പ്രശസ്ത സംവിധായകനു സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാനുമായ ഷാജി എൻ. കരുണിന് ശ്രീലങ്കൻ സിനിമയുടെ ആദരം. ശ്രീലങ്കയിൽ നടന്ന പത്താമത് ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവലിലാണ് അദ്ദേഹത്തിന് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചത്. ഫെസ്റ്റിവലിന്റെ അന്താരാഷ്ട്ര മത്സരവിഭാഗത്തിലെ ജൂറി ചെയർപേഴ്‌സൻ കൂടിയായിരുന്നു ഷാജി എൻ. കരുൺ. ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിലാണ് പുരസ്‌കാരം സമ്മാനിച്ചത്.
NETPAC, ഏഷ്യൻ ഫിലിം സെന്റർ എന്നിവയുടെ പിന്തുണയോടെ ശ്രീലങ്കയിലെ നാഷണൽ യൂത്ത് സർവീസസ് കൗൺസിൽ വർഷം തോറും കൊളംബോയിൽ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ യൂത്ത് ഫിലിം ഫെസ്റ്റിവൽ യുവ സിനിമാ പ്രതിഭകളെ കേന്ദ്രീകരിച്ചുള്ളതാണ്. ശ്രീലങ്കയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ നിന്നുമുള്ള വളർന്നുവരുന്ന ചലച്ചിത്ര പ്രവർത്തകർക്ക് ദേശീയ അന്തർദേശീയ വിഭാഗങ്ങളിൽ ഹ്രസ്വചിത്രങ്ങളും ഡോക്യുമെന്ററികളും പ്രദർശിപ്പിക്കുന്നതിന് മേള വേദി ഒരുക്കുന്നുണ്ട്.
പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് ബിരുദം നേടിയ ഷാജി എൻ കരുൺ പ്രശസ്ത സംവിധായകൻ അരവിന്ദന്റെ ചിത്രങ്ങളുൾപ്പെടെ നാൽപ്പതിലധികം ചിത്രങ്ങളുടെ ഛായാഗ്രാഹകനെന്ന നിലയിൽ അംഗീകാരം നേടി. 1990-ൽ ഈസ്റ്റ്മാൻ കൊഡാക്ക് അവാർഡ് നേടി. അദ്ദേഹത്തിന്റെ ആദ്യ സംവിധാന സംരംഭമായ പിറവി (1988) ലോകാർണോ ചലച്ചിത്ര മേളയിലെ സിൽവർ ലെപ്പേഡ് പുരസ്‌കാരവും കാൻ ചലച്ചിത്രമേളയിലെ പ്രത്യേക പരാമർശവും ഉൾപ്പെടെ 31 അവാർഡുകൾ നേടി.
അദ്ദേഹത്തിന്റെ തുടർന്നുള്ള ചിത്രങ്ങളായ സ്വം (1994), വാനപ്രസ്ഥം (1999), കുട്ടി സ്രാങ്ക് (2010) എന്നിവ കാനിൽ തിരഞ്ഞെടുക്കപെടുകയും ദേശീയ-അന്തർദേശീയ അംഗീകാരങ്ങൾ നേടുകയും ചെയ്തു. അദ്ദേഹത്തിന്റെ ഓള് (2018) ഗോവ ചലച്ചിത്രമേളയിൽ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടനചിത്രമായിരുന്നു.
പത്മശ്രീ പുരസ്‌കാര ജേതാവായ അദ്ദേഹം ഷെവലിയർ ഡെസ് ആർട്സ് എറ്റ് ലെറ്റേഴ്സ് (ഫ്രാൻസ്, 2000) പുരസ്‌കാരവും നേടിയിട്ടുണ്ട്. കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷന്റെ ചെയർമാൻ എന്ന നിലയിൽ സർക്കാർ പിന്തുണയുള്ള OTT പ്ലാറ്റ്ഫോം, വിഷ്വൽ മീഡിയ എക്സലൻസ് കേന്ദ്രം തുടങ്ങിയ നൂതനാശയങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്