ശ്രീലങ്കയ്‌ക്കെതിരെ ലോർഡ്‌സ് ടെസ്റ്റിൽ ജോ റൂട്ടിന് (143) പിന്നാലെ ഗുസ് അറ്റ്കിൻസണും (118) സെഞ്ചുറി. ഇരുവരുടേയും സെഞ്ചുറി കരുത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്്‌സിൽ 427 റൺസ് നേടി. ശ്രീലങ്കയ്ക്ക് വേണ്ടി അശിത ഫെർണാണ്ടോ അഞ്ച് വിക്കറ്റ് വീഴ്ത്തി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 1 -0ത്തിന് മുന്നിലാണ്.
മറുപടിയിൽ ഒന്നാം ഇന്നിംഗ്‌സിൽ ശ്രീലങ്ക 196 റൺസിന് എല്ലാവരും പുറത്തായി. ശ്രീലങ്കയ്ക്കുവേണ്ടി നിഷാൻ മധുഷക 7, കരുണരത്‌ന 7, നിസങ്ക 12, ആഞ്ചലോ മാത്യൂസ് 22, ചന്ദിമേൽ 23, ക്യാപ്ടൻ ധഞ്ജയ ഡിസിൽവ 0, കുമിന്ദു മെൻഡിസ് 74, മിലൻ രത്‌നായക 19, പ്രഭത് ജയസൂര്യ 8, ലഹിരു കുമാരെ 0 എന്നിവരാണ് പുറത്തായത്. ഇംഗ്ലണ്ടിനു വേണ്ടി ക്രിസ് വോക്‌സ്, അറ്റ്കിൻസൺ, ഒല്ലി സ്‌റ്റോൺ, മാത്യു പോട്ട്‌സ് 2 വിക്കറ്റുകൾ വീതവും, ഷോയിബ് ബഷീർ ഒരു വിക്കറ്റും നേടി. ഇംഗ്ലണ്ടിന് 237 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡുണ്ട്.
ഫോളോ ചെയ്യിക്കാതെ രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇംഗ്ലണ്ട് രണ്ടാം ദിവസം കളി നിർത്തുമ്പോൾ ഒരുവിക്കറ്റിന് നഷ്ടത്തിൽ 25 റൺസ് എടുത്തിട്ടുണ്ട്.
അറ്റ്കിൻസൺ സെഞ്ചുറി നേടിയതോടെ ചില റെക്കോർഡുകളും അദ്ദേഹത്തെ തേടിയെത്തി. ലോർഡ്‌സിൽ എട്ടാം നമ്പറിലോ അതിന് ശേഷമോ ബാറ്റിംഗിനെത്തിയിട്ട് സെഞ്ചുറി നേടുന്ന ആറാമത്തെ താരമായിരിക്കുകയാണ് അറ്റ്കിൻസൺ. ഇക്കാര്യത്തിൽ മുൻ ഇംഗ്ലണ്ട് താരം ഗബ്ബി അലനാണ് (122) ആദ്യ സെഞ്ചുറി സ്വന്തമാക്കുന്നത്.
1931ൽ ന്യൂസിലൻഡിനെതിരെ ആയിരുന്നു നേട്ടം. പിന്നീട് 1969ൽ ഇംഗ്ലണ്ടിന്റെ തന്നെ റേ ഇല്ലിംഗ്‌വർത്ത് (113) വെസ്റ്റ് ഇൻഡീസിനെതിരേയും സെഞ്ചുറി സ്വന്തമാക്കി. നാല് വർഷങ്ങൾക്ക് ശേഷം, 1973ൽ വിൻഡീസിന്റെ ബെർണാർഡ് ജൂലിയൻ (121) ലോർഡ്‌സിൽ സെഞ്ചുറി നേടി. അടുത്തത് മുൻ ഇന്ത്യൻ താരം അജിത് അഗാർക്കറുടെ ഊഴമായിരുന്നു. 2002ൽ പുറത്താവാതെ 109 റൺസാണ് അഗാർക്കർ അടിച്ചെടുത്തത്. തുടർന്ന് സ്റ്റുവർട്ട് ബ്രോഡും നേട്ടം സ്വന്തമാക്കി. 2010ൽ പാകിസ്ഥാനെതിരെ 169 റൺസാണ് മുൻ ഇംഗ്ലീഷ് പേസർ നേടിയത്. ഇപ്പോഴിതാ അറ്റ്കിൻസണും.
നേരത്തെ ലോർഡ്‌സിൽ പത്ത് വിക്കറ്റ് നേട്ടം സ്വന്തമാക്കാനും അറ്റ്കിൻസണ് സാധിച്ചിരുന്നു. ലോർഡ്‌സിൽ സെഞ്ചുറിയും പത്ത് വിക്കറ്റും സ്വന്തമാക്കുന്ന അപൂർവം ചില താരങ്ങളിൽ ഒരാളാണ് അറ്റ്കിൻസൺ. ഗബ്ബി അലൻ (ഇംഗ്ലണ്ട്), കീത് മില്ലർ (ഓസ്‌ട്രേലിയ), ഇയാൻ ബോതം (ഇംഗ്ലണ്ട്), ബ്രോഡ്, ക്രിസ് വോക്‌സ് (ഇംഗ്ലണ്ട്) എന്നിവരാണ് മറ്റുതാരങ്ങൾ. ബോതവും അറ്റ്കിൻസണും മാത്രമാണ് ഒരു സീസണിൽ തന്നെ ഇവ രണ്ടും നേടിയത്. ശ്രീലങ്കയ്‌ക്കെതിരെ 115 പന്തിലാണ് അറ്റ്കിൻസൺ 118 റൺസ് നേടിയത്. ഇതിൽ നാല് സിക്‌സും 14 ഫോറും ഉൾപ്പെടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്