ഓസ്‌ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൽ എട്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ മുന്നിൽ നിന്ന് നയിച്ച ക്യാപ്ടൻ ജസ്പ്രീത് ബുംമ്രയാണ് കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. ആദ്യ ഇന്നിംഗ്‌സിൽ അഞ്ചും രണ്ടാം ഇന്നിംഗ്‌സിൽ മൂന്നും വിക്കറ്റെടുത്താണ് ബുംമ്ര മാൻ ഓഫ് ദ് മാച്ചായത്. എന്നാൽ താനാണ് മാൻ ഓഫ് ദ് മാച്ച് തെരഞ്ഞെടുത്തിരുന്നതെങ്കിൽ അത് മറ്റൊരു താരത്തിന് നൽകുമായിരുന്നുവെന്ന് വിജയത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ ബുംമ്ര പറഞ്ഞു.
ഞാനാണ് മാൻ ഓഫ് ദ് മാച്ച് നൽകുന്നതെങ്കിൽ അത് ഓപ്പണർ യശസ്വി ജയ്‌സ്വാളിന് നൽകുമായിരുന്നു. കാരണം, അവന്റെ ടെസ്റ്റ് കരിയറിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ഇന്നിംഗ്‌സാണ് പെർത്തിൽ കളിച്ചതെന്നും ബുംമ്ര പറഞ്ഞു. പെർത്ത് ടെസ്റ്റിൽ രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ വിരാട് കോഹ്ലിയെയും ബുംമ്ര പ്രശംസിച്ചു. വിരാട് കോഹ്ലി ഒരിക്കലും ഫോം ഔട്ടാണെന്ന് കരുതിയിരുന്നില്ലെന്ന് ബുംമ്ര പറഞ്ഞു. നെറ്റ്‌സിൽ അദ്ദേഹം മനോഹരമായാണ് ബാറ്റ് ചെയ്യാറുള്ളത്. ഇന്ത്യൻ പിച്ചുകളിൽ ചിലപ്പോൾ മികവ് കാട്ടാനായിട്ടുണ്ടാവില്ല. എങ്കിലും വിരാട് കോഹ്ലിക്ക് ഞങ്ങളെയല്ല, ഞങ്ങൾക്കാണ് വിരാട് കോഹ്ലിയെ ആവശ്യമുള്ളതെന്നും ബുംമ്ര പറഞ്ഞു.
വിരാട് അസാമാന്യ കളിക്കാരനാണ്. അദ്ദേഹത്തിന്റെ ബാറ്റിംഗും പരിചയസമ്പത്തും കണക്കിലെടുക്കുമ്പോൾ ഇന്ത്യക്കാണ് കോഹ്ലിയെ വേണ്ടത്. ടീമിലെ ഏറ്റവും പ്രധാന കളിക്കാരനാണ് കോഹ്ലി. പെർത്ത് വിജയം വ്യക്തിപരമായും എനിക്കേറെ സ്‌പെഷ്യലാണ്. കാരണം, ഈ മത്സരം കാണാൻ എന്റെ മകനിവിടെയുണ്ട്. ചെറിയ കുട്ടിയാണെങ്കിലും അവൻ വലുതാവുമ്പോൾ എനിക്ക് ഒട്ടേറെ കഥകൾ പറഞ്ഞുകൊടുക്കാനുണ്ടാകും. ടി20 ലോകകപ്പിൽ കിരീടം നേടിയതും ക്യാപ്ടനായി പെർത്തിൽ നേടിയ ജയവുമെല്ലാം അതിലുണ്ടാകും.
അടുത്ത ടെസ്റ്റിൽ രോഹിത് ശർമ തിരിച്ചെത്തുമ്പോൾ ക്യാപ്ടൻ സ്ഥാനം കൈവിടേണ്ടി വരുന്നതിനെക്കുറിച്ചും ബുംമ്ര മനസുതുറന്നു. രോഹിതാണ് ഞങ്ങളുടെ ക്യാപ്ടൻ. നായകനെന്ന നിലയിൽ ഒട്ടേറെ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് അദ്ദേഹം. ഞാൻ ആദ്യ ടെസ്റ്റിനായി മാത്രം അദ്ദേഹത്തിന് പകരം വന്ന നായകനാണ്. പെർത്ത് ടെസ്റ്റിലെ വിജയത്തിൽ മതിമറക്കാനില്ലെന്നും അഡ്‌ലെയ്ഡിൽ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ടതുണ്ടെന്നും ബുംമ്ര പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്