക.
കറുത്ത കരുക്കളുമായി ലോക ചാമ്പ്യനെ സമനിലയിൽ പിടിക്കുകയെന്നത് ചെറിയ കാര്യമല്ല. ചാമ്പ്യൻഷിപ്പിൽ വലിയ മത്സരങ്ങൾ വരാനിരിക്കുന്നതേയുള്ളൂ. നല്ല ആത്മവിശ്വാസമുണ്ട്.
ഇതിന് മുമ്പ് രണ്ട് തവണ കറുത്തകരുക്കളുമായി ഡി. ഗുകേഷ് ഡിംഗ് ലിറെനെ നേരിട്ടിട്ടുണ്ട്. ആ രണ്ട് തവണയും പരാജയപ്പെട്ടിരുന്നു. ഒരു പക്ഷേ ഇന്നലെ കറുത്ത കരുക്കളുമായി കളിക്കാനൊരുങ്ങുമ്പോൾ ആ ചിന്തകൾ ഗുകേഷിന്റെ മനസിലൂടെ കടന്നുപോയിട്ടുണ്ടാകും. മാത്രമല്ല, ആദ്യ മത്സരത്തിൽ തോറ്റശേഷം ലിറെനെപ്പോലെ പരിചയസമ്പന്നനായ ഒരു കളിക്കാരനെ നേരിടാൻ ഇറങ്ങുമ്പോൾ കരുതലോടെയേ കളിക്കാനാകൂ. ആ നിലപാടാണ് ഇന്നലെ ഗുകേഷ് ബോർഡിൽ പ്രകടിപ്പിച്ചത്.
അടിസ്ഥാന പാഠങ്ങളിൽ നിന്ന് വ്യതിചലിക്കാതെ സമനില ലക്ഷ്യമിട്ടുകൊണ്ടുതന്നെ കരുതലോടെയുള്ള ഇറ്റാലിയൻ ഗെയിമാണ് ഗുകേഷ് പുറത്തെടുത്തത്. തന്നേക്കാൾ പതിനഞ്ച് വയസിന്റെ മൂപ്പും അനുഭവസമ്പത്തുമുള്ള എതിരാളിയോട് എടുത്തുചാടാതെ കരുനീക്കങ്ങൾ നടത്തി. റിസ്‌കെടുക്കാൻ ഗുകേഷ് തയ്യാറായിരുന്നില്ലെന്നത് അദ്ദേഹത്തിന്റെ ശരീരഭാഷയിൽ നിന്ന് വ്യക്തമായിരുന്നു. അടുത്ത റൗണ്ടിൽ മികച്ച ആത്മവിശ്വാസത്തോടെ കളിക്കാൻ ഗുകേഷിന് സാധിക്കും. ആദ്യ മത്സരത്തിലേതുപോലെ ഇന്നലെയും ലിറെൻ വളരെപെട്ടെന്ന് നീക്കങ്ങൾ നടത്തിയപ്പോൾ ഗുകേഷ് സമയം അൽപ്പം കൂടുതലെടുത്തിരുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്