ഐസിസി ടെസ്റ്റ് റാങ്കിംഗിൽ പാകിസ്ഥാൻ മുൻ നായകൻ ബാബർ അസമിന് ഒടുവിൽ തിരിച്ചടി. ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിലെ മോശം പ്രകടനത്തിന് പിന്നാലെ മൂന്നാം സ്ഥാനത്തായിരുന്ന ബാബർ അസം പുതിയ റാങ്കിംഗിൽ ഒമ്പതാം സ്ഥാനത്തേക്ക് വീണു. അതേസമയം, ശ്രീലങ്കക്കെതിരായ ടെസ്റ്റിലെ മികച്ച പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് മൂന്ന് സ്ഥാനങ്ങൾ ഉയർന്ന് നാലാം സ്ഥാനത്തെത്തി.
ഇംഗ്ലണ്ടിന്റെ ജോ റൂട്ട് ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ കെയ്ൻ വില്യംസൺ രണ്ടാമതും ഡാരിൽ മിച്ചൽ മൂന്നാമതുമാണ്. ബ്രൂക്ക് നാലാം സ്ഥാനത്തെത്തിയപ്പോൾ സ്റ്റീവ് സ്മിത്ത്, രോഹിത് ശർമ എന്നിവരാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ. ഒരു സ്ഥാനം ഉയർന്ന ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഏഴാം സ്ഥാനത്തും രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ വിരാട് കോഹ്ലി എട്ടാം സ്ഥാനത്തുമുണ്ട്.
ബംഗ്ലാദേശിനെതിരായ റാവൽപിണ്ടി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്‌സിൽ 171ഉം രണ്ടാം ഇന്നിംഗ്‌സിൽ 51ഉം റൺസടിച്ച പാകിസ്ഥാന്റെ മുഹമ്മദ് റിസ്‌വാൻ ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം സ്ഥാനത്തെത്തിയതാണ് മറ്റൊരു വലിയ മാറ്റം. പാകിസ്ഥാനെതിരായ ബംഗ്ലാദേശിന്റെ വിജയത്തിൽ സെഞ്ചുറിയുമായി നിർണായക പങ്കുവഹിച്ച മുഷ്ഫീഖുർ റഹീം കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗായ 17-ാം സ്ഥാനത്തെത്തി. ശുഭ്മാൻ ഗില്ലാണ് പതിനെട്ടാം സ്ഥാനത്ത്.
ടെസ്റ്റ് റാങ്കിംഗിൽ പിന്നിലായെങ്കിലും ഏകദിന ബാറ്റിംഗ് റാങ്കിംഗിൽ ബാബർ തന്നെയാണ് ഒന്നാമത്. ഇന്ത്യയുടെ രോഹിത് ശർമ രണ്ടാം സ്ഥാനത്തും ശുഭ്മാൻ ഗിൽ മൂന്നാം സ്ഥാനത്തുമുള്ള ഏകദിന റാങ്കിംഗിൽ വിരാട് കോഹ്ലിയാണ് നാലാമത്. ടി20 ബാറ്റിംഗ് റാങ്കിംഗിൽ ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡ് ആണ് ഒന്നാമത്. ഇന്ത്യയുടെ സൂര്യകുമാർ യാദവ് രണ്ടാമതും യശസ്വി ജയ്‌സ്വാൾ നാലാമതുമാണ്. ഫിൽ സോൾട്ടാണ് മൂന്നാമത്. എട്ടാം സ്ഥാനത്തുള്ള റുതുരാജ് ഗെയ്ക്‌വാദ് ആണ് ആദ്യ പത്തിലെ മറ്റൊരു ഇന്ത്യൻ താരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്