ടി20 ക്രിക്കറ്റിലെ ഏറ്റവും ചെറിയ ടീം ടോട്ടലെന്ന നാണക്കേടിന്റെ റെക്കോർഡ് ഐവറി കോസ്റ്റിന്. നൈജീരിയക്കെതിരായ മത്സരത്തിൽ വെറും 7 റൺസിനാണ് ഐവറി കോസ്റ്റ് ഓൾ ഔട്ടായത്.
2023ൽ സ്‌പെയിനിനെതിരെ ഐൽ ഓഫ് മാൻ, സിംഗപ്പൂരിനെതിരെ മംഗോളിയ ടീമുകൾ മുമ്പ് 10 റൺസിന് ഓൾ ഔട്ടായതിന്റെ റെക്കോർഡാണ് ഐവറികോസ്റ്റ് തിരുത്തിയത്.
ടി20 ലോകകപ്പ് മേഖലാ യോഗ്യതാ മത്സരത്തിൽ ടോസ് നേടിയ നൈജീരിയ ഐവറി കോസ്റ്റിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു. 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 271 റൺസാണ് ആദ്യം ബാറ്റ് ചെയ്ത നൈജീരിയ അടിച്ചു കൂട്ടിയത്. നൈജീരിയക്കായി സെലിം സാലു 53 പന്തിൽ 112 റൺസടിച്ചപ്പോൾ ഐസക് ഒക്‌പെ 23 പന്തിൽ 65 റൺസടിച്ചു.
മറുപടി ബാറ്റിംഗിൽ ഐവറി കോസ്റ്റ് ഓപ്പണർ ഔട്ടാര മൊഹമ്മദ് രണ്ട് റൺസെടുത്താണ് തുടങ്ങിയത്. അഞ്ചാം പന്തിലും രണ്ട് റൺസെടുത്തു. എന്നാൽ ആദ്യ ഓവറിലെ അവസാന പന്തിൽ ഔട്ടാര പുറത്തായി. പിന്നീട് രണ്ടാം ഓവറിലും നാലാം ഓവറിലും ഓരോ വിക്കറ്റ് മാത്രം നഷ്ടമായ ഐവറി കോസ്റ്റിന് അഞ്ചാം ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടമായി. പിന്നീട് അഞ്ചാം ഓവറിലും ആറാം ഓവറിലും ഏഴാം ഓവറിലും ഓരോ വിക്കറ്റ് കൂടി നഷ്ടമായ ഐവറി കോസ്റ്റ് 7.3 ഓവറിൽ ഓൾ ഔട്ടായി.
മിമി അലക്‌സ്, വിക്കറ്റ് കീപ്പർ മെയ്ഗ ഇബ്രാഹിം, ജെ ക്ലൗഡെ എന്നിവർ മാത്രമാണ് ഐവറി കോസ്റ്റിനായി ഒരു റണ്ണെങ്കിലും നേടിയത്. ആറ് ബാറ്റർമാർ പൂജ്യരായി മടങ്ങി. ലാഡ്ജി സെചെയ്ൽ പുറത്താകാതെ നിന്നു.
നൈജീരീയ 264 റൺസിന്റെ വമ്പൻ ജയം നേടിയെങ്കിലും ടി20 ക്രിക്കറ്റിൽ റൺസടിസ്ഥാനത്തിലുള്ള ഏറ്റവും വലിയ വിജയം ഇപ്പോഴും ഗാംബിയക്കെതിരെ സിംബാബ്‌വെ നേടിയ 290 റൺസ് ജയം തന്നെയാണ്. 2026ലെ ടി20 ലോകകപ്പിനായുള്ള മേഖലാ യോഗ്യതാ മത്സരങ്ങളാണ് ഇപ്പോൾ പുരോഗമിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്