തൊടുപുഴ: സിപിഐഎമ്മിൻ്റെ ഇടുക്കി ജില്ലാ സമ്മേളനത്തിൽ മന്ത്രി റോഷി അഗസ്റ്റിനെതിരെ രൂക്ഷ വിമർശനം. പാർലമെന്റ് തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എം വോട്ടുകൾ ഇടതുമുന്നണിക്ക് ലഭിച്ചില്ലെന്ന് പ്രതിനിധികൾ കുറ്റപ്പെടുത്തി.
റോഷി വാഗ്ദാനങ്ങൾ മാത്രം നൽകുന്ന മന്ത്രിയെന്നായിരുന്നു പ്രതിനിധികളുടെ വിമർശനം. കേരള കോൺഗ്രസ് മുന്നണിയിലെത്തിയിട്ട് കാര്യമായ പ്രയോജനം ഉണ്ടായില്ലെന്നും വിമർശനം ഉയർന്നു.
ആഭ്യന്തരവകുപ്പിനെതിരെയും സമ്മേളനത്തിൻ്റെ പൊതുചർച്ചയിൽ വിമർശനം ഉയർന്നു. പൊലീസ് സ്റ്റേഷനിലേക്ക് നേതാക്കൾ ഫോൺ വിളിച്ചാൽ പോലും എടുക്കുന്നില്ലെന്നായിരുന്നു പ്രധാന വിമർശനം.
പാർട്ടിക്കാർ സ്റ്റേഷനിൽ ചെന്നാൽ തല്ല് കിട്ടുന്ന അവസ്ഥയാണെന്നും പൊലീസിനെ നിയന്ത്രിക്കുന്നതിൽ ആഭ്യന്തര വകുപ്പ് പരാജയമാണെന്നും വിമർശനം ഉയർന്നു. പൊലീസ് നയത്തിനെതിരെയും പൊതു ചർച്ചയിൽ പ്രതിനിധികൾ വിമർശനം ഉന്നയിച്ചു. വന നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടും വലിയ വിമർശനമാണ് പൊതുചർച്ചയിൽ പങ്കെടുത്ത പ്രതിനിധികൾ ഉന്നയിച്ചത്.
ഇന്നലെ തൊടുപുഴയിൽ ആരംഭിച്ച ഇടുക്കി ജില്ലാ സമ്മേളനത്തിൻ്റെ പ്രതിനിധ സമ്മേളനം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് ഉദ്ഘാടനം ചെയ്തത്. പതിനേഴ് വർഷത്തിന് ശേഷമാണ് സിപിഐഎം ജില്ലാ സമ്മേളനത്തിന് തൊടുപുഴ വേദിയാകുന്നത്. സമ്മേളനം നാളെ സമാപിക്കും. സെക്രട്ടറിയായി നിലവിലെ ജില്ലാ സെക്രട്ടറി സി വി വർഗീസ് തന്നെ തുടരാനാണ് സാധ്യത.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്